Connect with us

Malappuram

പോസ്റ്റല്‍ അധികൃതര്‍ തടഞ്ഞുവെച്ച ഇന്‍ഷ്വറന്‍സ് തുക വാദിക്ക് തിരിച്ചുകൊടുക്കാന്‍ ഉത്തരവ്

Published

|

Last Updated

നിലമ്പൂര്‍: പോസ്റ്റല്‍ അധികൃതര്‍ തടഞ്ഞുവെച്ച ഇന്‍ഷ്വറന്‍സ് തുക വാദിക്ക് തിരിച്ചുകൊടുക്കാന്‍ ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസ് കോഴിക്കോട്, വടപുറം ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നിവരെ പ്രതിചേര്‍ത്ത് കെ എസ് ആര്‍ ടി സി താത്കാലിക കണ്ടക്ടര്‍ നിലമ്പൂര്‍ വടപുറം താളിപൊയിലിലെ സി എ അബ്ദുല്‍ അസീസ് നല്‍കിയ ഹരജിയിലാണ് കോടതിവിധി. പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപയ്ക്കുള്ള പോളിസിയില്‍ പരാതിക്കാരന്‍ 2006 മാര്‍ച്ചില്‍ അംഗത്വമെടുത്തിരുന്നു. 500 രൂപ പ്രതിമാസ പ്രീമിയത്തില്‍ ചേര്‍ന്നിരുന്നുവെങ്കിലും എട്ട് മാസം കഴിഞ്ഞപ്പോള്‍ 510 രൂപാവീതം അടക്കണമെന്നും പ്രീമിയം തുക ഇതുവരെ തെറ്റായി വാങ്ങിയത് കൈപ്പിഴയാണെന്നും പോസ്റ്റല്‍ അധികൃതര്‍ രേഖാമൂലം അറിയിച്ചു.തുടര്‍ന്ന് 70 മാസം 510 രൂപ അടച്ചുവെങ്കിലും, ശരിയായ പ്രീമിയം 610 രൂപയാണെന്നും ഇതുവരെ അടച്ച പ്രീമിയം തെറ്റായിരുന്നുവെന്നും കാണിച്ച് 2012 ജനുവരിയില്‍ വീണ്ടും പോസ്റ്റല്‍ അധികൃതര്‍ പരാതിക്കാരന് കത്തു നല്‍കി. ഇതുവരെ അടച്ചതില്‍ ബാക്കിയായി 6900 അടക്കണമെന്നും പരാതിക്കാരനോട് നിര്‍ദേശിച്ചു. തുകയടക്കാന്‍ തനിക്ക് സാമ്പത്തികമായി പ്രയാസമുണ്ടെന്നും അടച്ചസംഖ്യ 35700യും ബോണസ്സും തിരിച്ചുനല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇന്‍ഷ്വറന്‍സ് പോളിസിയുടെ സറണ്ടര്‍ വാല്യൂ 13450 രൂപമാത്രമേ തിരിച്ചു നല്കാനാവൂ എന്ന് എന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. തുടര്‍ന്നാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഡയറക്ടറില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രീമിയം തുക 610 രൂപ ഉയര്‍ത്തിയതെന്നും കുറഞ്ഞ തുക ബ്രാഞ്ച് പോസ്റ്റര്‍മാര്‍ തെറ്റായാണ് വാങ്ങുന്നതെന്നും ഇത്തരത്തില്‍ 22500 കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പോസ്റ്റല്‍ അധികൃതര്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പറ്റിയ പിഴവിന് താത്കാലിക ബസ് കണ്ടക്ടറെ ശിക്ഷിക്കുന്നത് നീതിനിഷേധമാണെന്നും, ഒരുമാസത്തിനകം 35700 രൂപ പരാതിക്കാരന് തിരിച്ചു നല്‍കണമെന്നും ഉപഭോക്തൃ കോടതി വിധിച്ചു.