Connect with us

National

ബി ജെ പി രാമക്ഷേത്ര വിഷയം പൊടിതട്ടിയെടുക്കുന്നു

Published

|

Last Updated

ലക്‌നോ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്ര വിഷയം പൊടിതട്ടിയെടുക്കുമെന്ന വ്യക്തമായ സൂചന നല്‍കി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വലംകൈയും യു പി. ബി ജെ പിയുടെ ചുമതലക്കാരനുമായ അമിത് ഷാ അയോധ്യയില്‍. യു പിയിലെ പ്രചാരണത്തിന്റെ ചുമതല പാര്‍ട്ടി ഏല്‍പ്പിച്ച ശേഷം ഇതാദ്യമായാണ് അദ്ദേഹം അയോധ്യയിലെത്തുന്നത്. അയോധ്യയില്‍ രാമ ക്ഷേത്രം പണിയാന്‍ സാധിക്കട്ടെയെന്നും കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നുമാണ് താന്‍ പ്രാര്‍ഥിച്ചതെന്ന് അമിത് ഷാ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. കേസില്‍ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ട്.
“അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്ന് കോടിക്കണക്കായ ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നുണ്ട്. എത്രയും വേഗം അത് സാധ്യമാക്കാന്‍ ഞങ്ങള്‍ കിണഞ്ഞ് പരിശ്രമിക്കും”- അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ അവധ് പ്രാന്തിന്റെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
യു പി പിടിച്ചാല്‍ കേന്ദ്രഭരണത്തിലേക്കുള്ള വഴി എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് മോഡിയുടെ സന്തത സഹചാരിയെ സംസ്ഥാനത്തേക്ക് നിയോഗിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. യു പിയില്‍ നല്ല പ്രകടനം കാഴ്ച വെക്കണമെങ്കില്‍ അയോധ്യാ പ്രശ്‌നം പൊടിതട്ടിയെടുക്കണമെന്ന ധാരണ പാര്‍ട്ടിയില്‍ ശക്തമാണ്. മോഡിയെ മുഖ്യ പ്രചാരകനായി ഉയര്‍ത്തിയതോടെ തന്നെ ബി ജെ പി, തീവ്ര ഹിന്ദുത്വ അജന്‍ഡയിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമായതാണ്. യു പി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മികാന്ത് ബാജ്‌പെയ് അടക്കമുള്ള നേതാക്കള്‍ ഈയടുത്ത് രാമക്ഷേത്രത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്. രാമക്ഷേത്രം നിര്‍മിക്കാന്‍ പാര്‍ട്ടി എല്ലായ്‌പോഴും പ്രതിജ്ഞാബദ്ധമാണെന്നും ഇത് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബി ജെ പിയുടെ യഥാര്‍ഥ മുഖം ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. വര്‍ഗീയത ഇളക്കിവിടുകയെന്ന ഒരൊറ്റ അജന്‍ഡ മാത്രമേ അവര്‍ക്കുള്ളൂ. പക്ഷേ ഈ കുതന്ത്രം തിരിച്ചറിയാനുള്ള ബുദ്ധി ജനങ്ങള്‍ക്കുണ്ടെന്ന് തിവാരി പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ട് ആഗസ്റ്റില്‍ അയോധ്യാ മാര്‍ച്ച് നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പരിവര്‍ത്തിപ്പിക്കാന്‍ ഹിന്ദുത്വക്ക് മാത്രമേ സാധിക്കൂവെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് ഈയിടെ പ്രഖ്യാപിച്ചിരുന്നു.