Kerala
സി പി എം വഖഫ് സെമിനാറില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഉമ്മര്‍ഫൈസി മുക്കം
വഖഫ് വിഷയത്തില്‍ ഷോണ്‍ ജോര്‍ജിനെ പിന്തുണച്ചുകൊണ്ടാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചതെന്ന് ഉമര്‍ ഫൈസി പറഞ്ഞു
മലപ്പുറം | സി പി എം സംഘടിപ്പിച്ച വഖഫ് സെമിനാറില്‍ പങ്കെടുത്ത് യു ഡി എഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇ കെ വിഭാഗം സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉമര്‍ ഫൈസി മുക്കം ഉന്നയിച്ചത്. സി പിഎം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘വഖഫ് നിയമവും യു ഡി എഫ് കീഴടങ്ങലും’ എന്ന സെമിനാറിലാണ് ഉമര്‍ ഫൈസി മുക്കം പങ്കെടുത്തത്.
വഖഫ് വിഷയത്തില്‍ ഷോണ്‍ ജോര്‍ജിനെ പിന്തുണച്ചുകൊണ്ടാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചതെന്ന് ഉമര്‍ ഫൈസി പറഞ്ഞു. ‘സഖാവ് ഉമര്‍ ഫൈസിയും ഹംസയും ഉള്ള ബോര്‍ഡ് പറ്റില്ല’ എന്നതുകൊണ്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അത്തരം നിലപാട് എടുത്തത്. വേണമെങ്കില്‍ രണ്ട് ആര്‍ എസ് എസുകാരെ തന്നെ വെക്കാം എന്ന നിലപാട് ആണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മതപരമായ നിലപാട് തകര്‍ന്നാലും കുഴപ്പമില്ല, ഉമര്‍ ഫൈസിയും ഹംസയും മാറിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്.
ആര്‍ എസ് എസിന്റെയൊപ്പം നിന്ന് തരം താഴേണ്ട അവസ്ഥ സര്‍ക്കാറിനുണ്ടായി. ഹംസയെയും തന്നെയും പുറത്താക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമമെന്നും ഉമര്‍ ഫൈസി മുക്കം ആരോപിച്ചു. വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്ലിംകളെ വെക്കണമെന്നാണ് നിയമം. എന്നാല്‍ പിണറായി വിജയന്‍ താന്‍ അത് ചെയ്യില്ലെന്ന ശക്തമായ നിലപാട് എടുത്തെന്നും ഉമര്‍ ഫൈസിപറഞ്ഞു. മുന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മുന്‍ മന്ത്രി കെ ടി ജലീല്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു.
Content Highlights:
Samastha secretary Umar Faizi Mukkam criticized the Kerala government at a CPM Waqf seminar in Malappuram. He accused the state of supporting opposition stances in High Court regarding Waqf Board members. The event was inaugurated by Pinarayi Vijayan alongside KT Jaleel and C Muhammed Faizi.



