Connect with us

Palakkad

ശിവദാസന്‍ വധം: അറസ്റ്റിലായവരുടെ എണ്ണം ആറായി

Published

|

Last Updated

കുഴല്‍മന്ദം: പുല്ലുപാറയില്‍ കാട്ടിരംകാട് ശിവദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ കുറിച്ചും അവര്‍ക്ക് സഹായവും ഒത്താശയും ചെയ്തവരെകുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടും പോലീസ് ആദ്യഘട്ടത്തില്‍ വേണ്ടത്ര താത്പര്യം കാണിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
കേസിലെ മുഖ്യപ്രതികളായ പ്രകാശനും(39) പ്രസാദും(25) ആദ്യം മുങ്ങിയെങ്കിലും തുടര്‍ന്ന് കീഴടങ്ങി. എന്നിട്ടും ശേഷിച്ചവരെ അറസ്റ്റു ചെയ്യുന്നത് സംബന്ധിച്ച പോലീസ് നടപടികള്‍ ഇഴയുകയായിരുന്നു. ഇതിനിടെ വിഷയം എം ചന്ദ്രന്‍ എം എല്‍ എ നിയമസഭയില്‍ ഉന്നയിച്ചു. സബ്മിഷന് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കേസ് അന്വേഷണ ചുമതല ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയതായി അറിയിച്ചു.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിക്കാനിരിക്കെയാണ് കേസ് അന്വേഷിച്ചിരുന്ന കുഴല്‍മന്ദം സി എ നാലുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണനൂര്‍ കുളത്തിങ്കല്‍ വീട്ടില്‍ ഷാജി എന്ന കുട്ടന്‍(32), വിളയന്നൂര്‍ ചുക്കുംകോണം വീട്ടില്‍ മണികണ്ഠന്‍(34), തേങ്കുറിശ്ശി സ്വദേശി മാഹാളികൂടം സുഭാഷ്(32), അഞ്ചത്താണി പൊന്‍പറമ്പ് വീട്ടില്‍ രാജേഷ്(25) എന്നിവരെയാണ് സി ഐ ഹരിദാസും സംഘവും അറസ്റ്റു ചെയ്തത്. ഇവര്‍ കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പങ്കാളികളാണെന്നാണ് പോലീസ് പറയുന്നത്.
ഇതിനിടെ മുഖ്യപ്രതി പ്രകാശന്റെ വീട്ടില്‍ നിന്ന് അഞ്ച് കൈമഴു, മൂന്ന് സ്റ്റീല്‍ റാഡുകള്‍, നാല് ഇടിക്കട്ട, രണ്ട് കുറുവടി എന്നിവ കണ്ടെടുത്തിട്ടുണ്ട്.പ്രതികളില്‍ നിന്ന് കൂടുതല്‍ തെളിവുകളും മൊഴികളും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.