Connect with us

Kozhikode

സോളാര്‍ തട്ടിപ്പ്: ജില്ലയില്‍ കേസന്വേഷണം ഇന്ന് തുടങ്ങും

Published

|

Last Updated

വടകര: കാറ്റാടി യന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കേസന്വേഷണം ഇന്ന് ആരംഭിക്കും.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ താമരശ്ശേരി ഡി വൈ എസ് പി ജെയ്‌സണ്‍ കെ എബ്രഹാമിനെ എ ഡി ജി പി അന്വേഷണ ചുമതല ഏല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വടകര പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണമാണ് ഇന്ന് ആരംഭിക്കുന്നത്. തട്ടിപ്പിന്നിരയായ വടകര തോടന്നൂര്‍ വിദ്യപ്രകാശ് പബ്ലിക് സ്‌കൂള്‍ അധികൃതരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കും.
2008 ഡിസംബര്‍ ആറിനാണ് 4.2 കിലോവാട്‌സിന്റെ പവര്‍മില്‍ സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി സരിത വിദ്യാലയത്തിലെത്തിയത്. 45 ദിവസം കൊണ്ട് സ്ഥാപിക്കാമെന്നായിരുന്നു വ്യവസ്ഥ. 9,83,000 രൂപ വിലമതിക്കുന്ന യന്ത്രത്തിന് രണ്ടുലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയിരുന്നു. സോളാര്‍ തട്ടിപ്പ് വിവാദമായതോടെയാണ് സ്‌കൂള്‍ അധികൃതര്‍ വടകര പോലീസില്‍ പരാതി നല്‍കിയത്. വിദ്യപ്രകാശിന് പുറമെ പരാതി നല്‍കാത്ത മറ്റൊരു സി ബി എസ് ഇ വിദ്യാലയത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കും. തുടര്‍ന്ന് കോഴിക്കോട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും മലപ്പുറം പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും അന്വേഷണം നടക്കും. അന്വേഷണം പൂര്‍ത്തിയായാല്‍ സരിതയെ കസ്റ്റഡിയില്‍ ഏറ്റുവാങ്ങാനാണ് പോലീസ് തീരുമാനം.

Latest