Connect with us

Articles

ഇന്ദിര ആവാസ് യോജന അട്ടിമറിച്ചത് ആര്?

Published

|

Last Updated

ദരിദ്ര ന്യൂനപക്ഷങ്ങള്‍ക്കുള്ള കേന്ദ്രാവിഷ്‌കൃത ഭവന നിര്‍മാണ പദ്ധതി കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയും മുസ്‌ലിം ലീഗും നേതൃത്വം നല്‍കുന്ന ഭരണകൂടവും സവര്‍ണ ഉദ്യോഗസ്ഥമേധാവിത്വവും ചേര്‍ന്ന് സമര്‍ഥമായി അട്ടിമറിച്ചു. ഇന്ദിര ആവാസ് യോജന (ഐ എ വൈ) എന്ന പേരില്‍ കാല്‍ നൂറ്റാണ്ടായി രാജ്യത്ത് നടപ്പാക്കിവരുന്ന പദ്ധതിയാണ് ഒരു കാരണവും ബോധിപ്പിക്കാതെ സംസ്ഥാന ഭരണകൂടം അട്ടിമറിച്ചത്.
ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും മുസ്‌ലിംകള്‍ പട്ടികജാതി-പട്ടികവര്‍ഗവിഭാഗങ്ങളേക്കാള്‍ പിന്നാക്കാവസ്ഥയിലാണെന്ന ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലിന്റെ കൂടി വെളിച്ചത്തില്‍, മുസ്‌ലിം ന്യൂനപക്ഷത്തിലെ അതിദരിദ്രരായ ഭവനരഹിതരെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായ ഈ പദ്ധതി അവര്‍ക്ക് ഏറെ ഗുണകരമാകുംവിധം പുനഃക്രമീകരിച്ച ശേഷമാണ് കേന്ദ്രം ഇത് നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ ചുമതലപ്പെടുത്തിയത്.
ഇക്കാലമത്രയുമുണ്ടായിരുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 60 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്ക് 15 ശതമാനവും വികലാംഗര്‍ക്ക് മൂന്ന് ശതമാനവും ബാക്കി പൊതുവിഭാഗത്തിനും എന്ന കേരളത്തിലെ തോത് സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതുക്കി നിശ്ചയിക്കുകയും പട്ടികജാതി, പട്ടികവര്‍ഗങ്ങള്‍ക്ക് 47 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്ക് 47 ശതമാനവും ബാക്കി ആറ് ശതമാനം പൊതുവിഭാഗത്തിനുമായി കേന്ദ്രം തന്നെ വീതിച്ചു നല്‍കുകയുമായിരുന്നു.

ഇവിടെ ന്യൂനപക്ഷങ്ങള്‍ എന്ന നിര്‍വചനത്തില്‍ മുസ്‌ലിംകള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. ക്രിസ്ത്യാനികള്‍, ബുദ്ധ മതക്കാര്‍, സിഖ്, പാര്‍സി വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനാല്‍ ഇതൊരു മുസ്‌ലിംപ്രീണന പദ്ധതിയാണെന്നു പറയാനാകില്ല. ഇതൊന്നും കണക്കിലെടുക്കാതെ രാജ്യത്തുടനീളം നടപ്പാക്കിവരുന്ന ഈ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചതായാണ് വിവരം. എന്നാല്‍ എന്തുകൊണ്ട് നടപ്പാക്കാന്‍ കഴിയില്ലെന്നു വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരോ സര്‍ക്കാറോ വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിയോ കൂട്ടാക്കുന്നില്ല.
ഇത്തരമൊരു നിലപാടെടുത്ത വകുപ്പുകളുടെ മുഴുവന്‍ ചുമതലയും വഹിക്കുന്നത് മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളിലെ ന്യൂനപക്ഷ സമുദായാംഗങ്ങളായ മന്ത്രിമാരാണെന്നതാണ് വൈരധ്യം. പദ്ധതി നടപ്പാക്കേണ്ട പഞ്ചായത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ലീഗിന്റെ പ്രതിനിധിയാണ്. ഈ പദ്ധതി തയ്യാറാക്കി നടത്തിപ്പു ചുമതല സംസ്ഥാനങ്ങളെ ഏല്‍പ്പിച്ച കേന്ദ്ര ഗ്രാമ മന്ത്രിയാകട്ടെ മതേതര പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് അംഗവും. ഇതേ വകുപ്പ് കേരളത്തില്‍ കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസ് മന്ത്രിയും ഒരു ന്യൂനപക്ഷ സമുദായാംഗമത്രേ. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് വേണ്ടി കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ രൂപവത്കരിച്ച വകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നതും മുസ്‌ലിം ലീഗ് മന്ത്രി തന്നെ.

കേരളത്തെപ്പോലെ മറ്റു സംസ്ഥാനങ്ങളിലൊന്നും ഇതുപോലെ വര്‍ഗീയ വിദ്വേഷ പ്രചോദിതമായി പദ്ധതി തിരിച്ചയച്ചതായി വിവരമില്ല; നരേന്ദ്ര മോഡി ഭരിക്കുന്ന ഗുജറാത്ത് പോലും. മുസ്‌ലിം ലീഗ് മന്ത്രിമാരെ വെറും “നാട്ടത്തറികളാക്കി” കേരളത്തില്‍ ഉദ്യോഗസ്ഥര്‍ ലീഗ് മന്ത്രിമാരുടെ വകുപ്പുകള്‍ ഭരിക്കാന്‍ തുടങ്ങിയ ആദ്യ സംഭവമൊന്നുമല്ല ഇത് എന്നാകും ലീഗ് മന്ത്രിമാര്‍ക്ക് പറയാനുണ്ടാകുക. അതുകൊണ്ട് പദ്ധതി തിരിച്ചയക്കരുതെന്ന് പറയാന്‍ ലീഗ് മന്ത്രിമാരുടെയോ പാര്‍ട്ടിയുടെയോ നാവ് പൊങ്ങിയില്ല.
മുസ്‌ലിം സമുദായം അനര്‍ഹമായി പലതും നേടുന്നുവെന്ന സംഘ്പരിവാര്‍ തുടക്കമിട്ട കുപ്രാചരണം കേരളത്തിലെ ചില കുത്തക മാധ്യമങ്ങള്‍ ഏറ്റുപിടിച്ചപ്പോള്‍ പോലും നിശ്ശബ്ദത പാലിച്ച ലീഗ് നേതൃത്വം ഈ ദുരാരോപണത്തെ തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങളുടെ നിദര്‍ശനമായി ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. “മുസ്‌ലിംകള്‍ക്ക് തങ്ങള്‍ അനര്‍ഹമായത് പലതും നേടിക്കൊടുത്തു. അതിന് കേള്‍ക്കേണ്ടിവന്ന സുഖകരമായ പഴി” എന്ന നിലയില്‍ അവര്‍ അഹങ്കരിച്ചു.
ഇപ്പോള്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെ മതന്യൂനപക്ഷങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന “ഇന്ദിര ആവാസ് യോജന” പോലുള്ള കേന്ദ്ര പദ്ധതികള്‍ മുഖ്യമന്ത്രിയുടെ “മനഃസാക്ഷികാര്യ മന്ത്രി”യോടൊപ്പം ചേര്‍ന്ന് അട്ടിമറിക്കുന്നതില്‍ ഉദ്യോഗസ്ഥ വേഷം ധരിച്ച സംഘ്പരിവാറിന്റെ “ട്രോജന്‍ കുതിരകള്‍” വിജയിച്ചപ്പോഴും ലീഗ് നേതൃത്വമോ മന്ത്രിമാരോ നേരിയൊരു പ്രതിഷേധം പോലും ഉയര്‍ത്തുകയുണ്ടായില്ല. ലീഗിന് ഇതിലൂടെ സംഘ്പരിവാറിന്റെയും സവര്‍ണ വരേണ്യ മേലാളരുടെയും പ്രശംസ കിട്ടിയേക്കാം. പക്ഷേ, ന്യൂനപക്ഷങ്ങളിലെ സാധാരണക്കാര്‍ക്കാണിതിന്റെ മുഴുവന്‍ നഷ്ടവും. അവര്‍ക്ക് നഷ്ടപ്പെടുന്നത് സാമൂഹികനീതിക്കുവേണ്ടി ദീര്‍ഘകാലമായി അവര്‍ നടത്തിയ പോരാട്ടങ്ങളുടെ ഗുണഫലങ്ങളാണ്.

സംഗതി വിവാദമാകുമെന്ന് കണ്ടപ്പോള്‍ ന്യൂനപക്ഷങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള തന്ത്രം മെനയുകയാണ് വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥ മേധാവിത്വവും. പദ്ധതിയിലെ ന്യൂനപക്ഷവിഹിതം 47 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി വെട്ടിക്കുറച്ച് നടപ്പാക്കാന്‍ ഗൂഢാലോചന നടത്തുന്നതായാണ് ഏറ്റവും പുതിയ വിവരം. ഇത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനും ജനസംഖ്യാനുപാതിക പ്രാതിനിധ്യമെന്ന മൗലികാവകാശത്തിനും എതിരാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് 47 ശതമാനം എന്നു കണക്കാക്കിയതു തന്നെ കേരളത്തിലെ ജനസംഖ്യയുടെ സമുദായം തിരിച്ചുള്ള കണക്കിന്റെ അടിസ്ഥാനത്തിലാണ്. അതു പ്രകാരം മുസ്‌ലിംകള്‍ 26.8 ശതമാനവും ക്രിസ്ത്യാനികള്‍ 20.2 ശതമാനവുമാണ്. ഈ കണക്കിന്റെ അടിസ്ഥാനത്തില്‍ ഇതര സമുദായങ്ങളുമായി പദ്ധതി വിഹിതം വീതം വെക്കുന്നതിനു പകരം ന്യൂനപക്ഷങ്ങള്‍ക്കു മാത്രം ഇതിന്റെ പ്രയോജനം നിഷേധിക്കാനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രം അനുവദിച്ച ന്യൂനപക്ഷങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുക മാത്രമല്ല ചെയ്യുന്നത്. അവ പിടിച്ചുവാങ്ങി മുന്നാക്കക്കാര്‍ക്ക് അനര്‍ഹമായി നല്‍കുക കൂടിയാണ്. ഇതിന്റെ ഭാഗമായാണ് മുന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ രൂപവത്കരിച്ചതും അതിന് ക്യാബിനറ്റ് പദവിക്ക് സമാനമായ ചെയര്‍മാന്‍ സ്ഥാനം ഒരു ക്രിമിനല്‍ കേസില്‍ കോടതി ശിക്ഷിച്ച പ്രതിക്ക് നല്‍കിയതും. പിന്നാക്ക സമുദായക്കാരുടെ അക്രമത്തിനും ചൂഷണത്തിനും ഭൂമി കൊള്ളക്കും വിധേയരായതിന്റെ ഒറ്റക്കാരണത്താല്‍ പിന്നാക്കം തള്ളപ്പെട്ട പട്ടികജാതി-വര്‍ഗ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി രൂപവത്കൃതമായ കാര്യാലയങ്ങള്‍ വെറും ആളില്ലാ, ഫണ്ടില്ലാ ബോര്‍ഡുകള്‍ മാത്രമായി ചുരുക്കപ്പെട്ടപ്പോഴാണിത്. എന്തിനധികം വനിതാ കമ്മീഷനു പോലും കാബിനറ്റ് പദവി നല്‍കാതെയാണ് മുന്നാക്ക വികസന കോര്‍പ്പറേഷന്‍ എന്ന പരിഹാസ്യമായ പേരു വഹിക്കുന്ന മേല്‍സ്ഥാപന രൂപവത്കരണവും അതിന്റെ ചെയര്‍മാന്റെ കാബിനറ്റ് പദവിയും. ഈ തരംതിരിവും വിവേചനവും പിന്നാക്ക പീഡിത വിഭാഗങ്ങള്‍ക്കെതിരായ നഗ്നമായ അവഹേളനമല്ലെങ്കില്‍ പിന്നെ എന്താണ്? ദുര്‍ബല പിന്നാക്ക വിഭാഗങ്ങളെയും മണ്ണിന്റെ മക്കളെയും കൊന്നും കൊള്ളയടിച്ചും തള്ളിയതിന്റെ ഗ്രേസ് മാര്‍ക്കാണോ ഇത്! ഇവര്‍ക്കാണോ മേല്‍ക്കു മേല്‍ വികസനവും കാബിനറ്റ് പദവിയും വേണ്ടത്! പിന്നാക്കക്കാരേക്കാള്‍ ഈ മുന്നോക്ക വിഭാഗം എത്ര മാത്രം മുന്നാക്കമാകണമെന്നാണ് ഭരണകൂടം ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രിയും മുസ്‌ലിം ലീഗുമടങ്ങുന്നവരാണ് വ്യക്തമാക്കേണ്ടത്.
ദളിത്, ആദിവാസി മുന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി വല്ല സാമൂഹിക പദ്ധതിയും ഉയര്‍ത്തിക്കൊണ്ടുവരുമ്പോഴെല്ലാം സവര്‍ണ മേധാവികളും അവരുടെ പട്ടാളവിഭാഗമായ സംഘ്പരിവാറും രംഗത്തെത്തുന്നത് സ്ഥിരം കാഴ്ചയാണ്. മണ്ഡല്‍ മുതല്‍ സച്ചാര്‍ വരെ അത് നാം കണ്ടു. ഇപ്പോഴിതാ ഇന്ദിര ആവാസ് യോജനയിലും അവര്‍ കൈവെച്ചിരിക്കുന്നു. അതും മുസ്‌ലിം ലീഗിനെപ്പോലെ ഒരു ന്യൂനപക്ഷ പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനമുണ്ടെന്ന് പറയുന്ന ഒരു സര്‍ക്കാര്‍ സംവിധാനത്തിലൂടെ അവരുടെ തന്നെ മേല്‍നോട്ടത്തിലൂടെയും പിന്തുണയിലൂടെയും.

ഐ എൻ എൽ സെക്രട്ടറിയേറ്റ് അംഗം