Connect with us

National

ജെ ഡി യുവിനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം

Published

|

Last Updated

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബീഹാറിന് പ്രത്യേക പദവിയെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചേക്കുമെന്ന് സൂചന. ബീഹാറിന് പ്രത്യേക പദവി നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ എന്‍ ഡി എ ഘടകകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡിനെ യു പി എയില്‍ ചേര്‍ക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഡി എം കെ പിന്തുണ പിന്‍വലിച്ചതോടെ തത്വത്തില്‍ ന്യൂനപക്ഷമായ യു പി എ സര്‍ക്കാറിനെ ബി എസ് പിയും എസ് പിയുമാണ് പുറമെ നിന്ന് പിന്തുണ നല്‍കുന്നത്. മൂന്നാം മുന്നണിയുമായി എസ് പി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന സൂചന മുലായം സിംഗ് യാദവ് നല്‍കിയ സാഹചര്യത്തിലാണ് ജെ ഡി യുവിനെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനാണ് ബി ജെ പി ആലോചിക്കുന്നത്. മുന്നണിയില്‍ നിന്ന് മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ശക്തമായി എതിര്‍ക്കുന്നയാളാണ് നിതീഷ് കുമാറെന്നതും കോണ്‍ഗ്രസിന് അനുകൂലമാകും.