Connect with us

Palakkad

ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ മെയിന്റനന്‍സ് വിഭാഗം പ്രതിസന്ധിയില്‍

Published

|

Last Updated

പാലക്കാട്: ജില്ലയിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ മെയിന്റനന്‍സ് വിഭാഗത്തിലും ക്ലറിക്കല്‍ വിഭാഗത്തിലും ജീവനക്കാര്‍ നാമമാത്രം. 
1,20,000 ലാന്‍ഡ് ഫോണ്‍ കണക്ഷനുകളാണ് ജില്ലയില്‍ നിലവിലുള്ളത്. അറ്റകുറ്റപ്പണികള്‍ക്കുള്ള വിഭാഗത്തില്‍ 525 ജീവനക്കാരെയുള്ളൂ. ഔദ്യോഗിക കണക്കനുസരിച്ച് 600 ലൈനുള്ള ഒരു എക്‌സ്‌ചേഞ്ചില്‍ ഏറ്റവും ചുരുങ്ങിയത് മൂന്ന് ടെലികോം മെക്കാനിക്കുകള്‍ വേണം.—പട്ടാമ്പി, തൃത്താല ഡിവിഷനുകളില്‍ നേര്‍പകുതിപേര്‍ മാത്രമാണുള്ളത്. തൃത്താലയില്‍ പുതിയ കണക്ഷന്‍ കൊടുക്കാന്‍പോലും ആളില്ലാത്ത സ്ഥിതിയാണ്.
വാണിയംപാറ മുതല്‍ വാളയാര്‍ വരേക്കുള്ള ഹൈവേ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. മാസത്തില്‍ ശരാശരി ജില്ലയില്‍ അഞ്ചുപേരോളം വിരമിക്കുന്നു. ബില്ലടക്കുന്ന ക്യാഷ് കൗണ്ടറുകളിലും ആവശ്യത്തിന് ജീവനക്കാരില്ല.
ഭൂരി ഭാഗം സെക്ഷനിലും ഒരാള്‍ മാത്രമാണുള്ളത്. നിലവിലുള്ളയാള്‍ ലീവെടുത്താല്‍ കൗണ്ടര്‍ അടച്ചിടണം. പട്ടാമ്പി, ചിറ്റൂര്‍, ആലത്തൂര്‍, ശ്രീകൃഷ്ണപുരം, കൊല്ലങ്കോട്, ചെര്‍പ്പുളശേരി, ഒലവക്കോട് എന്നിവിടങ്ങളിലെല്ലാം ഇതാണ് അവസ്ഥ.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അഖിലേന്ത്യാതലത്തിലുള്ള കണക്കെടുത്താല്‍ അഞ്ച് ലക്ഷത്തോളം ലാന്‍ഡ്‌ഫോണുകള്‍ ഉപഭോക്താക്കള്‍ ഉപേക്ഷിച്ചു. മഴക്കാലം അടുത്തതോടെ അറ്റകുറ്റപ്പണിക്കുള്ള കേബിള്‍ ജോയിനിങ് കിറ്റ് ക്ഷാമം ജില്ലയില്‍ വലിയ പരാതികള്‍ക്കിടയാക്കും.
വെള്ളം കടക്കാതെ കേബിളുകള്‍ ബന്ധിപ്പിക്കുന്നതാണിത്. ലൈന്‍ കണക്ഷന്‍ കൊടുക്കാനുള്ള ഡ്രോപ്പ് വയറുകളും പേരിനുമാത്രമാണ്. ടെലികോം അഴിമതികളുടെ അനന്തരഫലമായി സര്‍ക്കിളുകളില്‍നിന്നുള്ള സാധനസാമഗ്രികളുടെ അലോട്ട്‌മെന്റ് ഡല്‍ഹിയില്‍നിന്ന് നേരിട്ടാക്കി. ഇതോടെ ആവശ്യമായ സാധനങ്ങളില്ലാതെ മിക്ക ഓഫീസുകളും നോക്കുകുത്തികളായി. ജില്ലയില്‍ ഒരിടത്തും ബിഎസ്എന്‍എല്‍ പുതിയ ഇന്റര്‍നെറ്റ് കണക്ഷന് മോഡം കൊടുക്കുന്നില്ല. ലാന്‍ഡ് ഫോണുകളെപ്പോലെ ഇതും ഉപഭോക്താവിന്റെ ചുമലിലാണ്.

Latest