Connect with us

Kozhikode

വടകര എം എ സി ടി കേസുകള്‍ മാറ്റിയ സംഭവം: ബാര്‍ അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

വടകര: മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലിലെ അഞ്ഞൂറോളം വാഹനപകട നഷ്ടപരിഹാര കേസുകള്‍ കോഴിക്കോട്ടേക്ക് മാറ്റിയ നടപടിയില്‍ വടകര ബാര്‍ അസോസിയേഷന്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു.
കേസ് മാറ്റത്തെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന അടിയന്തര ജനറല്‍ ബോഡിയോഗത്തിലാണ് പ്രക്ഷോഭമാരംഭിക്കാന്‍ തീരുമാനിച്ചത്. പ്രക്ഷോഭത്തിന്റെ മുന്നോടിയായി നാളെ ബാര്‍ അസോസിയേഷന്‍ നിയോഗിച്ച പ്രത്യേക അഭിഭാഷക സംഘം കോഴിക്കോട് ജില്ലയുടെ ചുമതല വഹിക്കുന്ന ഹൈക്കോടതി ജഡ്ജി തോട്ടത്തില്‍ ബി രാധാകൃഷ്ണനെ സന്ദര്‍ശിക്കും.
വടകര ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ കെ നാരായണന്‍, സെക്രട്ടറി എ സനൂജ്, അബ്ദുല്ല മണപ്രത്ത്, ടി ടി ദിനേശന്‍, പി എം സോമസുന്ദരം എന്നീ അഭിഭാഷകരാണ് സംഘത്തിലുള്ളത്. സന്ദര്‍ശനത്തിന് ശേഷം ഭാവി പരിപാടികള്‍ ആലോചിക്കാനാണ് യോഗ തിരുമാനം.
കേസുകള്‍ മാറ്റിയതോടെ വാഹനാപകടങ്ങളില്‍ പരുക്കേറ്റവരും അഭിഭാഷകരും കിലോ മീറ്ററുകളോളം താണ്ടി കോഴിക്കോട് എത്തേണ്ട സ്ഥിതി വിശേഷമാണുള്ളത്.
ഇത്തരം കേസുകളില്‍ കക്ഷികള്‍ക്ക് പ്രയാസമുണ്ടാകാതെ വിരല്‍ തുമ്പില്‍ നീതി ലഭിക്കാന്‍ വേണ്ടിയാണ് പതിനെട്ട് വര്‍ഷം മുമ്പ് വടകരയില്‍ എം എ സി ടി സ്ഥാപിച്ചത്.
തുടര്‍ന്ന് തൊട്ടടുത്ത പ്രദേശങ്ങളായ കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, നാദാപുരം എന്നീ കോടതികളില്‍ ആഴ്ചയിലൊരിക്കല്‍ ക്യാമ്പ് സിറ്റിംഗ് നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഇതിന് വിപരീതമായാണ് വടകരയില്‍ നിന്നും അഞ്ഞൂറോളം കേസുകള്‍ കോഴിക്കോട്ടെ രണ്ട് കോടതികളിലേക്കായി മാറ്റിയത്.

 

Latest