Connect with us

National

ടട്ര ട്രക്ക് അഴിമതിക്ക് പിന്നില്‍ പി എം ഒ: വി കെ സിംഗ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ടട്ര ട്രക്ക് അഴിമതി, തന്റെ പ്രായവിവാദം എന്നിവകളിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴച്ച് മുന്‍ കരസേനാ മേധാവി വി കെ സിംഗിന്റെ പുസ്തകം. വിവാദങ്ങള്‍ക്ക് പിന്നില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ഈയടുത്ത് പുറത്തിറങ്ങുന്ന “കറേജ് ആന്‍ഡ് കണ്‍വിക്ഷന്‍സ്” എന്ന ആത്മകഥയിലാണ് വി കെ സിംഗിന്റെ ആരോപണമുള്ളത്. പ്രായവിവാദത്തില്‍ രണ്ടാം വാദം കേള്‍ക്കല്‍ സമയത്ത് സ്ഥാനം ഒഴിയണമെന്നായിരുന്നു മാധ്യമങ്ങളുടെ ആവശ്യം. എന്നാല്‍, അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ “നിങ്ങളുടെ ജോലി തുടര്‍ന്നോളൂ”വെന്നായിരുന്നു രാഷ്ട്രപതിയുടെ ഉപദേശം. അതേസമയം, താന്‍ ആക്രമിക്കുന്നവരുടെ പേരുവിവരങ്ങള്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നില്ല. ടട്ര ട്രക്ക് ഇടപാടിന് വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ മുറവിളി കൂട്ടുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് ബി ഇ എം എല്‍ സമുച്ചയത്തില്‍ സ്ഥലവും നല്‍കിയിരുന്നു. പ്രായവിവാദത്തിന് പിന്നിലും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ്. ടട്ര ഫയല്‍ പിടിച്ചുവെച്ചതിന് ശേഷം ഇടക്കിടെ ഇയാളുടെ പേര് ഉയരുമായിരുന്നു. പൊതു മേഖലാ സ്ഥാപനങ്ങളില്‍ ഇയാള്‍ നിരന്തരം ഇടപെട്ടുവെന്ന് മാത്രമല്ല, സര്‍ക്കാറിന്റെ അത്തരം എല്ലാ നീക്കങ്ങളും ഉണ്ടായത് ഇത്തരം ഇരുളടഞ്ഞ കേന്ദ്രങ്ങളില്‍ നിന്നാണ്. പ്രധാന രാഷ്ട്രീയ നേതാവിന്റെ ഭാര്യയുടെ നിര്‍ദേശ പ്രകാരം മുന്‍ കരസേനാ മേധാവികളിലൊരാളും പ്രായവിവാദത്തിന് പിന്നിലുണ്ട്.
ടട്ര ട്രക്ക് ഇടപാടിന്റെ കാര്യത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കരുതെന്ന് പലരും ഉപദേശിച്ചിരുന്നു. ബി ഇ എം എല്‍ ഹൗസിംഗ് സൊസൈറ്റിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ ബന്ധുക്കള്‍ക്കും ആസൂത്രണ കമ്മീഷനിലെ ഉദ്യോഗസ്ഥന്റെ മകനും മുറികള്‍ അനുവദിച്ചതില്‍ മുറുമുറുപ്പുണ്ടായിരുന്നു. ഇവര്‍ ഒരു വര്‍ഷത്തിലേറെയാണ് അവിടെ താമസിച്ചത്. സാമാന്യ യുക്തിക്ക് നിരക്കാത്ത രീതിയിലാണ് ബി ഇ എം എല്‍ അടക്കമുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം. സാധാരണ വ്യാപാര മാനദണ്ഡങ്ങളുമായി പോകുകയാണെങ്കില്‍ അവയെ ഒരിക്കലും ലാഭത്തിലാക്കാന്‍ സാധിക്കില്ല. വി കെ സിംഗ് പുസ്തകത്തില്‍ പറയുന്നു.

Latest