Connect with us

Malappuram

പെരുമ നിറയും വാസന ബീഡികളുമായി ആബിദ്ക്കയുമെത്തി

Published

|

Last Updated

മഞ്ചേരി: നോമ്പുതുറന്ന ശേഷം ഇത്തിരി ഉല്ലാസത്തിനായി അല്‍പ്പം വാസന ബീഡിയും. മഞ്ചേരി ചന്തയില്‍ നോമ്പുകാലത്തെ വാസന ബീഡി വില്‍പ്പനക്ക് നൂറ്റാണ്ടിന്റെ പെരുമയുണ്ട്. 

കാലം ചെന്നതോടെ തെറുക്കൂട്ടെന്നറിയപ്പെടുന്ന ഈ ബീഡി വിസ്മൃതിയിലേക്ക് മറയുന്നുവെങ്കിലും അരീക്കോട് സ്വദേശിയായ ആബിദ് എന്ന അറുപതുകാരന്‍ ഇക്കൊല്ലവും പതിവു തെറ്റാതെ വാസന ബീഡിയുമായി മഞ്ചേരി നിത്യചന്തയിലെത്തി. പതിനഞ്ചു കൊല്ലമായി ഇദ്ദേഹം സ്ഥിരമായി നോമ്പുകാലത്ത് മഞ്ചേരിയില്‍ വാസന ബീഡി ഉണ്ടാക്കി വില്‍ക്കുന്നു. ആബിദ്ക്കയുടെ ബീഡിയുടെ പൊലിമ വേറിട്ടതാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യം വഹിക്കുന്നു. ചന്ദനം, രാമച്ചം, പച്ചില, സാമ്പ്രാണി തുടങ്ങി പലതരം സുഗന്ധ ചേരുവകളുടെ പ്രത്യേക കൂട്ട് ഉപയോഗിച്ചാണ് ആബിദ് ബീഡി തെറുക്കുന്നത്. നാല്പത്തിയഞ്ചു വര്‍ഷമായി ബീഡി തെറുപ്പ് തൊഴിലാക്കിയ ആബിദ് അരീക്കോട് ഉദയാ ബീഡിക്കമ്പനി ജീവനക്കാരനായിരുന്നു. ബീഡിയുണ്ടാക്കുന്നതിനാവശ്യമായ ഇലയ്ക്ക് കെട്ടിന് 15 രൂപയുണ്ടായിരുന്നത് ഇന്ന് 135 രൂപയായിട്ടുണ്ട്. പത്ത് ബീഡിയുടെ കെട്ടിന് മൂന്ന് രൂപയെന്ന വില ഇപ്പോള്‍ ഏഴ് ബീഡിയുടെ കെട്ടിന് 10 രൂപ എന്ന നിരക്കിലാണ് വില്‍പനനടത്തുന്നത്. വാസനബീഡിക്കൊപ്പം മധുരം പകരുന്ന ചക്കര പുകയിലയും ഇന്ന് വിസ്മൃതിയിലാണ്.
ചക്കര പുകയില ഏറെ ഉപയോഗിച്ചിരുന്നത് വെറ്റില മുറുക്കുന്ന സ്ത്രീകളായിരുന്നു. ആരോഗ്യ വിഷയങ്ങളിലെ ബോധവല്‍ക്കരണം പുകയില ഉപഭോഗങ്ങളിലുണ്ടാക്കിയ മാറ്റം ബീഡി വലിക്കാരുടെയും വെറ്റില മുറുക്കുകാരുടെയും എണ്ണത്തില്‍ വന്‍ കുറവ് വരുത്തിയതും വാസനബീഡിക്കും ചക്കര പുകയിലക്കും തിരിച്ചടിയായി.

Latest