Connect with us

Kerala

പുനഃസംഘടനാ ചര്‍ച്ചകള്‍ നിയമസഭാ സമ്മേളനത്തിന് ശേഷം

Published

|

Last Updated

ന്യൂഡല്‍ഹി/തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടനാ ചര്‍ച്ചകള്‍ നിയമസഭാസമ്മേളനത്തിന് ശേഷം മതിയെന്ന ഹൈക്കമാന്‍ഡ് തീരുമാനം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അറിയിച്ചു. കേരളത്തില്‍ സോളാര്‍ വിവാദം കത്തിനില്‍ക്കെ പെട്ടെന്നൊരു പുന:സംഘടന മറ്റു ചര്‍ച്ചകള്‍ക്ക് വഴി വെക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, കേരളത്തിന്റെ ചുമതല നല്‍കിയ പുതിയ എ ഐ സി സി സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് ഈ മാസം 25ന് കേരളത്തിലെത്തും. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ രാവിലെ നേതൃയോഗവും വൈകുന്നേരം പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരും. കെ പി സി സി ഭാരവാഹികള്‍, ഡി സി സി പ്രസിഡന്റുമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, മുന്‍ പി സി സി പ്രസിഡന്റുമാര്‍ എന്നിവര്‍ നേതൃയോഗത്തില്‍ പങ്കെടുക്കും. മുകുള്‍ വാസ്‌നികിന് പുറമെ, സെക്രട്ടറിമാരായ ദീപക് ബാബറിയ, വി ഡി സതീശന്‍ എന്നിവരും പങ്കെടുക്കും.
മന്ത്രിസഭാപുന:സംഘടന ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തുന്നത് വിവാദങ്ങള്‍ക്ക് ആക്കം കൂട്ടുകയേ ഉള്ളൂവെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് മുഖ്യമന്ത്രി നേരത്തെ ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. സോളാര്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് എ, ഐ വിഭാഗങ്ങളുടെ നിലപാട് അറിഞ്ഞ ശേഷമാണ് ഹൈക്കമാന്‍ഡ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.
സോണിയാ ഗാന്ധിയെയും പ്രധാനമന്ത്രിയെയും കണ്ട രമേശ് ചെന്നിത്തല കേരളത്തിലെ രാഷ്ട്രീയ, സംഘടനാപ്രശ്‌നങ്ങളെല്ലാം ധരിപ്പിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായും രമേശ് ചര്‍ച്ച നടത്തി. എ ഐ സി സി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശനും രമേശിനൊപ്പമുണ്ടായിരുന്നു.
സോളാര്‍ തട്ടിപ്പ് വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയെന്ന് കെ പി സി സി പ്രസിഡന്റ് രമേശ്‌ചെന്നിത്തല പറഞ്ഞു.
മുന്നണിയില്‍ ഭിന്നതയില്ലെന്നും ചീഫ് വിപ്പിന്റെ നടപടികള്‍ ദോഷകരമല്ലെന്നും ചെന്നിത്തല പറഞ്ഞു. എല്‍ ഡി എഫിന്റെയും സി പി എമ്മിന്റെയും ആരോപണങ്ങളെ പാര്‍ട്ടിയും മുന്നണിയും രാഷ്ട്രീയമായി നേരിടും. മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അദ്ദേഹം ശക്തമായ നടപടി സ്വീകരിച്ചു. തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. വിവാദങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടും. മുന്നണിയില്‍ യാതൊരു ഭിന്നതയുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
കേരളയാത്രക്ക് ശേഷം തയ്യാറാക്കിയ വികസന രേഖ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ഗള്‍ഫിലെ സ്വദേശിവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങി വരുന്ന മലയാളികളുടെ പുനരധിവാസത്തിന് നൂറ് കോടി രൂപ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
റബ്ബറിന്റെ ഇറക്കുമതി തീരുവ 20 ശതമാനം ഉയര്‍ത്തണമെന്നും നാളികേരം, ഏലം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചതായും കോലാഗിരി പ്രകൃതി ക്ഷോഭത്തില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്ന മലയാളികളെ രക്ഷിക്കണമന്ന് ആവശ്യപ്പെട്ടതായും ചെന്നിത്തല പറഞ്ഞു.

Latest