Connect with us

Kozhikode

കാര്‍ഷിക മേഖലയില്‍ നിന്ന് തൊഴിലുറപ്പ് പദ്ധതിയെ മാറ്റിനിര്‍ത്തില്ല: മന്ത്രി മുനീര്‍

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ നിന്ന് തൊഴിലുറപ്പ് പദ്ധതിയെ മാറ്റിനിര്‍ത്തില്ലെന്നും ഇത് സംബന്ധിച്ചുളള ആശങ്കകള്‍ അസ്ഥാനത്താണെന്നും പഞ്ചായത്ത് -സാമൂഹികക്ഷേമ മന്ത്രി ഡോ. എം കെ മുനീര്‍. നിര്‍ഭയ പദ്ധതിയുടെ കാവിലുംപാറ പഞ്ചായത്ത്തല ഉദ്ഘാടനം തൊട്ടില്‍പ്പാലത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആട് ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ ആശ്രയ പദ്ധതി ഗുണഭോക്താക്കള്‍ക്കുളള വിഷുക്കോടി വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് മാസ്റ്റര്‍ നിര്‍വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിനം പൂര്‍ത്തീകരിച്ചവരെ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത നടേമ്മല്‍ അനുമോദിച്ചു. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള കുട വിതരണം കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ ഹമീദ് നിര്‍വഹിച്ചു.
ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കമല ആര്‍ പണിക്കര്‍, സിസിലി കരിമ്പാശ്ശേരി, കെ പി ശ്രീധരന്‍, പി മോഹനന്‍, സൗമിനി ഷാജന്‍, എം കെ ബാലകൃഷ്ണന്‍, ഗീതാ രാജന്‍ സംസാരിച്ചു.