Connect with us

Editorial

കൊടിക്കുന്നിലും സെന്‍കുമാറും പറഞ്ഞത്

Published

|

Last Updated

siraj copyകൊല്ലത്ത് കഴിഞ്ഞ ദിവസം നടന്ന കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ കേന്ദ്ര തോഴില്‍ സഹമന്ത്രി സുരേഷ് കൊടിക്കുന്നിലിന്റെയും ഇന്റലിജന്‍സ് എ ഡി ജി പി. ടി പി സെന്‍കുമാറിന്റെയും പ്രസംഗങ്ങള്‍ക്ക് ഒരേ സ്വരമായിരുന്നു. നമ്മുടെ പോലീസില്‍ ഇന്നും നിലനില്‍ക്കുന്ന വരേണ്യ വര്‍ഗ വിധേയത്വ മനഃസ്ഥിതിക്കെതിരെയാണ് രണ്ട് പേരും ആഞ്ഞടിച്ചത്. പോലീസ് വകുപ്പിലും സേനയിലും പിന്നാക്ക വിഭാഗക്കാര്‍ക്ക് കടുത്ത അവഗണനയും പീഡനവും അനുഭവിക്കേണ്ടി വരുന്നതായി കൊടിക്കുന്നില്‍ പരാതിപ്പെടുന്നു. പോലീസ് സേനയില്‍ പട്ടിക ജാതിക്കാരെപ്പോലുള്ള പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ എണ്ണം തുലോം കുറവാണ്. പിന്നാക്ക വിഭാഗക്കാരെ പുറത്തു ചാടിക്കാനും അവര്‍ ഉന്നത സ്ഥാനങ്ങളില്‍ എത്താതിരിക്കാനും പോലീസ് തലപ്പത്ത് കരുനീക്കങ്ങള്‍ നടക്കുന്നു. ഡി ജി പി പദവിയില്‍ കേരളത്തില്‍ ഇതുവരെ ഒരു പട്ടിക ജാതിക്കാരനും എത്തിയിട്ടില്ല. എസ് ഐ മുതല്‍ ഐ ജി വരെയുള്ള സ്ഥാനങ്ങളില്‍ പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ എത്തരുതെന്ന് പോലീസ് തലപ്പത്തുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ട് എന്നിങ്ങനെ നീളുന്നു കൊടിക്കുന്നിലിന്റെ പരിവേദനങ്ങള്‍.
വെള്ളക്കാരന് സലൂട്ട് ചെയ്യുകയും സാധാരണക്കാരനെ ചവിട്ടിയരക്കുകയും ചെയ്യുന്ന ബ്രിട്ടീഷ് ഭരണ കാലത്തെ പോലീസ് സ്വഭാവത്തിന് ഇന്നും മാറ്റം വന്നിട്ടില്ലെന്ന് ടി പി സെന്‍കുമാര്‍ കുറ്റപ്പെടുത്തുന്നു. കലാഭവന്‍ മണിയുടെ സ്ഥാനത്ത് മമ്മുട്ടിയോ മോഹന്‍ലാലോ ദിലീപോ ജയറാമോ ആയിരുന്നെങ്കില്‍ കേസുമായി പോലീസ് മുന്നോട്ട് പോകുമായിരുന്നോ എന്ന്, ആതിരപ്പള്ളിയില്‍ വനപാലകരെ ആക്രമിച്ച കേസില്‍ മണിക്കെതിരെ കേസെടുത്ത സംഭവത്തെ പരാമര്‍ശിച്ചു അദ്ദേഹം ചോദിക്കുകയുണ്ടായി. മണി പിന്നാക്ക വിഭാഗക്കാരനായതാണ് അദ്ദേഹത്തിനെതിരെയുളള കേസില്‍ താത്പര്യമെടുക്കാന്‍ പോലീസിന് പ്രചോദകമെന്നാണ് സെന്‍കുമാറിന്റെ പക്ഷം.
പോലീസ് വിഭാഗത്തോടുള്ള എന്തെങ്കിലും ശത്രുതയോ രാഷ്ട്രീയ പക്ഷപാതിത്വമോ അല്ല രണ്ട് പേരുടെയും വിമര്‍ശത്തിന് പിന്നില്‍. കൊടിക്കുന്നില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സമുന്നതനായ നേതാവാണെങ്കില്‍, കാലങ്ങളായി പോലീസില്‍ സേവനമനുഷ്ഠിക്കുകയും ആ വകുപ്പിന്റെ അകവും പുറവും നന്നായി അറിയുകയും ചെയ്യുന്ന ഉന്നതോദ്യോഗസ്ഥനാണ് സെന്‍കുമാര്‍. അനുഭവത്തിന്റെയും വ്യക്തമായ തെളിവുകളുടെയും പിന്‍ബലമുണ്ടായിരിക്കണം ഇരുവരുടെയും വിമര്‍ശത്തിന്. അല്ലെങ്കിലും സാധാരണക്കാരന് ധാരാളം വിവരിക്കാനുണ്ടാകും പോലീസിന്റെ ഫ്യൂഡല്‍ വര്‍ഗ വിധേയത്വത്തിന്റെയും പാര്‍ശ്വവത്കൃത വിഭാഗങ്ങളോടുള്ള അവഗണനയുടെയും കഥകള്‍.
നിയമ വ്യവസ്ഥിതിയില്‍ സാമൂഹിക നീതി ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും വരേണ്യ വര്‍ഗത്തിനും സാമ്പത്തികമായി ഉയര്‍ന്നവര്‍ക്കും ഒരു നീതിയും സാധാരണക്കാരന് വിശിഷ്യാ പിന്നാക്കക്കാരന് മറ്റൊരു നീതിയുമെന്നതാണ് ഇന്ന് പൊതുവെ അവസ്ഥ. ആതിരപ്പള്ളിയില്‍ കലാഭവന്‍ മണി വനപാലകരെ അക്രമിച്ചുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ കൂടുതല്‍ കുറ്റങ്ങള്‍ ചാര്‍ത്തി കേസ് ശക്തമാക്കാനാണ് പോലീസ് തീരുമാനമെന്നാണ് പുതിയ വാര്‍ത്ത. സെന്‍കുമാര്‍ പറയുന്നത് പോലെ ഇവിടെ പ്രതി ഏതെങ്കിലുമൊരു സൂപ്പര്‍ സ്റ്റാറായിരുന്നെങ്കില്‍ കേസ് ദുര്‍ബലപ്പെടുത്തുന്ന സമീപനമല്ലേ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുക? ഈ ഇരട്ടത്താപ്പ് ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള അവഹേളനമാണ്.
വെള്ളക്കാരനെ മാന്യനും ഇന്ത്യക്കാരനെ നികൃഷ്ടനുമയി കാണുന്ന നയമായിരുന്നു ബ്രിട്ടീഷ് ഭരണത്തില്‍ രാജ്യത്തുണ്ടായിരുന്നത്. ഈ വ്യവസ്ഥിതിയെ മാനിക്കാന്‍ പോലീസ് സേന ബാധ്യസ്ഥവുമായിരുന്നു. ഇതിനറുതി വരുത്തി ഭരണത്തന്റെ സര്‍വ മേഖലകളിലും സമത്വവും സാമൂഹിക നീതിയും നടപ്പില്‍ വരുത്താനാണ് നമ്മുടെ പൂര്‍വീകര്‍ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടിയത്. വെള്ളക്കാര്‍ രാജ്യം വിട്ട് ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും എന്തേ ആ അധിനിവേശ സംസ്‌കാരത്തില്‍ നിന്നും ചിന്താഗതികളില്‍ നിന്നും നമ്മുടെ പോലീസ് സേനക്ക് മോചിതരാകാന്‍ സാധിക്കാത്തത്? രാജ്യത്ത് സാമൂഹിക നീതി ഉറപ്പ് വരുത്താന്‍ ബാധ്യസ്ഥരായ മന്ത്രിമാര്‍ തന്നെ പോലീസിലെ വരേണ്യ വര്‍ഗ വിധേയത്വത്തെ ചൊല്ലി പരിതപിക്കേണ്ടി വരുന്നെങ്കില്‍ പിന്നെ ആരാണിതിന് പരിഹാരമുണ്ടാക്കേണ്ടത്?

Latest