Connect with us

Kasargod

കരക്കടിഞ്ഞ ടാങ്കറിലെ ചോര്‍ച്ച ജനങ്ങളെ പരിഭ്രാന്തരാക്കി

Published

|

Last Updated

കാസര്‍കോട്: ഉപ്പളക്കടുത്ത ബന്തിയോട് ബേരിക്ക കടപ്പുറത്ത് കരക്കടിഞ്ഞ ഗ്യാസ് ടാങ്കറില്‍ ചോര്‍ച്ച കണ്ടെത്തിയത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ടാങ്കറില്‍ നിന്ന് ഇന്നലെ രാവിലെ മുതലാണ് ഗ്യാസ് ചോര്‍ച്ചയുണ്ടായത്. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിസരവാസികളെ ഒഴിപ്പിച്ചു.

നേരത്തെ മുംബൈയില്‍ നിന്നെത്തിയ വിദേശ കപ്പല്‍ അധികൃതരും സാങ്കേതിക വിദഗ്ധരും ടാങ്കര്‍ പരിശോധിച്ച് ഒഴിഞ്ഞ ടാങ്കറാണെന്ന് ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. തീരദേശവാസികളും നാട്ടുകാരും ആശ്വാസത്തോടെ കഴിയുന്നതിനിടയിലാണ് ഗ്യാസ് ചോര്‍ന്നതായി ടാങ്കറിന്റെ സുരക്ഷാ ചുമതല വഹിച്ച് സ്ഥലത്ത് കാവല്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചത്.
പ്രദേശത്ത് ചെറിയ തോതിലുള്ള രൂക്ഷ ഗന്ധം അനുഭവപ്പെട്ടു തുടങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. വിവരമറിഞ്ഞെത്തിയ എസ് പിക്ക് പിന്നാലെ ഫയര്‍ ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു. സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടാങ്കറിലെ മുഴുവന്‍ ഗ്യാസും മാറ്റാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കുറച്ച് ഗ്യാസ് ടാങ്കിനകത്ത് എപ്പോഴും മിച്ചം വരും. ഇതായിരിക്കാം ചോര്‍ന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. കപ്പലുകളില്‍ എ സി, റഫ്രിജറേറ്റര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന മോണോ ക്ലോറോ ഡൈ ഫഌറോ മീഥേന്‍ അഥവ ഫ്രിയോണ്‍ 22 എന്ന വാതകമാണ് ടാങ്കറിലുണ്ടായിരുന്നതെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
ചോര്‍ച്ച കണ്ടെത്തുന്നതിന് പര്യാപ്തമായ യാതൊരു ഉപകരണങ്ങളും ഫയര്‍ ഫോഴ്‌സധികൃതരുടെ പക്കലുണ്ടായിരുന്നില്ല. മാത്രമല്ല, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നാരും തന്നെ ചോര്‍ച്ചയുണ്ടോയെന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ തയ്യാറായിട്ടുമില്ല. ടാങ്കറിലെ ചോര്‍ച്ച സ്‌ഫോടനം ഉണ്ടാക്കില്ലെങ്കിലും ചെറിയ തോതിലുള്ള ശാരീരിക അസ്വാസ്ഥ്യമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. സിലിന്‍ഡര്‍ ചോര്‍ന്നതോടെ ഇവ തീരത്തുനിന്നും എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ ഭരണകൂടം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാസര്‍കോട് തീരത്ത് കരക്കടിഞ്ഞ ടാങ്കറുകള്‍ ശൂന്യമാണെന്ന് കപ്പല്‍ കമ്പനിയും ഇന്‍ഷ്വറന്‍സ് കമ്പനിയും നല്‍കിയ അസ്സല്‍ രേഖകളും ജില്ലാ കലക്ടര്‍ക്ക് ലഭിച്ച ഇ-മെയില്‍ സന്ദേശവും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ടാങ്കര്‍ കൊണ്ടുപോകുന്നതിലുള്ള പ്രയാസം കാരണം ഇത് ഇവിടെത്തന്നെ ഉപേക്ഷിക്കാനാണ് ഇത്തരത്തിലൊരു സന്ദേശം അയക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായതെന്നാണ് സംശയിക്കുന്നത്.