Connect with us

Ongoing News

കൂറുമാറ്റത്തിന്റെ കോടതി വര്‍ത്തമാനം

Published

|

Last Updated

narodhyapatya

മുന്‍മന്ത്രി കോഡ്‌നാനി,ബജ്‌റങ്ദള്‍ നേതാവ് ബാബു ബജ്‌റിംഗ്

നരോദാ പാട്യ കൂട്ടക്കൊലക്കേസ്, രാജ്യത്തിനു മേല്‍ കളങ്കമായി മാറിയ ന്യൂനപക്ഷ വേട്ടയുടെ ഗുജറാത്തീ മുഖം തുറന്നുകാട്ടിയ കേസുകളിലൊന്ന്. നരേന്ദ്ര മോഡിയും സംഘവും നിസ്സഹായരായ ഇരകള്‍ക്കു മേല്‍ കയറി നിന്ന് ആഹഌദ നൃത്തം ചവിട്ടിയ ഗുജറാത്തില്‍ നിന്ന് രാജ്യം ശ്രദ്ധിച്ച കേസുകളിലൊന്നാണിത്. ഈ കേസിന്റെ വിചാരണക്കിടെ സാക്ഷികള്‍ പല തവണ കൂറു മാറി. ഓരോ തവണയും വ്യത്യസ്തമായിരുന്നു സാക്ഷികള്‍ക്ക് പറയാനുണ്ടായിരുന്നത്. സാക്ഷികളുടെ നിലപാട്മാറ്റം കേസിനെ ബാധിക്കുമോ എന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആശങ്കപ്പെട്ടു. പ്രതികള്‍ രക്ഷപ്പെട്ടുകൂടെന്ന് നിര്‍ബന്ധമുള്ളവരായിരുന്നു കേസ് നടത്തിപ്പിന,് ഇരയായ ഷാഹിറ ഷെയ്ഖിനെയും മറ്റും സഹായിക്കാനുണ്ടായിരുന്നത്. അവസാനം ഷാഹിറ ഷെയ്ഖിലായിരുന്നു പ്രതീക്ഷ. പക്ഷേ അവസാനം പ്രതികളെ പോലും ഞെട്ടിച്ചു കൊണ്ട് ഷാഹിറ ഷെയ്ഖും കൂറു മാറി. മാത്രമല്ല കേസുമായി ബന്ധപ്പെട്ട നിയമ സഹായങ്ങളുള്‍പ്പെടെ ചെയ്തിരുന്ന സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദിനെതിരെ മൊഴി നല്‍കുകയും ചെയ്തു അവര്‍. കോടതിമുറിക്കുള്ളിലെ കൂറുമാറ്റങ്ങളുടെ ചരിത്രത്തില്‍ ഈ കേസ് അങ്ങനെ വേറിട്ടു നിന്നു. ഏറെ കാലം രാജ്യം ഇത് ചര്‍ച്ച ചെയ്തു. പീന്നീട് ഒരുപാട് കൂറുമാറ്റങ്ങള്‍ പല കേസുകളിലായി രാജ്യത്തെ പല കോടതികളില്‍ നടന്നു. അവയൊന്നും നരോദാ പാട്യ പോലെ ചര്‍ച്ച ചെയ്യപ്പെട്ടില്ല. കാരണം സ്വാഭാവികമോ ഒറ്റപ്പെട്ടതോ ആയിരുന്നു അവയെല്ലാം.
നമ്മുടെ പ്രദേശങ്ങളിലെ സബ് കോടതികളിലൊക്കെ ഇതു പോലെ ഇടക്കൊക്കെ നടക്കുന്നുണ്ട്. എന്നാല്‍ വിചിത്രമായ കൂറുമാറ്റ പരമ്പര തന്നെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ മാറാട് വിചാരണ കോടതിയില്‍ നടക്കുന്നത്. ആര്‍ എം പി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണക്കിടയില്‍ ദിനവും കൂറുമാറ്റങ്ങളുടെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇന്നലെയും ഒരാള്‍ കൂറുമാറിയിരിക്കുന്നു. കേസില്‍ പ്രതിയായ ദീപു മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തതിന് സാക്ഷിയായ വടകര സ്വദേശി സുബിന ബാബുരാജാണ് ഇന്നലെ മൊഴിമാറ്റി പറഞ്ഞത്. ഒരു ദിവസം ആറ് പേര്‍ വരെ കൂട്ടത്തോടെ കൂറുമാറിയിട്ടുണ്ട് ഈ കേസില്‍.
വള്ളിക്കാട് ടൗണില്‍ രാത്രി പത്തേകാലോടെ ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത് തെരുവ് വിളക്കിന്റെ വെളിച്ചത്തില്‍ കണ്ടവര്‍, അവരെ കണ്ടവര്‍, പ്രതികള്‍ രക്ഷപ്പെടുന്നത് കണ്ടവര്‍, തൊട്ടു തലേന്നാള്‍ പ്രതികള്‍ വട്ടംകൂടി നിന്ന് സംസാരിക്കുന്നത് കണ്ടവര്‍, ടി പി കൊല്ലപ്പെടുന്നതിന് മുമ്പായി ഏകദേശം ഒമ്പതോടുകൂടി കോറോത്ത് റോഡിലെ വൃദ്ധസദനത്തിനു സമീപം പ്രതികള്‍ സഞ്ചരിച്ച കെ എല്‍ 58ഡി 8144 നമ്പര്‍ ഇന്നോവ കാര്‍ നിര്‍ത്തിയിട്ടത് കണ്ടവര്‍, കാറിന്റെ ഉടമ, വാടകക്ക് എടുത്തു നല്‍കിയവന്‍, പ്രതികളെ സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചവര്‍, ഇന്നോവ കാര്‍ ഒളിപ്പിച്ചു നിര്‍ത്തിയ വീട്ടുകാരന്‍… ഒറ്റയായും കൂട്ടമായും അങ്ങനെ മൊഴിമാറ്റിയവര്‍ ഇപ്പോള്‍ 46 ആയി. എരഞ്ഞിപ്പാലത്തെ കോടതി വരാന്തയില്‍ നിന്ന് പ്രോസിക്യൂഷന്‍ കൂടി കൂറു മാറിയെന്ന വാര്‍ത്ത ഇനി കേള്‍ക്കേണ്ടി വരുമോ ആവോ..? കോടതി നടപടികള്‍ക്കിടയില്‍ രണ്ട് തവണ പ്രോസിക്യൂഷനെ പോലും ശാസിക്കേണ്ടി വന്നു കോടതിക്ക്.
ഈ കൂറുമാറ്റത്തിന് പിന്നിലെ കാരണങ്ങള്‍ തേടുമ്പോള്‍ കിട്ടുന്ന ഉത്തരം പലതാണ്. യഥാര്‍ഥ സംഭവങ്ങള്‍ക്കപ്പുറത്ത് എരിവും പുളിയും ചേര്‍ക്കാന്‍ നീക്കം നടത്തിയ പോലീസ്, സാക്ഷികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കിയ സി പി എം നേതൃത്വം, സി പി എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ അനാവശ്യ ധൃതി കാണിച്ച ആര്‍ എം പി… ഏത് ഘടകമാണാവോ ഇപ്പോഴത്തെ ഈ അസാധാരണ കൂറുമാറ്റത്തിന് പിന്നില്‍?. അടുത്ത കാലത്തൊന്നും ഇതു പോലൊരു മൊഴിമാറ്റം നടന്നിട്ടില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ തന്നെ പറയുന്നത്. സി പി എം നല്‍കുന്ന പ്രതിപ്പട്ടികയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്ന രീതി ഇനി നടക്കില്ലെന്നാണ് കേസിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞത്. അങ്ങനെ തിരുവഞ്ചൂരിന്റെ പോലീസ് തന്നെ പ്രതികളെ കണ്ടെത്തി. സാക്ഷികളേയും. ടി പി വധക്കേസിലെ മുഖം നോക്കാത്ത നടപടിക്ക് ചാനലിന്റെ ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് പോലും കിട്ടി തിരുവഞ്ചൂരിന്. സാക്ഷികളുടെ കൂറുമാറ്റം തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാനത്തെ പോലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നു. സാക്ഷികള്‍ ഇങ്ങനെ മൊഴി മാറ്റിയാല്‍ മുല്ലപ്പള്ളിയുടെ ഭാഷയില്‍ പിടിയിലായ പരല്‍മീനുകള്‍ ചാടി പോകുമോ എന്നാണ് പേടി. പിന്നെ വമ്പന്‍ സ്രാവുകളുടെ കാര്യം എടുക്കാനുണ്ടോ..? കഴിഞ്ഞ ദിവസം സാക്ഷികളുടെ കൂറുമാറ്റം ഗൗരവമായി കാണുമെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. കൂറുമാറ്റത്തില്‍ പോലീസിനേയും പ്രോസിക്യൂഷനേയും ഒരു പോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവരുണ്ട്. പോലീസിന് പിഴവ് പറ്റിയെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ കോടതിയിലെത്തിയാല്‍ പിന്നെയെല്ലാം പ്രോസിക്യൂഷന്റെ പണിയാണെന്നാണ് മറു വിഭാഗം തിരിച്ചടിക്കുന്നത്. എന്തായാലും ഇരു കൂട്ടരും എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ നിന്നു വിയര്‍ക്കുകയാണ്.
പ്രമുഖ ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം അഭിനയിച്ച ഹിന്ദി സിനിമയാണ് “ധൂം”. ഈ സിനിമയില്‍ സാഹസികമായി ബേങ്ക് കവര്‍ച്ച ചെയ്യുന്നുണ്ട് നായകനായ ജോണ്‍ എബ്രഹാം. ഈ സിനിമയിലെ രംഗങ്ങള്‍ അനുകരിച്ചാണ് ചേലേമ്പ്ര ബേങ്ക് കവര്‍ച്ച നടന്നത്. സ്വര്‍ണവും പണവുമുള്‍പ്പെടെ എട്ട് കോടി രൂപയാണ് പ്രതികള്‍ ഇവിടെ നിന്ന് കവര്‍ന്നെടുത്തത്. സിനിമാ സ്റ്റൈലില്‍ സാഹസികമായി മോഷണം നടത്തിയവരെ സിനിമയെ പോലും വെല്ലുംവിധം അതിസാഹസികമായാണ് നമ്മുടെ പോലീസ് വലയിലാക്കിയത്. കള്ളന്‍മാരുടെ ഗ്രാമമെന്ന് വിളിപ്പേര് വീണ തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമത്തിലേക്ക് കടന്നുചെല്ലാന്‍ തമിഴ്‌നാട് പോലീസ് പോലും ധൈര്യം കാണിക്കാറില്ല. കേരളത്തില്‍ നിന്ന് കവര്‍ന്ന തൊണ്ടി തേടി തിരുട്ടു ഗ്രാമത്തിലെത്തി മോഷ്ടാവിനേയും കൊണ്ട് മടങ്ങിയെത്തിയ കേരള പോലീസ് തമിഴ്‌നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. കേരള പോലീസിന്റെ അഭിമാന നിമിഷങ്ങളിലെ രണ്ട് സംഭവങ്ങളാണിത്. പ്രതികളെ കണ്ടെത്തുന്നതിലും കേസുകള്‍ തെളിയിക്കുന്നതിലും മുന്നിലുള്ള നമ്മുടെ പോലീസിന് ടി പി കേസില്‍ എന്താണ് സംഭവിച്ചത്?. സ്വതന്ത്രമായി അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്തതാണോ കാരണം?. അങ്ങനെ കരുതുന്നവരാണ് ഏറെയും.
ടി പി കൊല്ലപ്പെട്ടയുടന്‍ പ്രതികളെ പിടിക്കുകയായിരുന്നില്ല ആരുടെയും ആവശ്യം. സി പി എമ്മുകാരെ പ്രതികളാക്കുകയായിരുന്നു ആര്‍ എം പിയുടെയും സാക്ഷാല്‍ രമയുടെ പോലും താത്പര്യം. പ്രതികള്‍ ആരായിരുന്നാലും അവരെ പിടികൂടുക. പിന്നീട് മതിയായിരുന്നില്ലേ അവരുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്. മുന്‍വിധികളായിരുന്നു എല്ലാവര്‍ക്കും. സി പി എമ്മിന്റെ അനാവശ്യമായ പ്രതിരോധവും അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ടി പി കൊല്ലപ്പെട്ട് നാലാം ദിവസം ടി പിയുടെ ഭാര്യ കെ കെ രമ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത് പോലും സി പി എം അസഹിഷ്ണുതയോടു കൂടിയാണ് കണ്ടത്. സഫ്ദര്‍ ഹശ്മി കൊല്ലപ്പെട്ടപ്പോള്‍ 24 മണിക്കൂറിനകം അതേ നാടകം അതേ തെരുവില്‍ കളിച്ചു കൊണ്ടാണ് ഭാര്യ മാലാശ്രീ ഹാശ്മി കൊലയാളികളോട് പകരം വീട്ടിയത്. ഇവിടെ ടി പിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കെ കെ രമ രംഗത്തെത്തുന്നതും ഇതേ മാതൃകയാകാം. എന്നാല്‍ വിമോചന സമര കാലത്ത് കൈവരിക്കാന്‍ കഴിയാതെ പോയ ചില നേട്ടങ്ങള്‍ക്കായി വീണുകിട്ടിയ സുവര്‍ണാവസരമായി ടി പി വധത്തെ നോക്കി കണ്ടവരുണ്ട്. ടി പിയുടെ വധത്തേക്കാള്‍ പലരേയും നിയന്ത്രിച്ചത് ഈ വികാരമായിരുന്നു. നിഷ്പക്ഷതയുടെ മുഖംമൂടിയിട്ട് ചിലര്‍ ഒരുക്കിയ തന്ത്രപരമായ കെണിയില്‍ ആര്‍ എം പി പോലും വീണു പോകുകയായിരുന്നു. ഇത് തിരിച്ചറിയാന്‍ ഇവര്‍ക്ക് കഴിഞ്ഞതുമില്ല.
80 കള്‍ മുതല്‍ ഇടുക്കിയിലും തുടര്‍ന്ന് കണ്ണൂരിലും പിന്നീട് മറ്റിടങ്ങളിലും കൊലപാതക രാഷ്ട്രീയം നടപ്പിലാക്കുന്ന കാര്യത്തില്‍ സി പി എമ്മും കോണ്‍ഗ്രസും ബി ജെ പിയും മത്സരിച്ചത് ആരും മറന്നിട്ടില്ല. അന്നൊക്കെ ഭരണകൂടത്തിന്റെയും പോലീസ് നിയമസംവിധാനങ്ങളുടെയും സഹായം തന്നെയാണ് ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ക്കൊക്കെ കിട്ടിക്കൊണ്ടിരുന്നത്. ഇത്തരം ഒളിഞ്ഞുനിന്നു സഹായിക്കുന്നവരെയാണ് പുറത്തുകൊണ്ടു വരേണ്ടത്. എന്നാല്‍ ഈ കൊലപാതക രാഷ്ട്രീയത്തിന് വിരാമമിടാനാകും. കൊലപാതകത്തെ തള്ളിപ്പറയുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് തള്ളാനാകാത്ത ചിലര്‍ പ്രതിപ്പട്ടികയില്‍ കടന്നുകൂടിയപ്പോള്‍ നേതാക്കള്‍ നല്‍കിയ മറുപടികള്‍ സി പി എമ്മിനെ ഒറ്റപ്പെടുത്തുന്നതിനും കാരണമായി. ഒഞ്ചിയത്തെ ആര്‍ എം പിക്കാരായിരുന്നില്ല യഥാര്‍ഥത്തില്‍ കുലംകുത്തികള്‍, മറിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ഇവരായിരുന്നു. അങ്ങനെ വിശ്വസിക്കുന്നവരാണ് പാര്‍ട്ടിക്ക് ഉള്ളിലുള്ളവരും പുറത്തുള്ളവരും. ടി പി കേസില്‍ ഏതെങ്കിലും പാര്‍ട്ടിയോ പാര്‍ട്ടിക്കാരോ അല്ല, യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടട്ടെ, അത് ആരായിരുന്നാലും.

Latest