National
യുപിയിൽ സ്ഥലങ്ങളുടെ പേരുമാറ്റം തുടരുന്നു; അലിഗഢ് 'ഹരിഗഢ്' ആകും
അലിഗഢിന്റെ പേര് ഹരിഗഢ് എന്ന് മാറ്റുന്നതിനുള്ള പ്രമേയം അലിഗഡ് മുനിസിപ്പൽ കോർപ്പറേഷൻ ഐകകണ്‌ഠേന പാസാക്കി.
ന്യൂഡൽഹി | ഉത്തർപ്രദേശിൽ സ്ഥലങ്ങളുടെ പേരുമാറ്റം തുടർന്ന് ബിജെപി സർക്കാർ. അലഹബാദ് പ്രായാഗ് നഗറായും ഫൈസാബാദ് അയോധ്യയായും മാറ്റിയതിന് പിന്നാലെ അലിഗഢിന്റെ പേരുമാറ്റത്തിനാണ് നടപടികൾ തുടങ്ങിയത്. അലിഗഢിന്റെ പേര് ഹരിഗഢ് എന്ന് മാറ്റുന്നതിനുള്ള പ്രമേയം അലിഗഡ് മുനിസിപ്പൽ കോർപ്പറേഷൻ ഐകകണ്‌ഠേന പാസാക്കി. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മേയർ പ്രശാന്ത് സിംഗാൾ അവതരിപ്പിച്ച നിർദേശത്തെ എല്ലാ കൗൺസിലർമാരും പിന്തുണക്കുകയായിരുന്നു.
ഒരു സംസ്ഥാന സർക്കാരിന് സംസ്ഥാനത്തിനുള്ളിലെ ഏത് നഗരത്തിന്റെയും പ്രദേശത്തിന്റെയും പേര് മാറ്റാൻ കഴിയും. ഒരു മുനിസിപ്പൽ ബോഡി നിർദിഷ്ട പേര് മാറ്റ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ച ശേഷം, സംസ്ഥാന സർക്കാറിന്റെ പരിഗണനക്ക് വിടും. തുടർന്ന് സംസ്ഥാന സർക്കാർ ഈ പ്രമേയം അംഗീകാരത്തിനായി ആഭ്യന്തര മന്ത്രാലയത്തിന് അയക്കും. മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജൻസികളും പ്രമേയം അംഗീകരിച്ചാൽ സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി പേര് മാറ്റാം.
അലിഗഢിനെ ഹരിഗഢ് എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം 2021-ൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗം അംഗീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള സ്ഥലങ്ങളുടെ പേരുമാറ്റം സർക്കാർ തുടരുമെന്ന് 2019-ൽ മുഖ്യമന്ത്രി ആദിത്യനാഥ് സൂചിപ്പിച്ചിരുന്നു.
മുഗൾ സരായിയെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ് നഗർ എന്നും അലഹബാദിനെ പ്രയാഗ്‌രാജ് എന്നും ഫൈസാബാദ് ജില്ലയെ അയോധ്യ ജില്ല എന്നും അടുത്തിടെ നാമകരണം ചെയ്തിരുന്നു. ആഗ്രയുടെ പേര് അഗ്രവൻ അല്ലെങ്കിൽ അഗർവാൾ എന്നും മുസാഫർനഗറിന്റെ പേര് ലക്ഷ്മി നഗർ എന്ന് പുനർനാമകരണം ചെയ്യണമെന്ന നിർദേശവും നിലവിലുണ്ട്.




