Connect with us

National

കാമറൂണിനോട് വിശദാംശങ്ങള്‍ തേടും

Published

|

Last Updated

ന്യൂഡല്‍ഹി: വി വി ഐ പി കോപ്റ്റര്‍ ഇടപാടില്‍ ഇറ്റാലിയന്‍ കമ്പനി അഗുസ്ത വെസ്റ്റ്‌ലാന്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്ത്യ ബ്രിട്ടനില്‍ നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ തേടും. ചൊവ്വാഴ്ച ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
കോപ്റ്റര്‍ ഇടപാടില്‍ ഏര്‍പ്പെട്ട അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് കമ്പനി പ്രവര്‍ത്തിക്കുന്നത് തെക്ക്പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ്. പിന്നീട് ഇറ്റലിയിലെ പ്രതിരോധ ഭീമന്‍ ഫിന്‍മെക്കാനിക്ക അഗുസ്തയെ ഏറ്റെടുത്തെങ്കിലും പ്രവര്‍ത്തന മേഖല ഇംഗ്ലണ്ടില്‍ നിന്ന് മാറ്റിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാമറൂണിനോട് ഇന്ത്യ വിവരങ്ങള്‍ തേടുന്നത്. ഇന്ത്യക്ക് കൈമാറാനുള്ള ഹെലിക്കോപ്റ്ററുകള്‍ അഗുസ്ത വെസ്റ്റ്‌ലാന്‍ഡ് നിര്‍മിക്കുന്നത് ഇംഗ്ലണ്ടിലാണ്. ഇന്ത്യക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞ ഹെലിക്കോപ്റ്ററുകള്‍ മൂന്നും ഇംഗ്ലണ്ടില്‍ നിര്‍മിച്ചവയാണ്. ഈ കരാറില്‍ ഒമ്പത് കോപ്റ്ററുകള്‍ കൂടിയാണ് ലഭിക്കാനുള്ളത്.
അഗുസ്ത വെസ്റ്റ്‌ലാന്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദാംശങ്ങള്‍ നല്‍കണമെന്ന് നേരത്തെ തന്നെ ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ഡേവിഡ് കാമറൂണുമായി ചൊവ്വാഴ്ച നടത്തുന്ന കൂടിക്കാഴ്ചയില്‍ ഈ വിഷയം ഉന്നയിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
കോപ്റ്റര്‍ കോഴയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടന് ഇന്ത്യ കത്ത് നല്‍കിയതായി വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഇടക്കാല മറുപടി ബ്രിട്ടന്‍ നല്‍കിയതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, അത് തൃപ്തികരമല്ലെന്നാണ് മന്ത്രാലയം പറയുന്നത്. ഈ സാഹചര്യത്തിലാണ് കാമറൂണിനോട് കോപ്റ്റര്‍ വിഷയം ഉന്നയിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.
ഉഭയകക്ഷി ബന്ധം, ആഭ്യന്തര, അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവരും. കോപ്റ്റര്‍ ഇടപാട് സംബന്ധിച്ച് ഇറ്റാലിയന്‍ പോലീസ് നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം ഇറ്റാലിയന്‍ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.