Connect with us

National

ലോകത്തെ സത്യസന്ധ നഗരങ്ങളില്‍ മുംബൈ രണ്ടാമത്

Published

|

Last Updated

ലണ്ടന്‍: ഇന്ത്യ പലപ്പോഴും അഴിമതിയുടെയും കുംഭകോണങ്ങളുടെയും പേരിലാണ് ആഗോള സര്‍വേകളില്‍ മുന്നിലെത്താറുള്ളത്. ഇതിന് അപവാദമാകുകയാണ് “സത്യസന്ധമായ” നഗരങ്ങളുടെ പട്ടിക. ഈ പട്ടികയില്‍ മുംബൈയാണ് രണ്ടാം സ്ഥാനത്തുള്ളത്. വളരെ ലളിതമായ പരീക്ഷണത്തിലൂടെയാണ് നഗരങ്ങളുടെ സത്യസന്ധത അളക്കുന്നത്. പണമടങ്ങിയ ചെറിയ തുകല്‍ ബാഗ് ഉടമസ്ഥന്റെ പേരും മേല്‍വിലാസവും എഴുതി റോഡില്‍ ഉപേക്ഷിക്കും. എത്രയിടത്ത് ഇത് ഉടമസ്ഥന് തിരിച്ച് എത്തിച്ച് കൊടുത്തു എന്ന് നോക്കിയാണ് സത്യസന്ധതയുടെ ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്. മുംബൈക്കാര്‍ പരീക്ഷണം ജയിച്ചു. അതും ലോകത്ത് രണ്ടാം റാങ്കോടെ.
3000 രൂപയടങ്ങിയ 12 ബേഗാണ് നഗരത്തിന്റെ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചിരുന്നത്. ഇതില്‍ ഒന്‍പതും മുംബൈക്കാര്‍ തിരിച്ചേല്‍പ്പിച്ചു. നാല് ഉപഭൂഖണ്ഡങ്ങളിലായി 16 പട്ടണങ്ങളിലാണ് സത്യസന്ധതാ പരീക്ഷണം നടത്തിയത്. ഇതിനായി 192 ബേഗുകള്‍ ഉപയോഗിച്ചു. ഷോപ്പിംഗ് മാളുകള്‍, നടവഴികള്‍, പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് ബേഗുകള്‍ വെച്ചത്. ഓരോന്നിലും ഫോണ്‍ നമ്പറുകളും വിസിറ്റിംഗ് കാര്‍ഡുകളും വെച്ചിരുന്നു. ഇന്ത്യക്ക് പുറത്ത് ബേഗുകളില്‍ 50 ഡോളറോ തത്തുല്യമായ പ്രാദേശിക കറന്‍സിയോ ആണ് നിക്ഷേപിച്ചിരുന്നത്. 16 പട്ടണങ്ങളിലുമായി 47 ശതമാനം ബേഗുകളും വിലാസത്തിലോ ഫോണിലോ ബന്ധപ്പെട്ട് തിരിച്ചേല്‍പ്പിക്കപ്പെട്ടു. ഫിന്നിഷ് നഗരമായ ഹെല്‍സിങ്കിയാണ് ഒന്നാം സ്ഥാനത്ത്. ഇവിടെ ഉപേക്ഷിച്ച 12 ബേഗുകളില്‍ 11 ഉം കിട്ടിയവര്‍ വിലാസക്കാരന് തിരിച്ച് നല്‍കി.
പൊതുവേ സത്യസന്ധമെന്ന് കേളികേട്ട നഗരങ്ങള്‍ ഈ പരീക്ഷണത്തില്‍ പിറകിലായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം. ഉദാഹരണത്തിന് സൂറിച്ചില്‍ 12 ബേഗുകളില്‍ നാലെണ്ണം മാത്രമാണ് തിരിച്ചേല്‍പ്പിച്ചത്. ലണ്ടന്റെ കാര്യത്തില്‍ 12ല്‍ ഏഴും കിട്ടയവര്‍ പോക്കറ്റിലാക്കി. വാര്‍സോയില്‍ അഞ്ചും ബര്‍ലിനില്‍ ആറും സഞ്ചികളാണ് തിരിച്ചേല്‍പ്പിച്ചത്. പ്രേഗില്‍ 12ല്‍ നാലെണ്ണം തിരിച്ചേല്‍പ്പിച്ചപ്പോള്‍ മാഡ്രിഡില്‍ അത് വെറും രണ്ട് മാത്രമാണ്. ബുഡാപെസ്റ്റിലും ന്യൂയോര്‍ക്കിലും ഇത് എട്ടാണ്.
ലിസ്ബണും പോര്‍ച്ചുഗലുമാണ് ഈ പരീക്ഷണത്തില്‍ ഏറ്റവും പിറകിലായത്. ഇവിടെ ഒരു സഞ്ചി മാത്രമാണ് തിരിച്ചേല്‍പ്പിക്കപ്പെട്ടത്.

Latest