National
ഡല്ഹിയില് ഇന്നും പ്രതിഷേധം; എന് എസ് യു ഐയുടെ ജന്തര് മന്തര് മാര്ച്ച് തടഞ്ഞ് പോലീസ്
വിദ്യാര്ഥികള് ബാരിക്കേഡുകള്ക്ക് മുകളില് കയറി പ്രതിഷേധിച്ചു
ന്യൂഡല്ഹി | മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാര് പദവി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്ഹിയില് കോണ്ഗ്രസിന്റെ വിദ്യാര്ഥി സംഘടനയായ എന് എസ് യു ഐയുടെ പ്രതിഷേധം. ജന്തര് മന്തറിലേക്ക് നടന്ന പ്രതിഷേധം പോലീസ് തടഞ്ഞു. തുടര്ന്ന് വിദ്യാര്ഥികള് ബാരിക്കേഡുകള്ക്ക് മുകളില് കയറി പ്രതിഷേധിച്ചു. എന് എസ് യു ഐ പ്രസിഡന്റ് വിനോദ് ജാഖര് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അതേ സമയം ഐസ അധ്യക്ഷ നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നല്കുകയാണെന്ന് എന് എസ് യു ഐ ഭാരവാഹികള് വിമര്ശമുന്നയിച്ചിരുന്നു. പ്രതിഷേധത്തില് എന് എസ് യു ഐ പ്രവര്ത്തകര് വ്യാപകമായി പങ്കെടിത്തിട്ടും മറ്റ് സംഘടനകളിലെ നേതാക്കള്ക്ക് രാഹുല് ഗാന്ധിയടക്കമുള്ള മുതിര്ന്ന നേതാക്കള് അനാവശ്യ വേദി ഒരുക്കി നല്കുന്നുവെന്ന വിലയിരുത്തലിലാണ് ഭാരവാഹികളുടെ പ്രതിഷേധം. ഇതില് പ്രതിഷേധിച്ച് എന് എസ് യു ഐയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് ‘വീ ദ ഛോട്ടു’ എന്ന് മാറ്റുകയുമുണ്ടായി. .സുപ്രീം കോടതി മാര്ച്ചിലും തുടര്ന്നു നടന്ന സമരപരിപാടികളിലും പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കൊപ്പം മുന്നിരയില് നിലയുറപ്പിച്ചതും നേതാക്കളുടെ ബസിലും ട്രക്കിലും ഇടംനേടിയതും നേഹ ബോറയായിരുന്നു. തങ്ങള് കഷ്ടപ്പെട്ട് ആളുകളെ കൂട്ടി പ്രതിഷേധം സംഘടിപ്പിക്കുമ്പോള് മറ്റ് സംഘടനകളിലെ നേതാക്കളെ നായികമാരായി ഉയര്ത്തിക്കാട്ടുന്നതില് എന് എസ് യു ഐ ദേശീയ പ്രസിഡന്റ് വിനോദ് ജാഖര് ഉള്പ്പെടെയുള്ള പ്രമുഖ നേതാക്കള്ക്ക് വലിയ അതൃപ്തിയുണ്ടായിരുന്നു.
അതൃപ്തി കോണ്ഗ്രസ് ഹൈക്കമാന്ഡിനെ അറിയിച്ചതിനെ തുടര്ന്ന് രാഹുല് ഗാന്ധി പ്രവര്ത്തകരുമായി കൂടിക്കാഴ്ച നടത്തി പരാതികള് പരിഹരിച്ചിരുന്നു. ഇതിനുശേഷമാണ് പ്രവര്ത്തകര് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് പഴയതുപോലെയാക്കിയത്.
Content Highlights: NSUI activists held a fierce protest at Jantar Mantar in Delhi demanding the resignation of Chief Election Commissioner Gyanesh Kumar. Police stopped the march as students climbed barricades under the leadership of NSUI President Vinod Jakhar. Internal dissatisfaction surfaced regarding publicity given to AISA leaders, which was later addressed by Rahul Gandhi.





