Connect with us

Kozhikode

നഗര വികസന പദ്ധതി: ടെന്‍ഡര്‍ ഉടന്‍

Published

|

Last Updated

തിരുവനന്തപുരം: 280 കോടി മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് നഗര റോഡ് വികസന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ്. കോട്ടയം, തൃശൂര്‍. മലപ്പുറം, കണ്ണൂര്‍ നഗര റോഡ് വികസന പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പൂര്‍ത്തിയായിവരുന്നു. കൊല്ലം നഗര വികസന പദ്ധതി, തിരുവനന്തപുരം നഗര റോഡ് വികസനത്തിന്റെ രണ്ടാം ഘട്ടം എന്നിവയും പരിഗണനയിലുള്ളതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റോഡ് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി തലസ്ഥാനത്തെ ട്രാഫിക് എന്‍ജിനീയറിംഗ് ആന്‍ഡ് സേഫ്റ്റി സെല്ലിന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. എറണാകുളം, കോഴിക്കോട് മേഖലകളിലും സേഫ്റ്റി സെല്‍ സ്ഥാപിക്കും. തിരുവനന്തപുരത്തെ കഴക്കൂട്ടം മുതല്‍ പുനലൂര്‍ വരെ മാതൃകാ സുരക്ഷാ റോഡാക്കി മാറ്റും.
ഗതാഗത മാര്‍ഗങ്ങളെ സമഗ്രമാക്കുന്നതിനായുള്ള സമഗ്ര ഗതാഗത സംവിധാനം (മള്‍ട്ടി മോഡല്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം) സംബന്ധിച്ച പഠനം പൂര്‍ത്തിയായിട്ടുണ്ട്. എന്‍ എച്ച് 17, എന്‍ എച്ച് 47 എന്നിവയുടെ കരാറില്‍ നിന്ന് പിന്‍മാറാന്‍ കഴിയില്ല. അതേസമയം കൂടുതല്‍ ദേശീയപാതകള്‍ ഇത്തരത്തില്‍ ടോള്‍ പിരിവിലൂടെ വികസിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാറിന്റെ തീരുമാനം.
കുണ്ടന്നൂര്‍- ബോഡിമെട്ട് (എന്‍ എച്ച്-49), കൊല്ലം-കഴുത്തുരുത്തി (എന്‍ എച്ച്-208), കോഴിക്കോട്- മുത്തങ്ങ (എന്‍ എച്ച്-212), കോഴിക്കോട്- പാലക്കാട് (എന്‍ എച്ച് 213), കൊല്ലം- തേനി (എന്‍ എച്ച് – 220) എന്നീ റോഡുകളാണ് പേവ്ഡ് ഷോള്‍ഡറോട് കൂടി രണ്ട് വരി പാതയായി ടോളില്ലാതെ ദേശീയപാത ഫണ്ട് ഉപയോഗിച്ച് വികസിപ്പിക്കുന്നത്. കെ എസ് ടി പി ലോകബേങ്ക് സഹായത്തോടെയുള്ള 2403 കോടിയുടെ പദ്ധതിക്ക് അന്തിമ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
റോഡ് വികസനത്തിന്റെ ഭാഗമായി വളവുകള്‍ നിവര്‍ത്തുമ്പോള്‍ ഉപയോഗശൂന്യമാകുന്ന സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ട് പോകാതിരിക്കാന്‍ അവിടങ്ങളില്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം വഴിയോര വിശ്രമ കേന്ദ്രങ്ങളും പെട്രോള്‍ പമ്പുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ ഒരുക്കുന്ന ഓക്‌സ്‌ബോ ലാന്റ് വികസന പദ്ധതിയും ആവിഷ്‌കരിച്ചുകഴിഞ്ഞു. ഇത്തരത്തിലുള്ള 102 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ നാല് മാസത്തിനുള്ളില്‍ തുടങ്ങും.
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മോണോ റെയില്‍ നടപ്പാക്കുന്നതിന് രൂപവത്കരിച്ച കേരള മോണോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസ് തിരുവനന്തപുരത്തും പ്രോജക്ട് ഓഫീസ് കോഴിക്കോട്ടും പത്ത് ദിവസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യും. ഒരു മാസത്തിനുളളില്‍ മോണോ റെയിലുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആറ് മാസത്തിനുളളില്‍ ആരംഭിക്കാനുളള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചു.

Latest