Connect with us

Kozhikode

എം ടിയെ വായിക്കാം, ഇനി ഈ ക്യാമറക്കാഴ്ചകളിലൂടെ

Published

|

Last Updated

കോഴിക്കോട് : തുഞ്ചന്‍പറമ്പില്‍ കുട്ടികളെ എഴുത്തിനിരുത്താനെത്തുന്ന രക്ഷിതാക്കള്‍, അവരുടെ മനസ്സില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനിലൂടെ കുട്ടിക്ക് എഴുത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കാന്‍ കഴിയണമേ എന്ന പ്രാര്‍ഥന. ഒടുവില്‍ ആഗ്രഹസാഫല്യത്തില്‍ മതിമറന്ന് പിരിഞ്ഞുപോകുന്നവര്‍.
കെ പി കുമാരന്‍ സംവിധാനം ചെയ്ത “എ മൊമെന്റസ് ലൈഫ് ഇന്‍ ക്രിയേറ്റിവിറ്റി-എം ടി” ഡോക്യുമെന്ററി തുടങ്ങുന്നത് ഇങ്ങനെയാണ്. ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ പ്രകാശനം ചെയ്ത ഡോക്യുമെന്ററി എം ടിയുടെ ജീവിതത്തിലേക്കുള്ള കുറുക്കുവഴിയായി. പാലക്കാട് കൂടല്ലൂര്‍ ഗ്രാമത്തില്‍ ജനിച്ച് മലയാളത്തിന്റെ കഥയും കാര്യവുമായി മാറിയ എം ടി വാസുദേവന്‍ നായരുടെ കുട്ടിക്കാലം തികച്ചും സാധാരണം.
കര്‍ഷക കുടുംബത്തിന്റെ ഇല്ലായ്മകള്‍ രുചിച്ച ബാല്യം. സ്ത്രീകള്‍ വായനയോട് കാണിച്ചിരുന്ന താത്പര്യവും എഴുത്തുകാരോടുള്ള ആരാധനയും കണ്ടുള്ള വളര്‍ച്ച. ചെറുപ്പം മുതലേ വായന ഹരമായി കൊണ്ടുനടന്നു. കൂട്ടുകാരെപോലെ കോളജ് ദിനങ്ങള്‍ ആഘോഷമാക്കാന്‍ പണമില്ലാതെ പുസ്തകങ്ങളുമായി അടുത്ത ചങ്ങാത്തം സ്ഥാപിച്ച യൗവനം. ജ്ഞാനപീഠം സ്വീകരിച്ച് എം ടി നടത്തിയ പ്രസംഗം എല്ലാം ഡോക്യുമെന്ററിയില്‍ മുഴങ്ങുമ്പോള്‍ അത് എഴുത്തുകാരന്റെ ഭൂതകാലത്തേക്കുള്ള തിരിച്ചുപോക്കാകുന്നു.
നാലുകെട്ടിലെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം എം ടിയുടെ കഥാപാത്ര സൃഷ്ടിയുടെ കരുത്ത് കാണിച്ചു തരുന്നു. രണ്ടാമൂഴത്തിലെ ഭീമനെപ്പറ്റി എം ടി ഡോക്യുമെന്ററിയില്‍ വാചാലനാകുന്നു. “അഭിമന്യുവും ഘടോല്‍കചനും മരിച്ചപ്പോള്‍ പാണ്ഡവര്‍ കരഞ്ഞു. എന്നാല്‍ കൗരവരുടെ ആദ്യപുത്രനായ ഘടോല്‍കചന്‍ മരിച്ചപ്പോള്‍, കരയുന്നതെന്തിനാണ് എല്ലാവരും സന്തോഷിക്കൂ, അവന്‍ കാട്ടാളനാണ്, യാഗം മുടക്കുന്നവനാണ് എന്നായാലും അവനെ വധിക്കേണ്ടതല്ലേ എന്നൊക്കെ കൃഷ്ണന്‍ പറയുമ്പോള്‍ അത് കേട്ടുനില്‍ക്കുന്ന ഘടോല്‍കചന്റെ അച്ഛനായ ഭീമന്റെ അവസ്ഥ വര്‍ണനാതീതമാണ്. മഹാഭാരത കഥ തന്നെ വല്ലാതെ രസിപ്പിക്കുകയും വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു”. ആ ചിന്തകളാണ് രണ്ടാമൂഴത്തിന്റെ പിറവിക്ക് കാരണമായതെന്ന് എം ടി പറയുന്നു.
എം ടിയുടെ എഴുത്തിനെ ഏറെ സ്വാധീനിച്ച പുഴയും ഡോക്യുമെന്ററിയില്‍ പ്രധാന കഥാപാത്രമാകുന്നു. അദ്ദേഹത്തിന്റെ നോവലുകളില്‍ പ്രണയത്തിന്റേയും പ്രണയ നൈരാശ്യത്തിന്റേയും വിരഹത്തിന്റേയും ആത്മഹത്യയുടേയും ബിംബമായി മാറുന്ന പുഴയെ സംവിധായകന്‍ ഡോക്യുമെന്ററിയില്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുന്നു. എഴുത്തുകാരായ സക്കറിയയും എന്‍ എസ് മാധവനും രണ്ടാമൂഴത്തിന് ചിത്രങ്ങള്‍ വരച്ച ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും പ്രതിഭാധനനായ എഴുത്തുകാരനെ ഓര്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് എം ടിയെ ഒന്നുകൂടി വ്യക്തമായി കാണാം. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സാണ് (ഐ എന്‍ സി എ) 72 മിനിട്ടുള്ള ഡോക്യുമെന്ററി നിര്‍മിച്ചത്.
ക്യാമറ കെ ജി ജയനും ശബ്ദലേഖനം കൃഷ്ണനുണ്ണിയും നിര്‍വഹിച്ചിരിക്കുന്നു. ഡോക്യുമെന്ററി പ്രകാശനം കാലിക്കറ്റ് വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുല്‍സ്സലാം നിര്‍വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കന്നട സാഹിത്യകാരന്‍ ചന്ദ്രശേഖര കമ്പാര്‍ മുഖ്യാതിഥിയായിരുന്നു. എം ടി മറുപടി പ്രസംഗം നടത്തി.

---- facebook comment plugin here -----

Latest