Connect with us

Ongoing News

മനമുരുകി കാത്തിരുന്ന മാതാവിനരികില്‍ നാലര പതിറ്റാണ്ടിന് ശേഷം മകന്‍ തിരിച്ചെത്തി

Published

|

Last Updated

വെങ്കിടങ്ങ് (തൃശൂര്‍): മനമുരുകി കാത്തിരുന്ന അമ്മക്കരികില്‍ 45 വര്‍ഷത്തിന് ശേഷം മകന്‍ തിരിച്ചെത്തി. എനാമാക്കല്‍ കുന്നംകുമരത്ത് (വാവേലി) വീട്ടില്‍ പരേതനായ ഔസേപ്പ്- മേരി ദമ്പതികളുടെ പത്ത് മക്കളില്‍ മൂത്ത മകന്‍ ഇയ്യുണ്ണിയാണ് തിരിച്ചെത്തിയത്. കാത്തിരുന്നതും പ്രാര്‍ഥിച്ചതും വിഫലമായെന്ന് കരുതി നിരാശയോടെ ജീവിതത്തിന്റെ സായാഹ്നം തള്ളിനീക്കുമ്പോഴാണ് , മേരിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടിയ പ്രതീതിയുണ്ടാക്കി പ്രിയ പുത്രന്‍ തിരിച്ചെത്തിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ദുരിതം നിറഞ്ഞ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ ഇയ്യുണ്ണി നാട്ടുകാരുടെ സഹായത്തോടെ ഏനമാവിലെ അമ്മ താമസിക്കുന്ന സഹോദരന്റെ വീട്ടിലെത്തിയാണ് 83കാരി അമ്മയെ കണ്ടെത്തിയത്. ഇരുവരും തിരിച്ചറിഞ്ഞത് ആനന്ദാശ്രുക്കളോടെയായിരുന്നു. പിന്നീട് സഹോദരങ്ങളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സ്‌നേഹാലിംഗനങ്ങള്‍. എന്നാല്‍ തന്റെ തിരിച്ചുവരവ് കാണാന്‍ അച്ഛനും ഒരു സഹോദരനും ജീവിച്ചിരിപ്പില്ലെന്നതാണ് ഏക ദുഖം. രണ്ട് വര്‍ഷം മുമ്പാണ് അച്ഛന്‍ മരിച്ചത്. മൂന്ന് വര്‍ഷം മുമ്പ് സഹോദരനും വേര്‍പിരിഞ്ഞിരുന്നു.

1949 ല്‍ ജനിച്ച ഇയ്യുണ്ണി മണലൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പത്താം തരം പഠനത്തിന് ശേഷം 17 ാം വയസ്സില്‍ തൊഴില്‍ തേടി മുംബൈയിലേക്ക് വണ്ടി കയറുകയായിരുന്നു. അമ്മയുടെ സഹോദരീഭര്‍ത്താവിന്റെയും മറ്റ് ബന്ധുക്കളുടെയും സഹായത്തോടെ 1968ല്‍ കപ്പല്‍ ജോലിയിലേക്കുള്ള ട്രെയിനിംഗിന് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വര്‍ഷത്തെ ട്രെയിനിംഗിന് ശേഷം ജോലിയില്‍ പ്രവേശിക്കാന്‍ ഏതാനും ദിവസം ബാക്കിയിരിക്കെ കമ്പനി അധികൃതരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ജോലി വേണ്ടെന്ന് വെച്ച് ആരും അറിയാതെ സ്ഥലം വിടുകയായിരുന്നു. ഇത് ബന്ധുക്കളെയോ വീട്ടുകാരെയോ അറിയിച്ചിരുന്നില്ല.
മുംബൈയില്‍ നിന്ന് രാത്രി സ്ഥലംവിട്ട ഇയുണ്ണി, തൊഴില്‍ അന്വേഷിച്ച് കൊല്‍ക്കത്തയിലെ ബാലിഗഞ്ചിലാണ് എത്തിയത്. ഇവിടെ ബംഗാളി ടയര്‍ കമ്പനിയില്‍ ഒന്നര വര്‍ഷത്തെ ജോലി. അവിടെയും അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു. പിന്നീട് മനോനില തെറ്റിയ ഇയ്യുണ്ണിയെ മദര്‍ തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ്കാരാണ് സംരക്ഷിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷം മനോനില വീണ്ടെടുത്ത് ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദില്‍ എത്തിച്ചേര്‍ന്നു. അവിടെ റെയില്‍വേ സ്റ്റേഷന് സമീപം പാലക്കാട് സ്വദേശിയുടെ ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നു. രണ്ട് വര്‍ഷത്തിന് ശേഷം തൃശൂര്‍ സ്വദേശി ഗോപാലന്‍ നായരുടെ അരുണാഭവന്‍ ഹോട്ടലില്‍. ഇവിടെ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കി. പിന്നീട് വിജയവാഡയിലേക്ക്. അവിടെ ചാവക്കാട്കാരന്‍ മുഹമ്മദിന്റെ ടീ സ്റ്റാളില്‍ സഹായിയായി പുതിയ നിയോഗം.
ഒരു വര്‍ഷത്തിന് ശേഷം മുഹമ്മദ് ഗള്‍ഫിലേക്ക് പോയപ്പോള്‍ കടയുടെ ഉടമ ഇയുണ്ണിയായി. എന്നാല്‍ ഒന്നര വര്‍ഷത്തിന് ശേഷം ആ കട മറ്റൊരാളെ ഏല്‍പ്പിച്ച് ചെന്നൈയിലെ ബന്ധുവീടുകളിലേക്ക് പോയി. ഈ വിവരമറിഞ്ഞ് പിതാവ് ചെന്നൈയിലെത്തിയെങ്കിലും അപ്പോഴേക്കും ഇയുണ്ണി സ്ഥലം വിട്ടിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യപരമായ കാരണങ്ങളാല്‍ ജോലിക്ക് പോകാതിരുന്ന ഇദ്ദേഹത്തെ വിജയ വാഡയിലെ മിഷനറീസ് ഓഫ് ചാരിറ്റിയാണ് സംരക്ഷിച്ചത്. അവിടെ സ്ഥിരമാക്കി ആരോഗ്യം വീണ്ടെടുത്ത ഇയുണ്ണി വര്‍ഷങ്ങളായി മിഷനറി സേവന രംഗത്തായിരുന്നു. അതിനിടയിലാണ് വീണ്ടും വീട്ടുകാരെയും നാടിനെയും കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെയാണ് നാല് പതിറ്റാണ്ടിന് ശേഷം നാട്ടിലെത്തുന്നത്.
പഴയ നാടും വീടും പ്രതീക്ഷിച്ചെത്തിയ ഇയ്യുണ്ണിയെ കാത്തിരുന്നത് കാലത്തിനനുസരിച്ച് കോലം മാറിയ നാടായിരുന്നു. നാല്‌കെട്ടിന് സമാനമായ തറവാട് വീട് അപ്രത്യക്ഷമായിരിക്കുന്നു. പകരം കോണ്‍ക്രീറ്റ് ചെയ്ത മണി മന്ദിരം. എന്നാല്‍ എന്തൊക്കെ മാറ്റങ്ങളുണ്ടായാലും ജന്മനാടിനെ തിരിച്ചറിയാന്‍ വലിയ പ്രയാസമില്ലെന്ന് അനുഭവത്തില്‍ നിന്ന് തിരിച്ചറിഞ്ഞ ഇയ്യുണ്ണി ഇനിയുള്ള കാലം നാട്ടില്‍ ജീവിക്കാനുള്ള തയ്യാറെടുപ്പിലാണ്. തിരിച്ചുകിട്ടിയ മകനൊപ്പം ഇനി ശിഷ്ട കാലം കഴിച്ചുകൂട്ടാമെന്നതിന്റെ ആഹ്ലാദത്തിലാണ് അമ്മയും.

Latest