Connect with us

Kozhikode

മലയോരത്തിന്റെ ഉത്സവമായി കയാക്കിംഗ് മത്സരം

Published

|

Last Updated

താമരശ്ശേരി: ദക്ഷിണേന്ത്യയില്‍ ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര വാട്ടര്‍ കയാക്കിംഗ് മത്സരം മലയോരത്തിന്റെ ഉത്സവമായി മാറി. ഇന്ത്യക്ക് പുറമെ ആറ് രാജ്യങ്ങളില്‍ നിന്നായി 27 പേര്‍ പങ്കെടുക്കുന്ന സാഹസിക ജല യാത്രാ മത്സരം തുഷാരഗിരിക്ക് ലോകടൂറിസം ഭൂപടത്തില്‍ ഇടം നല്‍കുമെന്നത് മലയോരവാസികള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ്. രണ്ട് മലയാളികളും അഞ്ച് കര്‍ണാടകക്കാരും എട്ട് ഉത്തരാഞ്ചലുകാരും ഒരു ഡല്‍ഹി സ്വദേശിയുമാണ് മത്സരത്തിലുള്ള ഇന്ത്യക്കാര്‍. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ യു എസ് എ-3, ആസ്‌ത്രേലിയ-1, യു കെ-1, ഇറ്റലി -1, ഡെന്‍മാര്‍ക്ക് -3, നേപ്പാള്‍ -1 എന്നിങ്ങനെയാണ്. ഇതില്‍ നേപ്പാള്‍ സ്വദേശിയായ ചന്ദ്ര ആല വിവിധ രാജ്യങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിനും ഫയര്‍ഫോഴ്‌സിനും പരിശീലനം നല്‍കുന്നയാളാണ്. ഇറ്റലി സ്വദേശിയായ ജാകോപോ നോര്‍ഡയാണ് ഗൂഗിള്‍ മാപ്പിലൂടെ മത്സരത്തിന് തുഷാരഗിരി തിരഞ്ഞെടുത്തത്.
ജലവിതാനത്തില്‍ നിന്ന് ഏറെ ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ ലോഞ്ചിംഗ് പാഡില്‍ നിന്ന് കയാക്കിലിരുന്ന് പുഴയിലേക്കുളള ചാട്ടമാണ് പ്രധാന ആകര്‍ഷണീയ ഇനം. കയാക്കറെ പുഴയിലേക്ക് തള്ളിവിടുന്നത് പ്രത്യേക പരിശീലനം നേടിയ അമേരിക്കന്‍ വനിതയാണ്. തുടര്‍ന്ന് പുഴക്ക് കുറുകെ കെട്ടിയ ചുവപ്പ് കവാടത്തില്‍ നിന്നും കുത്തിയൊഴുകുന്ന വെളളത്തെ അതിജയിച്ച് മുകളിലോട്ട് ഒരു തവണ കൂടി തുഴഞ്ഞ് വീണ്ടും താഴോട്ട് പോകുകയും പച്ച കവാടത്തിലെത്തുമ്പോള്‍ നേരെ താഴേക്ക് തന്നെ തുഴയുകയും ചെയ്യണം. കവാടം തൊട്ടാല്‍ ഫൗളായി കണക്കാക്കുന്ന ഈ മത്സരം സ്ലാലോം കയാക്കിംഗ് എന്നാണ് അറിയപ്പെടുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹസിക ജലയാത്രാ മത്സരം കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് എത്തുന്നത്. പുഴയില്‍ വെളളം കുറവായത് മത്സരത്തിന്റെ ആവേശം കെടുത്തിയെന്നാണ് കയാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. അപകട സാധ്യത കണക്കിലെടുത്ത് ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.

Latest