Connect with us

Wayanad

ഡി സി സി പുനഃസംഘടനയില്‍ മതിയായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നാലാം ഗ്രൂപ്പ് യോഗം ഇന്ന്

Published

|

Last Updated

കല്‍പറ്റ: വയനാട് ഡി.സി.സി ഭാരവാഹികളുടെ പുനസംഘടനയില്‍ മതിയായ പ്രതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന് ഇന്ന് വൈകീട്ട് ബത്തേരിയില്‍ നാലാംഗ്രൂപ്പ് യോഗം. സേവാദള്‍ ജില്ലാ ചെയര്‍മാന്‍ ആര്‍.പി.ശിവദാസിന്റെ വസതിയില്‍ വൈകീട്ട് ആറിന് ചേരുന്ന യോഗത്തില്‍ കെ.പി.സി.സി. വക്താവ് അജയ് തറയില്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി എന്നീ നാലാം ഗ്രൂപ്പ് നേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.
കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെയും മുഴുവന്‍ ഡി.സി.സി ഭാരവാഹികളുടെയും പുനസംഘടനയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ശനിയാഴ്ച എറണാകുളം ഗസ്റ്റ് ഹൗസില്‍ കേന്ദ്ര മന്ത്രി വയലാര്‍ രവിയുടെ സാന്നിധ്യത്തില്‍ നാലാം ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. കെ.പി.സി.സി എക്‌സിക്യുട്ടീവിലും ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹിത്വത്തിലും ആറിലൊന്ന് ഭാഗം ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സമ്മര്‍ദം ചെലുത്താനായിരുന്നു യോഗം തീരുമാനം.
ഇക്കാര്യത്തില്‍ എ ഗ്രൂപ്പ് നേതാവ് ഉമ്മന്‍ചാണ്ടി, ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ച് ധാരണയിലെത്തുന്നതിന് അജയ് തറയിലിനെയും ഭാരതീപുരം ശശിയെയും വയലാര്‍ രവി ചുമതലപ്പെടുത്തുകയുമുണ്ടായി. എല്ലാ ജില്ലകളിലും ഗ്രൂപ്പ് യോഗം ചേരാനും എറണാകുളം മീറ്റിംഗില്‍ തീരുമാനമായിരുന്നു. ഭാരവാഹിത്വത്തിന്റെ വീതംവെയ്പ്പുമായി ബന്ധപ്പെട്ട് നാലാം ഗ്രൂപ്പിന്റെ നിര്‍ദേശങ്ങള്‍ എ, ഐ ഗ്രൂപ്പുകള്‍ അംഗീകരിക്കാതെവന്നാല്‍ അക്കാര്യം എ.ഐ.സി.സി. പ്രസിഡന്റ് സോണിയ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണുമെന്ന് വയലാര്‍ രവി യോഗത്തില്‍ വ്യക്തമാക്കുകയുമുണ്ടായി.
നാല് വൈസ് പ്രസിഡന്റുമാരും 25 സെക്രട്ടറിമാരും ട്രഷററും ഉണ്ടാകുന്ന വിധത്തിലാണ് ഡി.സി.സി ഭാരവാഹികളുടെ പുനസംഘടന കെ.പി.സി.സി നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഓരോ ഡി.സി.സിയിലും ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ രണ്ടെണ്ണമെങ്കിലും വരുതിയിലാക്കണെന്ന തീരുമാനത്തിലാണ് നാലാം ഗ്രൂപ്പ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളില്‍ അഞ്ച് പേര്‍ നാലം ഗ്രൂപ്പുകാരാണ്. ഇത് ജില്ലകളില്‍ ഗ്രൂപ്പിനുള്ള സ്വാധിനത്തിനു തെളിവായി എറണാകുളം യോഗം വിലയിരുത്തുകയുമുണ്ടായി.
ഡി.സി.സി ഭാരവാഹികളുടെ പുനസംഘടന ഏറ്റവും ഒടുവില്‍ നടന്നത് 10 വര്‍ഷം മുന്‍പാണ്. അപ്പോള്‍ ഭാരവാഹികളായവരില്‍ മരണപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ ഇപ്പോഴും തുടരുകയാണ്. നിലവിലെ ഭാരവാഹികളെ മുഴുവന്‍ മാറ്റി പുതുമുഖങ്ങള്‍ക്കും യുവജനങ്ങള്‍ക്കും അവസരം നല്‍കണമെന്ന വാദവും പുനസംഘടനാ ചര്‍ച്ചകളില്‍ ശക്തമായി ഉന്നയിക്കാനാണ് നാലാം ഗ്രൂപ്പിന്റെ നീക്കം.