Connect with us

Malappuram

എഴുപതേക്കറില്‍ ദുരന്ത നിവാരണ സേന കമാന്‍ഡന്റ് സന്ദര്‍ശിച്ചു

Published

|

Last Updated

കാളികാവ്: അടക്കാക്കുണ്ട് മലയിടിഞ്ഞ് എഴുപതേക്കര്‍ റോഡില്‍ പാറവീണ സ്ഥലം സംസ്ഥാന ദുരന്ത നിവാരണസേന കമാന്‍ഡന്റ് സി വിജയകുമാറും സംഘവും സന്ദര്‍ശിച്ചു. ഇന്നലെ മൂന്ന് മണിയോടെയാണ് സംഘം എഴുപതേക്കറില്‍ എത്തിയത്.
പാറ പൊട്ടിച്ച് നീക്കം ചെയ്യുന്നപ്രവൃത്തി വളരെ മന്ദഗതിയിലാണ് നടക്കുന്നത്. പാറയില്‍ കുഴികളുണ്ടാക്കി രാസവസ്തുക്കള്‍ നിറച്ച് പൊട്ടിച്ചെടുക്കുന്ന പ്രവൃത്തിയാണ് നടന്ന് വരുന്നത്. രാസ വസ്തു ഒഴിച്ച് ഒരു ദിവസം കഴിയുമ്പോള്‍ പാറയില്‍ വിള്ളലുണ്ടാകുകയും അടര്‍ത്തി എടുക്കുകയുമാണ് ചെയ്യുന്നത്.
രണ്ട് ദിവസമായി നടന്ന് വരുന്ന പ്രവൃത്തികള്‍ ഉച്ചക്ക് നിര്‍ത്തി പോകുന്നതിനാല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങള്‍ വൈകും. രാത്രിയും പകലും ജോലി എടുത്ത് പെട്ടന്ന് തന്നെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് തഹസില്‍ദാര്‍ എം അബ്ദുല്‍സലാം നാട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് പാറനീക്കം ചെയ്യുന്നതിനുള്ള ജോലി നടക്കുന്നത്. പാറ പൂര്‍ണമായും നീക്കം ചെയ്ത് റോഡില്‍ രൂപപ്പെട്ടുള്ള വിള്ളല്‍ കൂടി പരിശോധിച്ചതിന് ശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാവൂ.
ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന രീതിയിലാണ് പ്രവൃത്തി തുടുന്നതെങ്കില്‍ ഒരാഴ്ച യിലധികം വേണ്ടിവരും റോഡിലെ ഗതാഗതം പുനഃസ്ഥാപിക്കാനെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഹവില്‍ദാര്‍മാരായ ഉമേശ്, ശ്രീജിത്ത് എന്നിവരും കമാന്‍ഡന്റിന്റെ കൂടെയുണ്ടായിരുന്നു. പാറനീക്കം ചെയ്യാന്‍ വൈകുന്നത് മൂലമുണ്ടാകുന്ന ജനങ്ങളുടെ പ്രയാസങ്ങള്‍ ജില്ലാകലക്ടര്‍ക്കും, മറ്റ് മേലുദ്യോഗസ്ഥന്‍മാര്‍ക്കും റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജയകുമാര്‍ നാട്ടുകാരോട് പറഞ്ഞു.

Latest