Connect with us

Palakkad

കനത്ത മഴയിലും കോഴിപ്പാറക്കാര്‍ക്ക് കുടിവെള്ളത്തിനായി നെട്ടോട്ടം

Published

|

Last Updated

കൊഴിഞ്ഞമ്പാറ: നാടുമുഴുവന്‍ മഴ തിമര്‍ത്തുപെയ്യുമ്പോഴും കോഴിപ്പാറ ഭാഗത്തുള്ളവര്‍ കുടിവെള്ളത്തിനായി ടാങ്കര്‍ലോറികളെ കാത്തിരിക്കണം.

മഴനിഴല്‍ പ്രദേശമായ വടകരപ്പതി പഞ്ചായത്തിലെ കോഴിപ്പാറ മേഖലയില്‍ മാത്രം ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് ടാങ്കര്‍ ലോറികളിലെത്തിക്കുന്നത്. കഴിഞ്ഞ വേനലിന് മാസങ്ങള്‍ക്കുമുമ്പേ തുടങ്ങിയ കുടിവെള്ളവിതരണം മഴ പെയ്തപ്പോള്‍ രണ്ടുനാള്‍ നിര്‍ത്തിനോക്കിയെങ്കിലും വീണ്ടും പുനരാരംഭിക്കുകയായിരുന്നു.—
പത്ത് വര്‍ഷം മുമ്പ് കുഴിച്ച കുഴല്‍ക്കിണര്‍ ഈ വേനലില്‍ വറ്റിവരണ്ടതോടെ വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് അടുത്തടുത്തായി രണ്ട് കുഴല്‍ക്കിണറുകള്‍ താഴ്ത്തിയെങ്കിലും ഫലം കണ്ടില്ലെന്ന് പഞ്ചായത്ത്പ്രസിഡന്റ് ചെന്താമരൈ പറഞ്ഞു. കേന്ദ്ര ഭൂഗര്‍ഭ”ജലവകുപ്പിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ എലിപ്പാറയിലെ ഖാദിബോര്‍ഡ് കെട്ടിടത്തിന്റെ വളപ്പില്‍ ഇതിനായി വീണ്ടും സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ചെന്താമരൈ പറഞ്ഞു. —
കോഴിപ്പാറമേഖലയില്‍ ഇനിയും ആവശ്യത്തിന് മഴ കിട്ടിയിട്ടില്ല. തിരുവാതിര ഞാറ്റുവേല അവസാനിക്കാറാകുമ്പോഴും വയലുകളില്‍ പണി തുടങ്ങിയിട്ടേയുള്ളൂ.—
എലിപ്പാറ, കണക്കന്‍കളം, എരുമന്‍കുളം, എരുക്കലാംപാറ, വെള്ളച്ചികുളം, ചുണ്ണാമ്പുകല്‍ത്തോട്, ഒഴലപ്പതി, മല്ലമ്പതി, കിണര്‍പള്ളം, കാരാംപാറ, കള്ളിയമ്പാറ, കുളമടച്ചള്ള എന്നിവിടങ്ങളിലും മേനോന്‍പാറ മുക്കിലുമെല്ലാം ടാങ്കറില്‍ വെള്ളമെത്തുന്നുണ്ട്. കുടിവെള്ളവിതരണത്തിന് സമയക്രമം ഏര്‍പ്പെടുത്തണമെന്ന് മാത്രമാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, മഴക്കുപകരമെത്തിയ കാറ്റ് കോഴിപ്പാറമേഖലയില്‍ കഴിഞ്ഞദിവസം നാശം വിതക്കുകയുംചെയ്തു. അമ്പത്തിരണ്ടോളം വീടുകളാണ് കാറ്റില്‍ ഭാഗികമായി തകര്‍ന്നത്.

Latest