Connect with us

International

സിറിയയെ ആക്രമിക്കാനുള്ള യു എസ് നീക്കം: റഷ്യന്‍ പടക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്ക്

Published

|

Last Updated

ദമസ്‌കസ്: സിറിയക്കെതിരെ പാശ്ചാത്യ ശക്തികള്‍ ആക്രമണത്തിന് കോപ്പുകൂട്ടി തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ റഷ്യന്‍ പടക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങിത്തുടങ്ങി.

അന്താരാഷ്ട്രതലത്തില്‍ സിറിയയെ ശക്തമായി അനുകൂലിക്കുന്ന റഷ്യ രണ്ടു യുദ്ധക്കപ്പലുകളാണ് അയച്ചിരിക്കുന്നത്. എന്തിനാണ് കപ്പലുകള്‍ എത്തുന്നതെന്ന് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ “എല്ലാവര്‍ക്കും അറിയുന്ന സാഹചര്യങ്ങള്‍” കാരണം നാവിക സാന്നിദ്ധ്യം ശക്തിപ്പെടുത്താനാണ് ഇതെന്ന് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. പുതിയ സാഹചര്യത്തില്‍ മെഡിറ്ററേനിയനിലെ നാവിക ബലത്തില്‍ ചില ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് റഷ്യന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നു.

റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പുകള്‍ കാരണമായിരിക്കാം സിറിയക്കെതിരെയുള്ള യുദ്ധഭീഷണി ഉരുകിത്തുടങ്ങിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയടക്കം പാശ്ചാത്യ നേതാക്കളെല്ലാം പ്രസ്താവന മയപ്പെടുത്തി തുടങ്ങി.

രാസായുധം പ്രയോഗിച്ചത് സിറിയന്‍ സേനയാണെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും സിറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ഒബാമ അറിയിച്ചു.

സിറിയയിലെ സാധാരണക്കാരെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് യു എന്‍ രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരാനുള്ള ബ്രിട്ടീഷ് നീക്കത്തിന് റഷ്യയുടെയും ചൈനയുടെയും എതിര്‍പ്പ് തിരിച്ചടിയായി. ഈ രാജ്യങ്ങള്‍ വീറ്റോ പവര്‍ ഉപയോഗിക്കുകയാണെങ്കില്‍ രക്ഷാസമിതി യോഗം വിളിച്ചുചേര്‍ക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് ബ്രിട്ടനും അമേരിക്കയും വിലയിരുത്തുന്നു.

രാസായുധത്തെക്കുറിച്ച് അന്വേഷിക്കാന്‍ സമയം അനുവദിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണും ആവശ്യപ്പെട്ടു. യു എന്‍ പരിശോധന ശനിയാഴ്ച പൂര്‍ത്തിയാകും.

പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം വേണമെന്ന് തന്നെയാണ് ആഗ്രഹമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ്വാ ഹൊളാണ്ടെ പറഞ്ഞു. സൈനിക നടപടിക്കുവേണ്ടി ഏറെ വാദിച്ചിരുന്ന രാജ്യമാണ് ഫ്രാന്‍സ്. പാശ്ചാത്യ രാജ്യങ്ങളുടെ ഭാഗത്തുണ്ടായ മനംമാറ്റം സിറിയയുടെ നയതന്ത്ര വിജയമാണെന്ന് പ്രസിഡണ്ട് ബഷാറുല്‍ അസദ് അവകാശപ്പെട്ടു.

 

---- facebook comment plugin here -----

Latest