Connect with us

Editorial

അസം മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം

Published

|

Last Updated

അസമിലെ ബംഗ്ലാദേശ് കുടിയേറ്റക്കാരുടെ കാര്യത്തില്‍ സംസ്ഥാന മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. അവരെ അഭയാര്‍ഥികളായി അംഗീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാറിനോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും ഇന്നലെ ഗൂഹാട്ടിയില്‍ അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. കൊടിയ പീഡനങ്ങളെ തുടര്‍ന്നാണ് ബംഗ്ലാദേശികള്‍ സംസ്ഥാനത്തേക്ക് കുടിയേറുന്നതെന്നതിനാല്‍ അവര്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും നിരവധി രാജ്യങ്ങളില്‍ അഭയാര്‍ഥി കള്‍ക്ക് രാഷ്ട്രീയാഭയം നല്‍കുന്ന കാര്യം ചൂണ്ടക്കാട്ടി ഗൊഗോയി ആവശ്യപ്പെ ടുകയുണ്ടായി.

അസമിലെ ബംഗാളി സംസാരിക്കുന്ന ജനവിഭാഗങ്ങളെക്കുറിച്ചു അസമിലും ദേശീയ തലത്തില്‍ തന്നെയും വന്‍ വിവാദം നിലനില്‍ക്കുകയാണ്. കുടിയേറ്റക്കാരെന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ഈ വിഭാഗത്തിലെ, 1971 മാര്‍ച്ച് നാലിന് ശേഷം വന്നവരെ സ്വരാജ്യത്തേക്ക് തന്നെ തിരിച്ചയക്കണമെന്നാണ് സംസ്ഥാനത്തെ ബോഡോ വംശീയരും സംഘ് പരിവാറും ആവശ്യപ്പെടുന്നത്. ഇതെച്ചൊല്ലി സംസ്ഥാനത്ത് സംഘര്‍ഷങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന കലാപത്തില്‍ 73 പേര്‍ കൊല്ലപ്പെടുകയും നാല് ലക്ഷത്തോളം പേര്‍ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് ചേക്കേറി വരികയുമുണ്ടായി. കലാപത്തിന്റെ കനലുകള്‍ ഏത് സമയവും ആളിക്കത്താവുന്ന വിധം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കയുമാണ ് അസമില്‍.

യഥാര്‍ഥത്തില്‍ ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എന്ന പ്രയോഗം തന്നെ തിരുത്തപ്പെടേണ്ടതുണ്ട്. അസം സഹകരണ മന്ത്രി സിദ്ദീഖ് അഹ്മദ് അഭിപ്രായപ്പെട്ടത് പോലെ അസമിലെ ബംഗാളി ഭാഷക്കാരെല്ലാം ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരല്ല. ബംഗ്ലാദേശ് ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. അക്കാലത്ത് വെസ്റ്റ് ബംഗാളില്‍ നിന്ന് മാറിത്താമസിച്ചവരാണ് ബംഗ്ലാദേശ് കുടിയേറ്റക്കാരെന്ന് വിളിക്കപ്പെടുന്നവരിലധികവും. അവിഭക്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരെ എങ്ങനെയാണ് വിദേശികളായി മുദ്രകുത്തുക? എങ്കില്‍ നേരത്തെ മ്യാന്മറില്‍ നിന്നും നേപ്പാളില്‍ നിന്നും ശ്രീലങ്കിയില്‍ നിന്നും വന്നവരെ വിദേശികളായി മുദ്രകുത്തുകയും പുറത്താക്കുകയും ചെയ്യേണ്ടി വരും. സംഘ്പരിവാറടക്കം ആരും ഇത്തരമൊരാവശ്യം ഉന്നയിച്ചു കാണുന്നില്ല. പാക്-ബംഗ്ലാദേശ് യുദ്ധക്കാലത്തും മറ്റുമായി ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റമുണ്ടായിട്ടുണ്ടെങ്കിലും അവരുടെ എണ്ണം തുലോം കുറവാണ്.

ബംഗ്ലാദേശില്‍ നിന്ന് ധാരാളം ഹൈന്ദവരും അസമിലേക്ക് കുടിയേറിയിട്ടുണ്ടെങ്കിലും മുസ്‌ലിം കുടിയേറ്റക്കാരുടെ കാര്യത്തില്‍ മാത്രമാണ് സംഘ് പരിവാറിന് ആശങ്ക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാപാരം കൂടുതലും രാജസ്ഥാനില്‍ നിന്നുള്ള മാര്‍വാഡികളുടെ നിയന്ത്രണത്തിലാണ്. നല്ലൊരു വിഭാഗം ബീഹാരികളും അസമിലുണ്ട്. ഇവരെയൊന്നും കുടിയേറ്റക്കാരുടെ ഗണത്തില്‍ പെടുത്താതെ ഒരു വിഭാഗത്തിന്റെ കുടിയേറ്റം മാത്രം പര്‍വതീകരിച്ചു കാണിച്ചു അതിന് വര്‍ഗീയതയുടെ നിറം പകരുകയാണിവിടെ.

അസമിലേക്ക് ബംഗ്ലാദേശികള്‍ നിരന്തരം നുഴഞ്ഞുകയറുന്നതായും ഇത് സംസ്ഥാനത്തെ ആദിമ ജനവിഭാഗമായ ബോഡോകള്‍ക്ക് മാത്രമല്ല, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് തന്നെ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുമുള്ള വംശീയ സ്പര്‍ധ സൃഷ്ടിക്കുന്ന പ്രചാരണത്തിന് തുടക്കമിട്ടത് സംഘ് പരിവാറാണ്. നുഴഞ്ഞു കയറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യയില്‍ ക്രമാതീതമായ വര്‍ധന ഉണ്ടായതായും 27 ജില്ലകളില്‍ 11 ഉം മുസ്‌ലിം ഭൂരിപക്ഷമായി മാറുകയാണെന്നും വ്യാജ കണക്കുകളുടെ അകമ്പടിയോടെ അവര്‍ പ്രചരപ്പിച്ചു. സ്വാഭാവികമായും പ്രദേശത്തെ ആദിമ ജനവിഭാഗമായ ബോഡോകളില്‍ ഇത് ആശങ്കയുണര്‍ത്തി. ബംഗ്ലാദേശികളെ പുറത്താക്കണമെന്ന ആവശ്യവുമായി അവരും രംഗത്ത് വന്നു.നീതിപീഠങ്ങള്‍ ഈ പ്രചാരണ തന്ത്രങ്ങളില്‍ അകപ്പെട്ട് പോയോ എന്ന് സംശയിപ്പക്കുന്ന തരത്തിലായിരുന്നു ഇതുസംബ ന്ധിച്ചു വന്ന ചില കോടതി നിരീക്ഷണ ങ്ങള്‍. ചരിത്രം പരതാനോ വസ്തുത അന്വേഷിക്കാനോ പലരും മുതിര്‍ന്നില്ല. അഭയാര്‍ഥികളോട് മനുഷ്യത്വപരമായ നിലപാട് പുലര്‍ത്തുന്ന രാജ്യത്തിന്റെ മഹത്തായ പാരമ്പര്യവും വിസ്മരിക്കപ്പെട്ടു.

ദാരിദ്ര്യവും ജീവിത പ്രയാസങ്ങളും മൂലം കുടിയേറാന്‍ നിര്‍ബന്ധിതരായവര്‍ക്ക് അഭയാര്‍ഥി പദവി നല്‍കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വാഗ്ദത്തം നല്‍കിയിരുന്നു. തദടിസ്ഥാനത്തിലാണ് ബംഗ്ലാദേശ് കുടിയേറ്റക്കാ ര്‍ക്ക് പരിരക്ഷ നല്‍കണമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി ആവശ്യപ്പെട്ടത്. ഇക്കാര്യം കേന്ദ്രം അനുഭാവ പൂര്‍വം പരിഗണിക്കുമെന്നാണ് പ്രത്യാശ.