Connect with us

Kerala

ഉപരോധം അവസാനിപ്പിച്ചതേച്ചൊല്ലി സി പി എമ്മില്‍ അഭിപ്രായ ഭിന്നത

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം പൊടുന്നനെ പിന്‍വലിച്ചതിനെ ചൊല്ലി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായ ഭിന്നത.
മുഖ്യമന്ത്രിയുടെ രാജിവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച ശേഷം ധൃതിപിടിച്ച് സമരം അവസാനിപ്പിച്ചത് ഗുണം ചെയ്തില്ലെന്ന് യോഗത്തില്‍ വിമര്‍ശം ഉയര്‍ന്നു.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉപരോധം അവസാനിപ്പിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ തുടരേണ്ടിയിരുന്നുവെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.
അതേസമയം, ഉപരോധ സമരം വന്‍ വിജയമാണെന്ന പൊതുവിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടായി. ഉപരോധം പിന്‍വലിച്ചത് തക്കസമയത്തായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിശദീകരിച്ചു.
ഘടക കക്ഷികളുമായി ആലോചിച്ച് കൂട്ടായെടുത്ത തീരുമാനത്തില്‍ ആശയക്കുഴപ്പം ഒന്നും ഉണ്ടായിട്ടില്ലെന്നും പിണറായി വിശദീകരിച്ചു. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ ഇതുവരെ കൈക്കൊണ്ട നടപടികളുടെ വിലയിരുത്തലും യോഗത്തില്‍ ഉണ്ടായി.
തെറ്റുതിരുത്തല്‍ പ്രക്രിയ ഫലപ്രദമായിരുന്നുവെന്നും പ്രവര്‍ത്തകര്‍ ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും യോഗം വിലയിരുത്തി.
രണ്ട് ദിവസമായി ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം ഇന്നു സമാപിച്ചു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന സമിതിയോഗം ഇന്നാരംഭിക്കും.

 

Latest