Connect with us

Editors Pick

'പ്രിയപ്പെട്ട ബാലചന്ദ്രന്, കുട ഇവിടെയുണ്ട്'

Published

|

Last Updated

കോഴിക്കോട്: കഥയുടെ സുല്‍ത്താന്‍ കാലയവനികയില്‍ മറഞ്ഞിട്ട് ഒരാണ്ടുകൂടി പിന്നിടുമ്പോള്‍ കോഴിക്കോട് നഗരത്തിന്റെ സാംസ്‌കാരിക പരിസരത്തെ സ്ഥിരം സാന്നിധ്യമായ പുതുക്കുടി ബാലചന്ദ്രന്‍ പഴയൊരു കഥ ഓര്‍ക്കുന്നു-ഇതേപോലെ ഒരു മഴക്കാലം. വൈക്കം മുഹമ്മദ് ബഷീറിന്റെ ശിഷ്യന്‍ കൂടിയായ ബാലചന്ദ്രന്‍ സുല്‍ത്താന്റെ തട്ടകത്തെത്തി. കഥപറച്ചിലും തമാശകളുടെ വെടിക്കെട്ടുമൊക്കെ കഴിഞ്ഞ് മടങ്ങുമ്പോള്‍ ബാലചന്ദ്രന്‍ കുടയെടുക്കാന്‍ മറന്നു. ഏതാനും ദിവസം കഴിഞ്ഞ് ബാലചന്ദ്രനൊരു കത്ത് വന്നു. രണ്ട് വാചകങ്ങളിലുള്ള കത്ത്-“”പ്രിയപ്പെട്ട ബാലചന്ദ്രന്, കുട ഇവിടെയുണ്ട്” എന്ന് വൈക്കം മുഹമ്മദ് ബഷീര്‍.
1978ല്‍ ദേവഗിരി കോളജില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ചങ്ങാത്തം. നടുവട്ടം കലാസമിതിയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ കോളജ്തല പ്രബന്ധരചനാ മത്സരത്തില്‍ ബാലചന്ദ്രനായിരുന്നു ഒന്നാം സ്ഥാനം. അതിന്റെ സമ്മാനം നല്‍കിക്കൊണ്ട് ബഷീര്‍ പറഞ്ഞു- വീട്ടിലേക്ക് വരൂ. അതില്‍പിന്നെ വയലാലില്‍ ബാലചന്ദ്രന്‍ നിത്യ സന്ദര്‍ശകനായി. ദീര്‍ഘനാള്‍ കാണാതെ വരുമ്പോള്‍ ബഷീറിന്റെ കത്ത് വരും-“ബാലചന്ദ്രനെ കാണുന്നില്ലല്ലോ…” ഇതേപോലെ ഒരു കഥാകാരനെ ബാലചന്ദ്രന്‍ കണ്ടിട്ടില്ല. വലിയവരെയും ചെറിയവരെയും ഒരേപോലെ കാണുന്ന കഥാകൃത്ത്. ട്രഷറിയില്‍ ജോലി കിട്ടിയപ്പോള്‍ അടുപ്പം ഒന്നുകൂടി ദൃഢമായി. ബഷീറിന്റെ സ്വാതന്ത്ര്യസമര പെന്‍ഷനുകള്‍ ശരിയാക്കികൊടുത്തതും മാസാമാസം കൃത്യമായി വീട്ടിലെത്തിച്ചിരുന്നതുമെല്ലാം ബാലചന്ദ്രനായിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് അവസാനമായി പെന്‍ഷന്‍ വാങ്ങിയത്. വളരെ ഭംഗിയുള്ള ഒപ്പായിരുന്നു ബഷീറിന്റേത്. എന്നാല്‍ അന്ന് അവസാനമായി പെന്‍ഷന്‍ കടലാസില്‍ ഇട്ട ഒപ്പിന് ഒട്ടും ഭംഗിയുണ്ടായിരുന്നില്ലെന്നും ഓര്‍മയുടെ നനഞ്ഞ ഏടില്‍ നിന്ന് ബാലചന്ദ്രന്‍ ചികഞ്ഞെടുത്തു. ബഷീര്‍ കഥാബീജം എന്ന നാടകമെഴുതിയപ്പോള്‍ അതിനെക്കുറിച്ച് നാടകകൃത്തായ ബഷീര്‍ എന്ന തലക്കെട്ടില്‍ ബാലചന്ദ്രന്‍ എഴുതിയ ലേഖനം പിന്നീട് ഡി സി ബുക്‌സ് ഇറക്കിയ കഥാബീജത്തില്‍ ഉള്‍പ്പെടുത്തി.
1994 ജൂലൈ അഞ്ചിന് കഥയുടെ സുല്‍ത്താന്‍ കഥകളോടും ലോകത്തോടും വിട പറഞ്ഞു. ബഷീര്‍ ഓര്‍മയായിട്ട് ഓരോ വര്‍ഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാഹിത്യകാരന്‍മാരും സുല്‍ത്താന്റെ തട്ടകത്ത് ഒത്തുകൂടും. ഇന്നും അവിടെ ആ ഒത്തുകൂടലുണ്ട്. ചിന്നിച്ചിതറി പെയ്യുന്ന മഴയില്‍ ബഷീറിന്റെ ഓര്‍മകളിലൂടെ ഒരു നടത്തം….

Latest