Connect with us

Ongoing News

മുഖ്യമന്ത്രിക്ക് ഇസഡ് സുരക്ഷയൊരുക്കും

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലീസ് ഉന്നതതല യോഗത്തില്‍ തീരുമാനം. കണ്ണൂരില്‍ എല്‍ ഡി എഫ് ഉപരോധ സമരത്തിനിടെ മുഖ്യമന്ത്രിക്ക് കല്ലേറില്‍ പരുക്കേറ്റ സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്. ഏതു തരത്തിലുള്ള സുരക്ഷയാണ് ഒരുക്കുന്നതെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം തേടുമെന്ന് യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

ബുള്ളറ്റ്പ്രൂഫ് വാഹനമുള്‍പ്പെടെ നല്‍കി ഇസഡ് കാറ്റഗറി സുരക്ഷയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇതിനോട് മുഖ്യമന്ത്രിയുടെ നിലപാട് എന്താകുമെന്നറിയില്ല. അദ്ദേഹവുമായി അടുത്ത ദിവസം തന്നെ ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച നടത്തും.
ഇസഡ് കാറ്റഗറി സുരക്ഷ നല്‍കുകയാണെങ്കില്‍ ഈ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്ന ആദ്യ കേരള ഭരണാധികാരിയാകും ഉമ്മന്‍ ചാണ്ടി. പൊതുവില്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി ഇതിനോട് എപ്രകാരം പ്രതികരിക്കുമെന്ന ആശങ്കയിലാണ് ആഭ്യന്തര വകുപ്പ്. അതേസമയം, മുഖ്യമന്ത്രിക്ക് ഇസഡ് കാറ്റഗറി സുരക്ഷ അനുവദിക്കണമെന്ന പോലീസിന്റെ റിപ്പോര്‍ട്ട് ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം ആഭ്യന്തര വകുപ്പിന് കൈമാറി.
ഇസഡ് കാറ്റഗറി സുരക്ഷ അനുവദിക്കുന്നതിനു മുമ്പ് ആഭ്യന്തര സെക്രട്ടറിയും ഡി ജി പി, ഇന്റലിജന്‍സ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് ഇതേക്കുറിച്ച് പരിശോധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറും. ഈ റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി അധ്യക്ഷത വഹിക്കുന്ന മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കേണ്ടത്. നിലവില്‍ സംസ്ഥാനത്ത് ആര്‍ക്കും ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടായേക്കും.

Latest