Connect with us

Articles

ഭൂമിയില്‍ പേരില്ലാത്തവരുടെ കടല്‍മരണങ്ങള്‍

Published

|

Last Updated

കേരളക്കടലില്‍ നടന്ന കടല്‍ക്കൊലയെക്കുറിച്ച് പത്രങ്ങളില്‍ നൂറുകണക്കിന് കോളങ്ങളും ചാനലുകളില്‍ എത്രയോ മണിക്കൂറുകളും നാം ചെലവഴിച്ചുകഴിഞ്ഞു. കാര്യങ്ങളെവിടെയുമെത്തിയിട്ടില്ല. എന്നാല്‍, നമ്മുടെ ചിന്താവിഷയമോ ആകുലതയോ ആകാത്ത ഒരു/പല കൂട്ടക്കൊലപാതകത്തെ(ങ്ങളെ)ക്കുറിച്ചാണ് ഈ കുറിപ്പ്. 2013 ഒക്‌ടോബര്‍ മൂന്നിന് ഇറ്റാലിയന്‍ ദ്വീപായ ലംബെഡൂസക്കു സമീപം നടന്ന ബോട്ടപകടത്തില്‍ ഔദ്യോഗിക കണക്കനുസരിച്ച് 359 പേരാണ് കൊല്ലപ്പെട്ടത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ 155 പേര്‍ രക്ഷപ്പെട്ടു എന്ന കണക്കായിരിക്കും ശരി. കാരണം, കണക്കനുസരിച്ച് മരിച്ചവരും കണക്കില്‍ പെടാതെ കാണാതെ പോയവരുമെല്ലാം അനധികൃത കുടിയേറ്റക്കാരായിരുന്നു. ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാന്‍ വേണ്ടിയാണ് പ്രാകൃതമായ സൗകര്യങ്ങള്‍ മാത്രമുള്ള ബോട്ടില്‍ ഇവര്‍ മധ്യധരണ്യാഴിയിലൂടെ സാഹസികമായി സഞ്ചരിച്ചിരുന്നത്. ലിബിയയിലെ മിസ്‌റാത്തയില്‍ നിന്നാണ് ബോട്ട് പുറപ്പെട്ടിരുന്നതെങ്കിലും എറിട്രിയ, സോമാലിയ, ഘാന എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു അഭയാര്‍ഥികള്‍ എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. വീണ്ടും ഒക്‌ടോബര്‍ 11ന് ലംബെഡൂസക്ക് 120 കിലോമീറ്ററകലെ മാള്‍ട്ടയില്‍ മറ്റൊരു ബോട്ടപകടം നടന്നു. അതില്‍ 34 പേരെങ്കിലും മരിച്ചിട്ടുണ്ടാകും എന്നാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്. അഞ്ഞൂറോളം ദരിദ്രരായ അഭയാര്‍ഥികളാണ് 20 മീറ്റര്‍ മാത്രം നീളമുള്ള മീന്‍ പിടിത്ത ബോട്ടില്‍ കടല്‍ കടക്കാന്‍ ശ്രമിച്ചത്.
ഇപ്രകാരമുള്ള സാഹസിക യാത്രകളിലൂടെ പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ യൂറോപ്പിലെ വിവിധ വികസിത രാഷ്ട്രങ്ങളില്‍ ദിനം തോറും എത്തിക്കൊണ്ടേയിരിക്കുകയാണ്. എത്തുന്നതില്‍ പകുതി എത്താതിരിക്കുകയും ചെയ്യുന്നു. അവരുടെ കണക്കുകള്‍ എവിടെയും ലഭ്യമല്ല. എന്താണ് കാരണം? കോര്‍പ്പറേറ്റ്, സാമ്രാജ്യത്വ താത്പര്യങ്ങള്‍ക്കായി നടപ്പിലാക്കിക്കൊണ്ടേയിരിക്കുന്ന ആഗോളവത്കരണ നടപടികളെ തുടര്‍ന്ന് ദേശീയ വ്യവസായ നയങ്ങള്‍, ദേശീയ ഊര്‍ജ നയങ്ങള്‍, ദേശീയ ഗവേഷണ നയങ്ങള്‍, ദേശീയ സാമ്പത്തിക നയങ്ങള്‍, ദേശീയ നികുതി നിയമങ്ങള്‍ എന്നിവയെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പിന്നെ എന്തിനാണ് രാഷ്ട്രങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം സര്‍ക്കാറുകള്‍? അവര്‍ അവരവരുടെ അതിര്‍ത്തികളിലെ സംഘര്‍ഷങ്ങളെക്കുറിച്ച് നിരന്തരം തങ്ങളുടെ പൗരന്മാരെ ഉദ്‌ബോധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പ്രതിരോധ ബജറ്റുകള്‍ റോക്കറ്റ് വേഗത്തില്‍ വര്‍ധിപ്പിക്കുന്നു. അതിര്‍ത്തികളില്‍ സൈനിക സാന്നിധ്യവും ഇലക്‌ട്രോണിക്/കമ്പി വേലികളും മതിലുകളും സ്ഥാപിക്കുന്നു. കുഴി ബോംബുകള്‍, ടാങ്കറുകള്‍, പീരങ്കികള്‍, മിസൈലുകള്‍ എന്നുവേണ്ട ആയുധക്കൂമ്പാരങ്ങള്‍ വേറെയും. രാസായുധങ്ങളും ജൈവായുധങ്ങളും വേണ്ടത്ര. ആര്‍ക്കാണ് സുരക്ഷ? ആര്‍ക്കാണ് സമാധാനം? രാഷ്ട്രങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവയുടെ പരമാധികാരം പ്രസക്തമാണെന്നും തോന്നിപ്പിക്കുന്നത് സൈനിക നടപടികളിലൂടെ മാത്രമാണ്. അല്ലാത്ത എല്ലാം, ആഗോളമായിക്കഴിഞ്ഞിരിക്കുന്നു. ഈ അമിത സൈനികവത്കരണത്തിലൂടെ അഭയാര്‍ഥികളുടെ സഞ്ചാരം കൂടുതല്‍ ദുഷ്‌കരമായിത്തീരുകയും അവരെ കള്ളക്കടത്തുകാര്‍ കൂടുതല്‍ പിഴിയുകയും വീണ്ടും വീണ്ടും പറ്റിക്കുകയും അവരുടെ ദുരന്തങ്ങള്‍ വര്‍ധിക്കുകയും ചെയ്തിരിക്കുന്നു.
ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ വിശേഷിച്ച് തമിഴര്‍ ചെറിയ മീന്‍പിടുത്ത ബോട്ടുകളില്‍ ആസ്‌ത്രേലിയ വരെയും കടലിലൂടെ സാഹസികയാത്ര നടത്തിയാണ് കര പിടിക്കുന്നത്. ഇവരെ പിടികൂടാന്‍ ഇന്ത്യന്‍ നാവിക സേന മുതല്‍ക്കുള്ളവര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. അത്തരം ചില പിടിത്ത വാര്‍ത്തകള്‍ വായിച്ച് ഇടക്കിടെ നാം കോരിത്തരിക്കാറുമുണ്ട്. ജോലികള്‍ ലഭ്യമാകുന്ന രാഷ്ട്രങ്ങളിലേക്ക് തൊഴിലില്ലായ്മയും ദാരിദ്ര്യവും യുദ്ധവും രൂക്ഷമായ രാഷ്ട്രങ്ങളില്‍ നിന്നാണ് ജനങ്ങള്‍ കുടിയേറുന്നത്. ഇത്തരക്കാര്‍ എത്തിപ്പെടുന്ന രാഷ്ട്രങ്ങളിലെ ശരാശരി കൂലിയേക്കാളും എത്രയോ കുറവ് കൂലിയാണ് വാങ്ങിക്കുന്നത്. അതിന്റെ ലാഭം വികസിത രാഷ്ട്രങ്ങള്‍ക്ക് ലഭ്യമാകുന്നു. അവരയക്കുന്ന പണത്തിലൂടെ കുറെ ഗുണം അവികസിത രാഷ്ട്രങ്ങള്‍ക്കും ലഭിക്കുന്നു. ഗള്‍ഫിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും കുടിയേറുന്ന കേരളീയരുടെ കാര്യം ആലോചിച്ചാല്‍ ഇക്കാര്യം പെട്ടെന്ന് ബോധ്യപ്പെടും. കുടിയേറ്റക്കാര്‍ ആരും യാചിക്കാന്‍ വരുന്നവരല്ല. മനുഷ്യക്ഷേമം എന്ന പ്രാഥമിക അജന്‍ഡ മാത്രമേ അവര്‍ക്കുള്ളൂ. അതിനവര്‍ക്ക് അവകാശവുമുണ്ട്. അവരവരുടെ രാഷ്ട്രത്തില്‍ അത് ലഭ്യമല്ലാതിരിക്കുന്നതിന് അവരല്ല കാരണക്കാര്‍, മറിച്ച് അസന്തുലിതമായ ആഗോള സാമ്പത്തിക/രാഷ്ട്രീയ നടപടികളാണ്. ഈ രാഷ്ട്രീയ അസന്തുലിതാവസ്ഥയുടെ ഇരകളായവരെ അതിര്‍ത്തി, സൈന്യം എന്നീ നിയമങ്ങള്‍ വീണ്ടും ഇരകളാക്കുകയും കൊന്നൊടുക്കുകയുമാണ് ചെയ്യുന്നത്. അത്തരമൊരു കൂറ്റന്‍ ദുരന്തമാണ് ലംബെഡൂസയില്‍ ഒക്‌ടോബറില്‍ നടന്നത്.
വികസിത രാജ്യങ്ങളിലെ തദ്ദേശവാസികള്‍ ചെയ്യാന്‍ മടിക്കുന്നതും ദുഷ്‌കരവും കൂലി താരതമ്യേന കുറഞ്ഞതുമായ ജോലികളാണ് അഭയാര്‍ഥികളും അന്യരുമായ പാവം തൊഴിലാളികള്‍ ചെയ്യുന്നത്. കഞ്ചിക്കോട്ടെ ഇരുമ്പുരുക്ക് നരകത്തില്‍ കേരളീയര്‍ പോയിട്ട് തമിഴ്‌നാട്ടുകാര്‍ പോലുമല്ല, ബീഹാറിലും ഒഡീഷയിലും ബംഗാളിലും നിന്നുള്ളവരാണ് ചൂടില്‍ ഉരുകിത്തീരുന്നത്. കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഒരേ ജോലി ചെയ്യുന്ന കേരളീയര്‍ക്കും മറ്റു സംസ്ഥാനക്കാര്‍ക്കും രണ്ട് തരം കൂലിയാണ് നല്‍കുന്നത്.
കേരളീയര്‍ക്കു കിട്ടുന്നതിന്റെ മൂന്നിലൊന്നു കൂലി മാത്രമാണ് “അന്യസംസ്ഥാനക്കാര്‍”ക്ക് നല്‍കുന്നത്. ഈ വിവേചനത്തിന്റെ ആത്യന്തിക ലാഭം, വികസന/നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സംസ്ഥാനത്തിനും രാഷ്ട്രത്തിനും തന്നെയാണ് ലഭ്യമാകുന്നത്. ഓരോ നഗരം കെട്ടിപ്പടുത്ത ശേഷവും, ഓരോ കെട്ടിടം കെട്ടിപ്പൊക്കിയ ശേഷവും, ഓരോ മെട്രോ പൂര്‍ത്തിയായ ശേഷവും, ഓരോ അണക്കെട്ട് നിറഞ്ഞതിനു ശേഷവും അതുണ്ടാക്കിയവര്‍ അവിടെ നിന്നും പുറന്തള്ളപ്പെടുന്നു. അടുത്ത നഗരം, അടുത്ത മെട്രോ, അടുത്ത കെട്ടിടം, അടുത്ത അണക്കെട്ട് കെട്ടാനായി എവിടേക്കോ യാത്രയാകുന്നു. ചിലപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുന്നു. ചിലപ്പോള്‍ അതിനിടയില്‍ മരിച്ചുവീഴുന്നു. എല്ലായ്‌പോഴും അവരെവിടത്തുകാരാണോ അവിടേക്ക് തിരിച്ചെത്തുന്നതേ ഇല്ല. അവരിലെ നിയമവിധേയരെയും നിയമവിരുദ്ധരെയും കണ്ടെത്തി കണക്കുണ്ടാക്കുകയും വാര്‍ത്തകളുണ്ടാക്കുകയും തടവിലിടുകയും പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്തു രസിക്കുന്നവരുടെ അതേ മനുഷ്യരക്തം തന്നെയാണ് അവരുടെ സിരകളിലൂടെയും ഓടുന്നത്. അത് പക്ഷേ, നാം അംഗീകരിക്കാന്‍ തയ്യാറല്ല. കാരണം, അവര്‍ക്ക് പൗരാവകാശമോ വോട്ടവകാശമോ സംഘടിക്കാനുള്ള അവകാശമോ ഒന്നുമില്ല. അവര്‍ അനിശ്ചിതത്വത്തില്‍ നിന്ന് അനിശ്ചിതത്വത്തിലേക്ക് പലായനം ചെയ്തു കൊണ്ടേ ഇരിക്കുന്നു. ഐക്യ രാഷ്ട്ര സഭ പ്രത്യേക റാപ്പോര്‍ട്ടര്‍ ഫ്രാങ്കോയിസ് ക്രെപ്പ്യൂ പറയുന്നതു പോലെ; സബ്‌സിഡികള്‍ പിന്‍വലിക്കപ്പെടുന്ന കാലത്ത്, വികസിത രാഷ്ട്ര നിര്‍മാണങ്ങള്‍ക്ക് ഈ പാവങ്ങളാണ് കുറഞ്ഞ കൂലി മേടിച്ച് തൃപ്തരാകുന്നതിലൂടെ വന്‍ സബ്‌സിഡി പ്രദാനം ചെയ്യുന്നത്. അതിന്റെ ലാഭം കുന്നുകൂടുകയും കോര്‍പ്പറേറ്റുകള്‍ കൊഴുത്തു തടിക്കുകയും അവരുടെ മര്‍ദനാധികാരം കൂടുതല്‍ വര്‍ധിക്കുകയും ചെയ്യുന്നു.
പുതിയ മാര്‍പ്പാപ്പ ഫ്രാന്‍സിസ്, ലംബെഡൂസയില്‍ മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. സ്ഥാനാരോഹണത്തിനു ശേഷം റോമിനു പുറത്തേക്ക് അദ്ദേഹം നടത്തിയ ആദ്യ യാത്ര ലംബെഡൂസയിലേക്കായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ അവിടെയെത്തിയ അദ്ദേഹം അഭയാര്‍ഥികളോട് സംസാരിക്കുകയും അവര്‍ നേരിടുന്ന ആഗോള വിവേചനത്തെക്കുറിച്ച് ഉത്കണ്ഠപ്പെടുകയുമുണ്ടായി. അപമാനം, അപമാനം എന്നാണ് പാപ്പ പിന്നീട് വത്തിക്കാനില്‍ നടന്ന ഒരു യോഗത്തില്‍ ഈ ദുരന്തത്തെ വിശേഷിപ്പിച്ചത്.
ലംബെഡൂസയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍, കടലില്‍ രേഖകളില്ലാതെ മരിച്ചു പോയ അനേകര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വേണ്ടി ഒരു പുഷ്പഹാരം അദ്ദേഹം കടലിലേക്ക് എറിയുകയുണ്ടായി. നവീന രാഷ്ട്രീയാധികാരങ്ങളുടെയും പടുകൂറ്റന്‍ നിയമസംഹിതകളുടെയും ശവകുടീരവും തെമ്മാടിക്കുഴിയുമായി മധ്യാധരണ്യാഴി മാറി എന്നതാണ് യാഥാര്‍ഥ്യം. പോപ്പ് ഫ്രാന്‍സിസ് ഒരു അഭയാര്‍ഥി കുടുംബത്തില്‍ പിറന്നയാളാണ്. ഇറ്റലിയില്‍ നിന്ന് അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു അവര്‍. അഭയാര്‍ഥികള്‍ക്കും അന്യര്‍ക്കും എതിരെ വംശീയമായ വികാരവിജൃംഭണങ്ങളും വിവേചനങ്ങളും നിയമക്കുരുക്കുകളും കൂട്ടക്കൊലകളും സൃഷ്ടിക്കുന്നവര്‍ ഈ സമുന്നത പ്രതിനിധിയുടെ വാക്കുകളെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍!

 

 

 

Latest