Connect with us

അബൂബക്കർ അൽ മശ്ഹൂറിന്റെ ദേശാന്തര വഴികൾ

മണൽവഴിയിലെ നിഴലുകൾ

മരണം എല്ലാ മനുഷ്യർക്കും വിധിക്കപ്പെട്ടതല്ലേ? എത്രയോ ആളുകൾ മരിച്ചിരിക്കുന്നു?

Published

|

Last Updated

കടയുടെ ഒരു മൂലയിൽ, ഭക്ഷണസാധനങ്ങൾ നിറച്ച ചാക്കിൽ ചാരിനിൽക്കുകയായിരുന്ന അയാൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി. ശേഷം തല താഴ്ത്തി എന്തോ ആലോചിച്ചു.
നമ്മുടെ കൂടിക്കാഴ്ച ഏർപ്പാടാക്കിയ ഇടനിലക്കാരൻ എന്നോട് പറഞ്ഞു: “പണം ഇയാൾക്ക് കൈമാറുക..’
രഹസ്യമായി ഞാൻ ആ പണം അയാളുടെ കൈയിൽ കൊടുത്തു. ഒറ്റയടിക്ക് അയാളത് വാങ്ങി. എന്റെ മുഖത്തേക്ക് നോക്കാതെ കണ്ണുകൾ കൊണ്ട് ആ തുക എണ്ണിത്തിട്ടപ്പെടുത്തി. എന്നിട്ട് ചോദിച്ചു:
“തുക കൃത്യമല്ലേ?’
“അതെ… കൃത്യമാണ്.’

അയാൾ അത് പോക്കറ്റിലിട്ടു. എന്നെ സമാധാനിപ്പിക്കാനെന്നവണ്ണം എന്റെ തോളിലൊന്നു തട്ടി.അയാൾ പെട്ടെന്ന് എഴുന്നേറ്റു. എന്നോട് വേഗത്തിൽ അയാളെ പിന്തുടരാൻ ആംഗ്യം കാണിച്ചു.
ആളുകൾ ശ്രദ്ധിക്കാതിരിക്കാൻ, ഞാനും അയാളും തമ്മിൽ ഒരു നിശ്ചിത അകലം പാലിക്കാൻ ശ്രദ്ധിച്ചു. അയാൾ എങ്ങോട്ടാണ് പോകുന്നത്? എവിടെയാണ് നിൽക്കുന്നത്? ഒന്നും എനിക്കറിയില്ല. അയാൾ വാതിലിനു പുറത്തേക്ക് കടന്ന് വേഗത്തിൽ നടക്കാൻ തുടങ്ങി. എന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയരുന്നുണ്ടായിരുന്നു.
എന്തൊരു സാഹസമാണിത്? എങ്ങോട്ടാണ് ഈ കൊണ്ടുപോകുന്നത്?

എന്റെ സഹോദരനെ പള്ളിയിൽ നിർത്തിയിട്ടാണ് ഞാൻ പോന്നത്. അവനോട് പറഞ്ഞിരുന്നു: “പതിനഞ്ച് മിനുട്ടിനുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ കരുതുക, ഞാൻ ഈ നഗരം വിട്ടുവെന്ന്. ഈ വാച്ച് നീ എടുത്തോളൂ, എനിക്കിനി അതിന്റെ ആവശ്യമില്ല..’

ഇനി അവർ എന്നെ പോലെയുള്ളവരെ തിരിച്ചുവരാനാകാത്ത വിധം നാടുകടത്തുമോ? അല്ലാഹുവേ, ഇതൊരു അവസാനത്തെ യാത്രയാക്കരുതേ എന്ന് ഞാൻ പ്രാർഥിച്ചു.
വഴിയിൽ മൗനം തളംകെട്ടി നിന്നു. സംശയം എന്റെ മനസ്സിനെ കാർന്നുതിന്നാൻ തുടങ്ങി.എന്നെ കൂട്ടിക്കൊണ്ടുപോകുന്ന ആൾ ഇപ്പോൾ എങ്ങോട്ടാണ് പോയത്? കാണുന്നില്ലല്ലോ.അയാൾ പോയോ അതോ തിരിച്ചു വരുമോ?

ഇതൊരു ചതിയാണോ? പണം തട്ടിയെടുക്കാനുള്ള തന്ത്രമാണോ?
അല്ല… അല്ല… ഇടനിലക്കാരൻ നല്ല വിശ്വസ്തനാണ്… അയാൾ മറ്റുള്ളവരെ പറ്റിക്കുന്നവനല്ല…
വഴിപോക്കർ എന്റെ മുഖത്തേക്ക് ഉറ്റുനോക്കുന്നുണ്ട്.. ഈ ബാഗിൽ ഞാൻ എന്താണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അവർക്ക് സംശയമുണ്ടാകാം. കൈയിലുള്ള ബാഗ് താഴെ വെക്കുന്നതിനേക്കാൾ സുരക്ഷിതം അതിന്മേൽ ഇരിക്കുന്നത് തന്നെയാണ്.

ഛെ.. ഈ ടാക്‌സികൾ എന്താണ് ഇടക്കിടെ വെളിച്ചമടിച്ച് കടന്നുപോകുന്നത്.. റോഡരികിൽ നിൽക്കുന്ന ഇയാൾ ഒരു ചാരനാണോ? എനിക്കറിയില്ല.. അതോ ഇന്ന് രാത്രി ഞാൻ അഴിയെണ്ണേണ്ടി വരുമോ? ഭയാനകമായ നിമിഷങ്ങൾ.. മനസ്സിലൂടെ പല ചിന്തകളും കടന്നുപോയി.

ഒടുവിൽ പഴയൊരു “ലാൻഡ് റോവർ’ ജീപ്പ് വന്നു നിന്നു. പിൻഭാഗം കമ്പികൾ കൊണ്ട് മറച്ച ഉയരമുള്ള ഒരു വാഹനമാണത്. പണം വാങ്ങിയ ആൾ തന്നെയായിരുന്നു ഡ്രൈവർ. അയാൾ എന്നോട് അതിൽ കയറാൻ ആംഗ്യം കാണിച്ചു. വണ്ടിയിൽ മുൻസീറ്റിൽ രണ്ടുപേരുണ്ട്. അവിടെ എനിക്കിടമില്ല. ഒരു പത്രക്കെട്ട് വണ്ടിയിലേക്ക് വലിച്ചെറിയുന്നതുപോലെ ഞാൻ വണ്ടിയുടെ വശങ്ങളിലൂടെ മുകളിലേക്ക് ചാടിക്കയറി. ആരും കാണാതെ ഒളിച്ചിരിക്കാൻ വെമ്പുന്നതുപോലെ…

വണ്ടിയുടെ മുകളിൽ നിറയെ ഉണക്കമീൻ നിറച്ച ചാക്കുകളാണ്. സഹിക്കാൻ പറ്റാത്ത ദുർഗന്ധം… മൂക്ക് തുളച്ചുകയറുന്ന, ശ്വാസം മുട്ടിക്കുന്ന നാറ്റം.തലവേദന വരുത്തുന്ന ആ മീൻചാക്കുകൾക്ക് മുകളിൽ ഇരിക്കാനാണ് ഡ്രൈവറുടെ സഹായി എന്നോട് ആംഗ്യം കാണിച്ചത്. എന്റെ വിധി! ചിലപ്പോൾ നമ്മൾ തിരഞ്ഞെടുക്കുന്ന വഴികളിലെ തിക്താനുഭവങ്ങളിൽ പെട്ട് ഉഴലുമ്പോൾ, ഇരിക്കാൻ ഒരിടം തിരഞ്ഞെടുക്കാൻ പോലും നമുക്ക് അവകാശമുണ്ടാകില്ല.”ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്…’

ലാൻഡ് റോവർ കാർ വളഞ്ഞുപുളഞ്ഞ വഴികളിലൂടെ കുതിച്ചുപാഞ്ഞു. അതൊരു സാധാരണ പാതയായിരുന്നില്ല. സാഹസികരായ സഞ്ചാരികൾ അവരുടെ അപകടകരമായ യാത്രകൾക്കും ആവേശകരമായ പരീക്ഷണങ്ങൾക്കും തിരഞ്ഞെടുത്തിരുന്ന പുരാതനമായ വഴിയാണത്.

ജനവാസ മേഖലകൾ ഉണ്ടെങ്കിൽ പോലും മരുഭൂമിയെ കീറിമുറിച്ചു കടന്നുപോകുന്ന പാതയാണത്. നിയമങ്ങളിൽ നിന്നും നാട്ടുനടപ്പുകളിൽ നിന്നും നമ്മൾ പൂർണമായും വിച്ഛേദിക്കപ്പെട്ടിരിക്കുന്നുവെന്ന തോന്നൽ യാത്രയുടെ ആദ്യ നിമിഷം തന്നെ എനിക്കുണ്ടായിരുന്നു. ഡ്രൈവർ ഒരു സിഗരറ്റിന് തീകൊളുത്തി.. വൈകാതെ, ഞാനൊഴികെ ബാക്കിയെല്ലാവരിലേക്കും ആ ശീലം പടർന്നു. ഞാൻ പുകവലിക്കാറില്ല.

“ഓഹ്.. എനിക്ക് എന്നോട് തന്നെ മതിപ്പ് തോന്നിയ നിമിഷം! ഞാൻ പുകവലിക്കുന്നില്ലല്ലോ’
പക്ഷേ, ഇത്രയും നിർണായകമായ ഒരു സാഹചര്യത്തിൽ, അത്തരമൊരു കാര്യത്തിൽ അഭിമാനിച്ചിട്ട് എന്ത് ഫലം?
ഒരുപക്ഷേ ഞാനും പുകവലിച്ചിരുന്നെങ്കിൽ, അവിടെ നിറഞ്ഞ പുകപടലങ്ങളുമായി എനിക്ക് കുറച്ചുകൂടി ഇഴുകിച്ചേരാൻ കഴിയുമായിരുന്നുവോ?! കാരണം, പുകച്ചുരുളുകൾക്കും പാനീയങ്ങൾക്കും ആർപ്പുവിളികൾക്കും ഇടയിൽ ചിലപ്പോൾ പല ഹൃദയങ്ങൾ ഒന്നിച്ചുചേരാറുണ്ട്..

യാത്രയിലെ വിശേഷങ്ങൾ പങ്കുവെക്കുന്നതിൽ എല്ലാവരും ലയിച്ചുചേർന്നു. ഞാൻ ആ സംഭാഷണങ്ങൾ ശ്രദ്ധിച്ചുകൊണ്ട്, ആ വിചിത്രമായ വർത്തമാനങ്ങളിൽ നിന്നും പഠിക്കാൻ കഴിയുന്നതെല്ലാം ഗ്രഹിച്ചുകൊണ്ട് ഒരിടത്ത് ഒതുങ്ങിയിരുന്നു. ഡ്രൈവറുടെ അരികിലിരുന്ന ആ രണ്ട് യുവാക്കൾ പലതരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണ്. അയാൾ ചിലതിന് മറുപടി നൽകിയും മറ്റു ചിലതിൽ നിന്ന് ഒഴിഞ്ഞുമാറിയുമാണ് സംസാരിക്കുന്നത്. സിഗരറ്റ് പുകക്കിടയിലൂടെ അയാളുടെ സംസാരം കലർന്നുപൊങ്ങി. ഇടയ്ക്കിടെ അയാൾ അങ്ങോട്ടുമിങ്ങോട്ടും ചുറ്റും നോക്കുന്നുണ്ടായിരുന്നു.

ഞങ്ങളുടെ വാഹനം വിശാലമായ മരുഭൂമിയിലേക്ക് പ്രവേശിച്ചു. ഹെഡ്്ലൈറ്റുകൾക്ക് കാണാവുന്നതിലും അപ്പുറത്തേക്ക് പാത നീണ്ടുകിടക്കുന്നു; മുന്നിലുള്ള വഴിക്ക് ഒരറ്റവുമില്ലാത്തതുപോലെ. വണ്ടി പതിവിലും വേഗത്തിലാണ് കുതിക്കുന്നത്.

മരുഭൂമിയുടെ ആഴങ്ങളിലേക്കാണ് വാഹനം ഓടിക്കൊണ്ടിരിക്കുന്നത്. മണലിൽ മാഞ്ഞുതുടങ്ങിയ മറ്റു വാഹനങ്ങളുടെ ചക്രപ്പാടുകൾ തേടിയാണ് മുന്നോട്ടുള്ള യാത്ര. ചക്രവാളത്തിൽ ഇരുട്ടും നക്ഷത്രങ്ങളും അല്ലാതെ മറ്റൊന്നും കാണുന്നില്ല. ഞങ്ങൾ പിന്നിട്ട നഗരങ്ങളിലെ വെളിച്ചം പിന്നിൽ കാണാം. ചില നിമിഷങ്ങളിൽ പോലീസ് പട്രോളിംഗ് വണ്ടികൾ ഞങ്ങളെ വളയുകയാണോ എന്ന് ഞാൻ ഭയന്നു. ആ ചിന്ത എന്നിൽ ഭയം നിറച്ചു, എന്റെ ഉള്ളിലുള്ള വികാരങ്ങൾ അവരോട് തുറന്നു പറയണമെന്ന് എനിക്ക് തോന്നി. പക്ഷേ, ഞാൻ മൗനം പാലിച്ചു. ഇല്ല, ഞാനൊന്നും പറയില്ല. മരണത്തെ ഭയക്കുന്ന ഒരു ഭീരുവാണ് ഞാനെന്ന് അവർ കരുതിയേക്കും.

മരണം എല്ലാ മനുഷ്യർക്കും വിധിക്കപ്പെട്ടതല്ലേ? എത്രയോ ആളുകൾ മരിച്ചിരിക്കുന്നു? അല്ലാഹു വിധിച്ച ദിവസം തന്നെയല്ലേ എന്റെ ഭാര്യയും മരിച്ചത്? അവൾക്ക് പകരമായി ഇന്ന് ആരുമില്ലല്ലോ..
അതുകൊണ്ട്, ഒരുപക്ഷെ ഇതായിരിക്കാം നമ്മുടെ വിധി! പിന്നെ എന്തിനാണ് ഈ ഭയം?
എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് ഡ്രൈവറുടെ സഹായി മുകളിൽ നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:
“ആ കാണുന്ന കൊച്ചു വീട്ടിലേക്ക് നമ്മുടെ വണ്ടി തിരിക്കൂ…’

വാഹനം അൽപ്പമൊന്ന് തിരിഞ്ഞ് മണൽക്കൂനകൾക്കിടയിലൂടെ മുന്നോട്ട് നീങ്ങി. അവിടെ ചിതറിക്കിടക്കുന്ന മണൽത്തിട്ടകൾക്കിടയിൽ ഒരു ചെറിയ കുടിൽ തെളിഞ്ഞുവന്നു. ചുറ്റും ആടുകളും പശുക്കളുമുണ്ട്. ഒരു നായ നിർത്താതെ കുരക്കുന്നുണ്ടായിരുന്നു; വണ്ടിയിലുള്ളവർ അപരിചിതരാണെന്ന് അവന് മനസ്സിലായിട്ടുണ്ടാകാം.
വണ്ടി നിന്നു. ഡ്രൈവറുടെ സഹായി ചാടിയിറങ്ങി കുടിലിന് പിന്നിലേക്ക് മറഞ്ഞു. ഡ്രൈവർ ഇറങ്ങി ഞങ്ങൾക്ക് കുടിക്കാനായി ടിന്നിലടച്ച പാൽ കൊണ്ടുവന്നു. അദ്ദേഹം അതിൽ നിന്ന് എനിക്കൊരു പാക്കറ്റ് തന്നു, ബാക്കി എന്റെ കൂട്ടുകാർക്കും നൽകി. ഞാൻ അത് ഒറ്റ വലിക്ക് കുടിച്ചു തീർത്തു. അപ്പോഴേക്കും ഒരു ചെറിയ കുട്ടി പാത്രത്തിൽ വെള്ളവുമായി വന്നു. ഞങ്ങൾ വയറുനിറയെ വെള്ളവും കുടിച്ചു. ആ കുട്ടി ഞങ്ങളെ മാറി മാറി നോക്കുന്നുണ്ടായിരുന്നു. നായ അപ്പോഴും കുര നിർത്തുന്നുണ്ടായിരുന്നില്ല.

യാത്ര തുടരുകയാണ്. മരുഭൂമിയിലൂടെ ആ നായയുടെ ഓരിയിടൽ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു… അത് എന്റെ മനസ്സിനെ വല്ലാത്തൊരു ഭീതിയിലും അശുഭചിന്തയിലും ആഴ്ത്തി. മുന്പിലായി പതുക്കെ നീങ്ങുന്ന ഒരു കാർ എന്റെ ശ്രദ്ധയിൽപ്പെട്ടു; അതിന്റെ പിൻലൈറ്റുകൾ കടുംചുവപ്പ് നിറത്തിൽ ജ്വലിച്ചു നിൽക്കുന്നു. ഭയം എന്നെ വരിഞ്ഞുമുറുക്കി, ചിന്തകൾ പലവഴിക്ക് പാഞ്ഞു… എന്നാൽ, എന്റെ ആശങ്കയകറ്റാനെന്നോണം ഡ്രൈവർ പെട്ടെന്ന് സംസാരിച്ചു തുടങ്ങി:

“നിങ്ങൾ ആ മുന്പിലുള്ള കാർ കണ്ടില്ലേ! അത് നമ്മളുടേത് തന്നെയാണ്. ഒരു നിശ്ചിത അകലത്തിൽ അത് നമുക്ക് മുന്പേ പോകും. ഇനി അതിലെ ഡ്രൈവർക്ക് സംശയാസ്പദമായി വല്ലതും തോന്നിയാൽ അവൻ എനിക്ക് അപായസൂചന തരും. ഉടനെ ഞാൻ ലൈറ്റ് അണയ്ക്കും. അപ്പോൾ നിങ്ങൾ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി ഒളിച്ചോണം..’

“ഞങ്ങൾക്കത് തിരിച്ചറിയാൻ എന്താണ് മാർഗം? നിങ്ങളുടെ സുഹൃത്ത് സിഗ്‌നൽ തരുമ്പോൾ ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിലോ?’ – ഞാൻ ചോദിച്ചു. “അവൻ ബ്രേക്ക് ചവിട്ടും… അപ്പോൾ ആ കാറിന്റെ പിൻലൈറ്റുകൾ അനങ്ങാതെ കുറേനേരത്തേക്ക് തെളിഞ്ഞുനിൽക്കും. വണ്ടി ചലിക്കുകയുമില്ല.’

അൽപ്പനേരം നിശബ്ദനായ ശേഷം അവൻ തുടർന്നു:
“ആ മുന്പിലെ കാറിലേക്ക് തന്നെ നോക്കിക്കോളൂ… നിങ്ങൾ പേടിക്കേണ്ടതില്ല…’
ആ മങ്ങിയ വെളിച്ചത്തിൽ, അവന്റെ ഒട്ടിയ കവിളുകൾ കുഴിഞ്ഞുതാഴ്ന്നതായി എനിക്ക് തോന്നി.സ്റ്റിയറിംഗിലിരുന്ന അവന്റെ കൈകൾ അപ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു, ഒപ്പം ശക്തമായൊരു ചുമയും..
തന്റെ സഹായിയോടായി അവൻ പറഞ്ഞു:
“ആ കാറിനെ വിടാതെ പിന്തുടരൂ… റൂട്ടും ആ മുന്നിലെ വാഹനവും ശ്രദ്ധിക്കണം.’ പിന്നെ അവൻ നിശബ്ദനായി..
(തുടരും)

Content Highlights:
A tense narrative details a perilous desert crossing with covert smugglers through dark desert roads in an old Land Rover. Facing bad smells, suspicion, and continuous fear, the narrator risks everything to escape. Guided by a scout vehicle ahead, the group navigates uncertainty and potential danger in search of safety.

---- facebook comment plugin here -----

Latest