Connect with us

Ongoing News

യുവേഫ ചാമ്പ്യന്‍സ് ലീഗ്: റയല്‍ ക്വാര്‍ട്ടറില്‍

Published

|

Last Updated

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. ആദ്യപാദം 1-1ന് സമനിലയിലായ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ റയല്‍ 2-1ന് ജയിക്കുകയായിരുന്നു. ഇരു പാദത്തിലുമായി 3-2നാണ് റയല്‍ ജയിച്ചത്.
റഫറിയുടെ വിവാദ തീരുമാനത്തില്‍ നാനിക്ക് ചുവപ്പ് കാര്‍ഡ് കണ്ടതാണ് മത്സരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരാക്കിയത്. ഒരു ഗോളിന് മുന്നിട്ടുനിന്ന മാഞ്ചസ്റ്ററിന് നാനിയുടെ പുറത്താകലോടെ താളംതെറ്റുകയായിരുന്നു. ക്രൊയേഷന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചിലൂടെ സമനില നേടിയ റയല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ വിജയ ഗോള്‍ നേടി.
മാഞ്ചസ്റ്ററിന്റെ ഗോള്‍ സെല്‍ഫ് ആയിരുന്നു. റയലിന്റെ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് പറ്റിയ അബദ്ധമാണ് യുണൈറ്റഡിന് മത്സരത്തില്‍ ലീഡ് നേടിക്കൊടുത്തത്. റയലിന്റെ തട്ടകത്തില്‍ നടന്ന ആദ്യപാദം 1-1ന് തുല്യമായിരുന്നതിനാല്‍ ഹോംഗ്രൗണ്ടിലെ ലീഡ് ഗോള്‍ ഇംഗ്ലീഷ് ക്ലബ്ബിന് വ്യക്തമായ മുന്‍തൂക്കം നല്‍കി. റെയലിന്റെ ഗ്രൗണ്ടില്‍ നേടിയ അതേ ഗോളിന് പുറമെ സ്വന്തം തട്ടകത്തില്‍ ഗോള്‍ നേടാനായത് യുണൈറ്റഡിന്റെ ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിപ്പിച്ചു. ക്രിസ്റ്റ്യാനോ റോണോള്‍ഡോക്കും സംഘത്തിനും കടുത്ത പ്രതിരോധം സൃഷ്ടിച്ച മാഞ്ചസ്റ്റര്‍ നാനിയുടെ പുറത്താകല്‍ വരെ മത്സരത്തില്‍ വ്യക്തമായ ആധിപത്യം നിലനിര്‍ത്തി.
61 ശതമാനം ബോള്‍ പൊസഷന്‍ റയലിനായിരുന്നു. തരംകിട്ടുമ്പോള്‍ ആക്രമിച്ചുകയറുന്നതായിരുന്നു മാഞ്ചസ്റ്ററിന്റെ തന്ത്രം. ഗോള്‍ തിരിച്ചടിക്കാന്‍ ആക്രമിച്ചുകളിച്ച റയലിന് അവിചാരിതമായിട്ടാണ് നാനിയുടെ പുറത്താകല്‍ ബ്രേക്ത്രൂ നല്‍കിയത്. രണ്ടാം പകുതിയിലായിരുന്നു നാനിയുടെ പുറത്താകല്‍. നാനി വായുവിലുയര്‍ന്ന് പന്ത് കൈയടക്കാന്‍ ശ്രമിക്കുന്നതിനിടെ റയലിന്റെ താരത്തിന് ഗുരുതരമായി പരുക്കേറ്റതാണ് റഫറിയെ റെഡ് കാര്‍ഡ് എടുക്കാന്‍ നിര്‍ബന്ധിതനാക്കിയത്. എന്നാല്‍ ഇത് മനപൂര്‍വമല്ലായിരുന്നുവെന്ന് ടെലിവിഷന്‍ റീപ്ലേകളില്‍ വ്യക്തമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പതിനായിരക്കണക്കിന് വരുന്ന ആരാധകര്‍ കൂക്കി വിളിച്ചുകൊണ്ടാണ് റഫറിയുടെ തീരുമാനത്തെ എതിരേറ്റത്. മാഞ്ചസ്റ്ററിന്റെ കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍ റഫറിയുടെ തീരുമാനത്തില്‍ ദേഷ്യപ്പെട്ടുകൊണ്ടാണ് ഗ്രൗണ്ട് വിട്ടത്.
ക്രിസ്റ്റ്യാനോ റൊണോള്‍ഡോ മാഞ്ചസ്റ്ററിന്റെ ഗ്രൗണ്ടില്‍ കളിക്കാന്‍ ഇറങ്ങിയതായിരുന്നു മത്സരത്തെ ഏറെ ശ്രദ്ധേയമാക്കിയത്. റയലിന്റെ താരമാകും മുമ്പ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിന്റെ സൂപ്പര്‍ താരമായിരുന്നു. അതുകൊണ്ടു തന്നെ മുന്‍ ക്ലബ്ബിനെതിരെ ഗോള്‍ നേടിയപ്പോള്‍ ക്രിസ്റ്റ്യാനോ പതിവ് രീതിയിലുള്ള ആഹ്‌ളാദ പ്രകടനങ്ങളൊന്നും നടത്തിയിരുന്നില്ല. റയല്‍ താരങ്ങള്‍ ആര്‍പ്പ് വിളിയോടെ തന്റെ ഗോള്‍ ആഘോഷിക്കാനെത്തിയപ്പോള്‍ ക്രിസ്റ്റ്യാനോ നിസ്സംഗനായി നിന്നു. ഒപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരോട് ക്ഷമിക്കണമെന്ന രീതിയിലുള്ള ഒരു ആംഗ്യപ്രകടനവും ക്രിസ്റ്റ്യാനോ നടത്തി.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഇതിഹാസ താരമാണ് ക്രിസ്റ്റ്യാനോ. ആദ്യ പകുതിയില്‍ ക്രിസ്റ്റ്യാനോക്ക് രണ്ട് തവണ മാത്രമാണ് ഗോളിലേക്ക് ഷോര്‍ട്ട് തീര്‍ക്കാന്‍ സാധിച്ചത്. അത്രമാത്രം ജാഗ്രതയായിരുന്നു മാഞ്ചസ്റ്റര്‍ പ്രതിരോധം പുലര്‍ത്തിയത്. റയലിന്റെ ആദ്യത്തെ പൂര്‍ണമായ ഒരു ഗോളിലേക്കുള്ള ഷോര്‍ട്ട് പകരക്കാരനായി ഇറങ്ങിയ ലൂക്ക മോഡ്രിച്ചിന്റെതായിരുന്നു. അത് ഗോളാകുകയും ചെയ്തു. മാഞ്ചസ്റ്ററിന്റെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ വെയിന്‍ റൂണി ഇല്ലായിരുന്നു.
മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്രബ്ബ് ബെറൂസിയ ഡോട്ട്മുണ്ട് ഉക്രൈന്‍ ക്ലബ്ബ് ശാക്തര്‍ ഡോണക്‌സിനെ 3-0ത്തിന് തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തി. ഇരുപാദ സ്‌കോര്‍ 5-2.

 

Latest