Connect with us

Kerala

സലീംരാജിനെ വിജിലന്‍സ് ചോദ്യം ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ വിജിലന്‍സ് ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയായായിരുന്നു ചോദ്യം ചെയ്യല്‍. വ്യാജ തണ്ടപ്പേരുണ്ടാക്കി ഭൂമി തട്ടിയെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതിയാണ് കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. കടകംപള്ളി ഭൂമി ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയതായി വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പത്ത് ദിവസത്തിനകം ഇതുസംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് ചോദ്യം ചെയ്യല്‍. വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റ് അന്വേഷിക്കുന്ന കേസില്‍ നിലവില്‍ സലീംരാജ് പ്രതിയല്ല. ഡിവൈ എസ് പി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറിലേറെ നീണ്ടു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന മൊഴിയാണ് സലീംരാജ് നല്‍കിയത്. ഔദ്യോഗിക സ്വാധീനം ഉപയോഗിച്ച് തണ്ടപ്പേര് തിരുത്താനോ ഭൂമി തട്ടിയെടുക്കാനോ ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞ സലീംരാജ് ഇതിനായി കടകംപള്ളി വില്ലേജ് ഓഫീസില്‍ പോയിട്ടില്ലെന്നും മൊഴി നല്‍കി.
തിരുവനന്തപുരം കടകംപള്ളി വില്ലേജില്‍ 19 സര്‍വേ നമ്പരുകളിലുള്ള 200 കോടിയിലധികം വിലമതിക്കുന്ന 44.5 ഏക്കര്‍ ഭൂമി, ഭൂമി തട്ടിച്ചെടുക്കാനായി കടകംപള്ളി വില്ലേജ് ഓഫിസില്‍ വ്യാജ തണ്ടപ്പേരുണ്ടാക്കിയതായും ഒന്നര ഏക്കര്‍ സ്ഥലത്തിന് ഇരട്ടപ്പട്ടയം നല്‍കി പോക്കുവരവ് നടത്തിയതായും നേരത്തേ വിജിലന്‍സ് കണ്ടെത്തിയിരുന്നു. സലിംരാജ് ഉള്‍പ്പെട്ട കളമശേരിയിലെ ഭൂമി ഇടപാടിനെക്കുറിച്ചും വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ കേസിലും സലിംരാജില്‍ നിന്ന് വിജിലന്‍സ് മൊഴി ശേഖരിക്കും. ഇതിനിടെ കളമശ്ശേരി കേസുമായി ബന്ധപ്പെട്ട നൗഷാദ്, നാസര്‍ എന്നിവര്‍ ഇന്നലെ തിരുവനന്തപുരത്തെത്തി റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മൊഴി നല്‍കി.