Connect with us

Gulf

യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദുബൈ: ജബല്‍ അലിക്കു സമീപം ദുബൈ വേള്‍ഡ് സെന്‍ട്രലിലെ മക്തൂം രാജ്യാന്തര വിമാനത്താവളം യാത്രാ വിമാനങ്ങള്‍ക്കായി തുറന്നു കൊടുത്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ബുഡാപെസ്റ്റില്‍ നിന്ന് വിസ് എയര്‍ വിമാനം ഇന്നലെ രാവിലെ പറന്നിറങ്ങി. വിമാനത്തെ ജലവര്‍ഷം കൊണ്ടാണ് സ്വീകരിച്ചത്. ഈ വിമാനം ഉച്ചക്ക് 12.30ന് ബുഡാപെസ്റ്റിലേക്ക് തിരിക്കുകയും ചെയ്തു.
രാവിലെ ശിലാഫലകം അനാവരണം ചെയ്താണ് ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തത്. ദുബൈ വ്യോമയാന പ്രസിഡന്റും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ദുബൈ എയര്‍പോര്‍ട്ട്‌സ് സി ഇ ഒ പോള്‍ ഗ്രിഫ്ത്‌സ് തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.
ഒക്ടോ. 31ന് ജസീറ എയര്‍വേസ് കുവൈത്ത് സര്‍വീസ് തുടങ്ങും. ഡിസം. എട്ടിന് ഗള്‍ഫ് എയര്‍ മനാമ സര്‍വീസിന് പദ്ധതിയിട്ടിട്ടുണ്ട്. 3,200 കോടി ഡോളര്‍ ചെലവ് ചെയ്ത് ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എന്ന സ്വതന്ത്ര വാണിജ്യ മേഖല തുടങ്ങുന്നതിന്റെ ഭാഗമാണ് മക്തൂം വിമാനത്താവളം. 2020 ഓടെ പദ്ധതി പൂര്‍ണ സജ്ജമാകും. അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനു സമീപം 438 ഹെക്ടര്‍ സ്ഥലം വേള്‍ഡ് എക്‌സ്‌പോക്കു വേണ്ടി ദുബൈ സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്.
ഇത്തിഹാദ് റെയില്‍പാത കടന്നുപോകുന്നതും ഈ വിമാനത്താവളത്തിന് സമീപത്തു കൂടിയായിരിക്കും. ഇതോടെ ഈ ഭാഗത്ത് വന്‍ വികസനമാണ് സംഭവിക്കുക. രാജ്യാന്തര വിമാനത്താവളം ഉള്‍ക്കൊള്ളുന്ന ദുബൈ വേള്‍ഡ് സെന്‍ട്രലില്‍ നിരവധി രാജ്യാന്തര കമ്പനികള്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജബല്‍ അലി തുറമുഖത്തിന്റെ സാമീപ്യവും വിമാനത്താവളവും കമ്പനികള്‍ക്ക് കയറ്റിറക്കുമതിക്ക് സൗകര്യമാവും.
ഹംഗറി, ഉക്രൈന്‍, ബള്‍ഗേറിയ, റൊമേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും തിരിച്ചും നിരക്ക് കുറഞ്ഞ വിമാനയാത്ര ഇവിടെ നിന്നുണ്ടാകും. കാര്‍ഗോ സര്‍വീസ് 2010ല്‍ തുടങ്ങിയിരുന്നു. യാത്രാ വിമാനങ്ങളുടെ സേവനം ഘട്ടംഘട്ടമായി വര്‍ധിക്കും. 2020 ഓടെ പൂര്‍ണ സജ്ജമാകും. നാല് ടെര്‍മിനലുകളാണ് ഉണ്ടാവുക. ഒരു ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ പ്രതിവര്‍ഷം അഞ്ച് ലക്ഷം പേരെ ഉള്‍ക്കൊള്ളും.
ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എന്ന പേരില്‍ ലോകത്തിലെ വലിയ സ്വതന്ത്ര വ്യാപാര മേഖല പണിയുന്നതിന്റെ ഭാഗമാണ് മക്്തൂം രാജ്യാന്തര വിമാനത്താവളം. ജബല്‍ അലി, അറേബ്യന്‍ റാഞ്ചസ്, മീഡിയാ സിറ്റി തുടങ്ങിയ കേന്ദ്രങ്ങള്‍ക്കു സമീപവുമാണിത്.

---- facebook comment plugin here -----

Latest