Connect with us

Malappuram

വേനല്‍ ചൂടില്‍ ജില്ല വരളുന്നു

Published

|

Last Updated

വേങ്ങര: വേനല്‍ ശക്തമായതോടെ ജില്ല കടുത്ത വരള്‍ച്ചിയിലേക്ക് നീങ്ങുന്നു. ആയിരക്കണക്കിന് കുടിവെള്ള പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ഭൂരിഭാഗം പദ്ധതികളും നാമ മാത്രമാണ്. ജില്ലയിലെ മിക്ക മണ്ഡലങ്ങളിലെയും കുടിവെള്ള പദ്ധതികള്‍ക്കാവശ്യമായ ജലം കണ്ടെത്തുന്നത് പുഴകളിലെ ജലസ്രോതസ് ലക്ഷ്യം വെച്ചുള്ള കിണറുകളാണ്. കാര്യക്ഷമമായ തടയണകള്‍ നിലവിലില്ലാത്ത പുഴകളിലെ കിണറുകളില്‍ നിന്നും ആവശ്യത്തിന് വെള്ളം ലഭിക്കാത്തത് കാരണം അധികൃതര്‍ കുഴയുന്നു. കഴിഞ്ഞ ആഴ്ചയില്‍ ദിവസം അഞ്ചും ആറും മണിക്കൂറുകള്‍ വെള്ളം ലഭ്യമാക്കിയിരുന്ന പദ്ധതിയില്‍ പോലും ഇപ്പോള്‍ ഒരു മണിക്കൂറില്‍ താഴെ മാത്രമാണ് വെള്ളം വിതരണം ചെയ്യുന്നത്. ഇതോടെ പൊതു ടാപ്പുകളില്‍ പാത്രങ്ങളുടെ നീണ്ട നിരകളാണുള്ളത്.കേരള വാട്ടര്‍ അതോറിറ്റി, ജലനിധി, ത്രിതല പഞ്ചായത്തുകള്‍, എം പി, എം എല്‍ എ പദ്ധതികള്‍ എന്നിവ പ്രകാരമുള്ള കുടിവെള്ള പദ്ധതികളാണ് നിലവിലുള്ളത്. കൂടുതല്‍ ഗുണഭോക്താക്കളുള്ളതും പൊതു ടാപ്പുകള്‍ ലഭ്യമാവുന്നതും വാട്ടര്‍ അതോറിറ്റിയുടെ പദ്ധതികള്‍ക്കാണ്. ഇവക്ക് ആവശ്യമായ ജലം അധികൃതര്‍ക്ക് ലഭ്യമാവുന്നുമില്ല. അതേ സമയം ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍ ഉപയോഗിച്ച് നടത്തുന്ന പദ്ധതികളെല്ലാം ജലക്ഷാമം കാരണം നിര്‍ത്തിവെക്കല്‍ ഭീഷണിയിലാണ്. ഇത്തരം പദ്ധതി പ്രകാരം നിലവിലുള്ള കുടിവെള്ള വിതരണത്തിന് പുതിയ കണക്ഷന്‍ നല്‍കാന്‍ അധികൃതര്‍ കൂട്ടാക്കുന്നില്ല. നിലവിലുള്ള ഗുണഭോക്താക്കള്‍ക്ക് പോലും വെള്ളം നല്‍കാന്‍ കഴിയാത്ത അവസ്ഥയില്‍ പുതിയ കണക്ഷനുകള്‍ നല്‍കേണ്ടെന്നതീരുമാനത്തിലാണ് അധികൃതര്‍. കുടിവെള്ള കച്ചവടത്തിനായി കിണറുകളില്‍ നിന്നും എച്ച് പി കൂടിയ മോട്ടോറുകള്‍ ഉപയോഗിച്ച് വാഹനങ്ങളിലേക്ക് പമ്പ് ചെയ്യുന്നത് പരിസരത്തെ കിണറുകള്‍ വറ്റി വരളാനും ഇടയാക്കിയിട്ടുണ്ട്. ചെറിയ ജലാശയങ്ങളെ ആശ്രയിച്ച് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വന്‍ തിരക്കും വര്‍ധിച്ചിട്ടുണ്ട്.

Latest