Connect with us

Articles

അഫ്ഗാനെ വളയാൻ പുതിയ ചേരി

Published

|

Last Updated

അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ പതിതാവസ്ഥക്ക് കാരണം അധിനിവേശ ശക്തികളാണ് എന്ന് പറഞ്ഞാൽ അത് താലിബാനെ ന്യായീകരിക്കലാകുമോ? താലിബാന് മാത്രമല്ല അഫ്ഗാനിലെ എല്ലാ സായുധ ഗ്രൂപ്പുകൾക്കും പണവും ആയുധവും നൽകിയത് അമേരിക്കയാണ് എന്ന വസ്തുത താലിബാൻ ക്രൂരതയുടെ സമയത്ത് പറയാതിരിക്കേണ്ടതുണ്ടോ? ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള മെയ്ക്കരുത്തും മനക്കരുത്തുമുള്ള മനുഷ്യരെ ഭരിക്കാൻ നിയോഗിക്കപ്പെട്ട സർക്കാർ അങ്ങേയറ്റം ദുർബലമാണെന്ന് പറഞ്ഞാൽ അത് താലിബാനെ വാഴ്ത്തലാകുമോ? അക്രമോത്സുകമായ സായുധ സംഘമാണ് താലിബാൻ. ആധുനിക ജനാധിപത്യ മൂല്യങ്ങളിൽ അവർ വിശ്വസിക്കുന്നില്ലെന്ന് തന്നെയാണ് ഇക്കാലം വരെയുള്ള അവരുടെ ചെയ്തികൾ വ്യക്തമാക്കുന്നത്. വൈദേശിക അധിനിവേശത്തിനെതിരെ ഉയർന്നു വന്ന പ്രാദേശിക ശക്തിയെന്ന് താലിബാനെ സൂക്ഷ്മാർഥത്തിൽ വേണമെങ്കിൽ അടയാളപ്പെടുത്താം. അന്താരാഷ്ട്ര ലക്ഷ്യങ്ങൾ ഇല്ലത്തത് കൊണ്ട് അൽ ഖാഇദയിൽ നിന്ന് അവരെ വ്യത്യാസപ്പെടുത്തി മനസ്സിലാക്കാവുന്നതുമാണ്. എന്നാൽ ഇത്തരത്തിലുള്ള ഒരു സൗമനസ്യവും അർഹിക്കാത്ത വിധത്തിൽ ക്രൂരമാണ് താലിബാന്റെ വഴികൾ. ഏറ്റവും ഒടുവിൽ കൊമേഡിയൻ നാസർ മുഹമ്മദിനെയും (ഖാശാ സ്വാൻ) ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിയെയും അഫ്ഗാൻ പ്രസിഡന്റിന്റെ മാധ്യമ ഉപദേഷ്ടാവ് ദാവാ ഖാനെയുമൊക്കെ കൊന്നു തള്ളിയപ്പോൾ ആ ഭീകരത ഒരിക്കൽ കൂടി ലോകം കണ്ടു.

ആയുധത്തിന്റെയും അക്രമത്തിന്റെ ചോരയുടെയും ഭാഷയിൽ നിന്ന് താലിബാന് പുറത്തു കടക്കാനാകില്ല. രാജ്യം ഭരിക്കാനുള്ള ഉത്തരവാദിത്വത്തിലേക്ക് ഉയരാൻ അവർക്ക് സാധിക്കില്ല. ഇസ്‌ലാമിന്റെ യഥാർഥ മൂല്യങ്ങൾ അവർ ഒരിക്കലും പിന്തുടർന്നിട്ടില്ല. ഭാവിയിൽ അങ്ങനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന സ്ഥിതിയുമില്ല. അതുകൊണ്ട് യു എസ് ഒഴിഞ്ഞ അഫ്ഗാനിസ്ഥാനെ ചൈനയും റഷ്യയും പാക്കിസ്ഥാനുമൊക്കെ നടത്തിപ്പിനെടുക്കും.
ആധുനിക അഫ്ഗാനിസ്ഥാന്റെ ചരിത്രം അധിനിവേശത്തിന്റെതും അതിനോടുള്ള ചെറുത്തു നിൽപ്പിന്റെതുമാണ്. തന്ത്രപ്രധാനമായ സ്ഥാനം എല്ലാ കൊളോണിയൽ ശക്തികളെയും അഫ്ഗാനിലേക്ക് ആകർഷിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് അധിനിവേശവും പിന്നീട് സോവിയറ്റ് മേധാവിത്വവും ഈ രാജ്യം അനുഭവിച്ചു. സോവിയറ്റ് യൂനിയന്റെ പതനത്തോടെ ആഗോളഭൗമരാഷ്ട്രീയത്തിലെ എതിർവാക്കില്ലാത്ത അധികാരിയായി അമേരിക്ക മാറി. 2001ൽ അമേരിക്കൻ അധിനിവേശത്തിലമർന്നു അഫ്ഗാനിസ്ഥാൻ. ഇപ്പോൾ പിൻമാറ്റം യാഥാർഥ്യമാകുകയാണ്. പുറത്തു നിന്നുള്ളവർക്ക് ദീർഘകാലം നിലനിന്നുപോകാനാകാത്ത ഇടമാണ് അഫാഗാനെന്ന വസ്തുതയാണ് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കപ്പെടുന്നത്. ബ്രിട്ടീഷുകാർ ദയനീയ പരാജയം ഏറ്റവാങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അമേരിക്കൻ സഹായത്തോടെയാണെങ്കിലും സോവിയറ്റ് യൂനിയന്റെ ആധിപത്യവും തോറ്റുമടങ്ങുകയായിരുന്നുവല്ലോ. ലോക പോലീസിന്റെ അധികാരവും ഡോളർ മേധാവിത്വവും കൈമുതലായുണ്ടായിട്ടും അമേരിക്കയും ഗതികെട്ട് മടങ്ങുന്നു. സങ്കീർണമായ ഗോത്ര വർഗ ഘടനയും പുറത്തു നിന്നുള്ളവരെ നിസ്സഹായരാക്കുന്ന ഭൂമിശാസ്്ത്ര സവിഷേതകളുമാണ് ഈ തോറ്റോടലിന്റെയെല്ലാം പിന്നിൽ. അഫ്ഗാൻ എന്ന ഭൂവിഭാഗം തന്നെ ഒരു കോട്ടയായി മാറുകയാണുണ്ടായത്. അത് സ്വയം സംരക്ഷിച്ചുവെന്ന് പറയുന്നതാകും ശരി.

സോവിയറ്റ് മേധാവിത്വം അവസാനിപ്പിക്കേണ്ടത് അമേരിക്കയുടെ ആവശ്യമായിരുന്നു. അതിന് അവർ തദ്ദേശീയമായ വൈകാരികതയെ ഉപയോഗിച്ചു. മുജാഹിദുകൾക്ക് ആയുധവും പണവും നൽകി. അഫ്ഗാൻ ആധുനിക ആയുധങ്ങളുടെ കൂമ്പാരമായി മാറുന്നത് അങ്ങനെയാണ്. ഈ ആയുധങ്ങളുടെ ബലത്തിലാണ് താലിബാൻ എന്ന സലഫിസ്റ്റ് തീവ്രവാദി സംഘം ശക്തി സംഭരിച്ചത്. സെപ്തംബർ 11 ആക്രമണം അമേരിക്കയുടെ നിലപാടുകളെയാകെ അട്ടിമറിച്ചപ്പോൾ ഒരു കാലത്ത് തങ്ങൾ വളർത്തിക്കൊണ്ടുവന്ന താലിബാനെ അവർ ശത്രുവായി പ്രഖ്യാപിച്ചു. താലിബാന്റെ ഭരണം അട്ടിമറിച്ചു. അമേരിക്കയുടെ “ഭീകരവിരുദ്ധ യുദ്ധ”ത്തിന്റെ മുഖ്യ കേന്ദ്രമായി അഫ്ഗാൻ മാറുകയായിരുന്നു.

ഒടുവിലിപ്പോൾ എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ച് മടങ്ങുമ്പോൾ എന്തു നേടിയെന്ന ചോദ്യം അമേരിക്കയെ വേട്ടയാടുന്നുണ്ട്. ഉൻമൂലനം ചെയ്യപ്പെടുമെന്ന് പ്രഖ്യാപിച്ച താലിബാൻ കൂടുതൽ ശക്തി സംഭരിച്ചിരിക്കുന്നു. രാജ്യം ഭരിച്ചിരുന്ന കാലത്തേക്കാൾ ജനപിന്തുണ അവർക്കുണ്ടെന്നതാണ് സത്യം. പശ്തൂൺ ജനവിഭാഗത്തിലാണ് താലിബാന് നല്ല സ്വാധീനമുണ്ടായിരുന്നത്. അധിനിവേശവും ആക്രമണവും ഈ സ്വാധീനം വർധിപ്പിച്ചിട്ടേയുള്ളൂ. രാജ്യത്തിന്റെ 85 ശതമാനവും നിയന്ത്രണത്തിലാക്കാൻ താലിബാന് സാധിച്ചുവെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധർ പറയുന്നത്.
മൂന്ന് ട്രില്യൺ ഡോറാണ് അഫ്ഗാൻ ദൗത്യത്തിന് ഇടിച്ചു തള്ളിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 3,500ലേറെ സൈനികർക്ക് ജീവഹാനിയുണ്ടായി. അഫ്ഗാനിൽ നിന്നുള്ള ശവപ്പെട്ടികൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തി. പൗരത്വത്തെ അക്രമാസക്തമായി സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന അമേരിക്കൻ ഭരണാധികാരികളുടെ ഉറക്കത്തിലേക്ക് ആ ശവപ്പെട്ടികൾ ദുസ്വപ്‌നമായി നിറഞ്ഞുകൊണ്ടിരുന്നു. ബരാക് ഒബാമയുടെ ഒന്നാമൂഴത്തിൽ തന്നെ പിൻമാറ്റത്തിന്റെ സാധ്യതകൾ ആരാഞ്ഞ് തുടങ്ങിയിരുന്നു. എങ്ങനെ പിൻമാറും? പേരിനെങ്കിലും ചില വ്യവസ്ഥകൾ രൂപപ്പെടുത്തണമല്ലോ. തങ്ങൾ വന്നതിനേക്കാൾ രൂക്ഷമായ നിലയിൽ ഉപേക്ഷിച്ചു പോകുന്നത് “ഉത്തരവാദിത്വമുള്ള ആഗോള ശക്തി”ക്ക് ചേർന്നതാണോ? ഒരിക്കലുമല്ല. ഒന്നുകിൽ താലിബാനെ അടിച്ചമർത്തിയെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ അവർ ആയുധമുപേക്ഷിച്ചുവെന്ന് പ്രഖ്യാപിക്കണം. ട്രംപ് വന്നു പോയിട്ടും ഒന്നും നടന്നില്ല. ജോ ബൈഡന്റെ നേതൃത്വത്തിൽ ചില ചർച്ചകൾ നടന്നുവെന്നല്ലാതെ പിൻമാറ്റം സാധ്യമാക്കുന്ന ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഒരു യു എസ് പൗരൻപോലും അഫ്ഗാനിൽ നിൽക്കരുതെന്നാണ് അദ്ദേഹത്തിന്റെ ഉത്തരവ്. അഫ്ഗാൻ സമ്പൂർണ നാശത്തിലേക്ക് കൂപ്പുകുത്തുകയാണെന്നതിന് വെറെന്ത് തെളിവു വേണം. “അഫ്ഗാന് മേൽ ഇനി ഒരു ഉത്തരവാദിത്വവുമില്ല, അവിടെ നടക്കുന്നതും നടക്കാനിടയുള്ളളതുമായ ജനാധിപത്യ ധ്വംസനങ്ങൾക്കും സംഘർഷങ്ങൾക്കും തടയിടാൻ യു എസ് ഇനി ഒന്നും ചെയ്യില്ല. അഫ്ഗാന് ആവശ്യമായ ഭരണ സംവിധാനം അവിടുത്തെ ജനത തന്നെ കണ്ടെത്തണ”മെന്നാണ് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്. പിന്നെ എന്തിനായിരുന്നു അധിനിവേശം? എന്തിനായിരുന്നു അഫ്ഗാനിൽ ആയുധം വിതറിയത്?
പുതിയ സാഹചര്യത്തെ കൗശലപൂർവം വിനിയോഗിക്കാനാണ് ചൈന ശ്രമിക്കുന്നത്. താലിബാൻ പ്രതിനികളുമായി ചൈന നയതന്ത്ര ചർച്ച നടത്തിക്കഴിഞ്ഞു. ചൈനീസ് അധികൃതരുടെ ക്ഷണം സ്വീകരിച്ചാണ് ചർച്ചക്ക് പോയതെന്നും അഫ്ഗാനിലെയും ചൈനയിലെയും നിലവിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യം വിലയിരുത്തിയതായും താലിബാൻ വക്താവ് മുഹമ്മദ് നഈം വ്യക്തമാക്കുന്നു. ചൈനക്കെതിരെയുള്ള ആക്രമണത്തിന് അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്നും അഫ്ഗാനിലെ മുന്നേറ്റത്തിന് ചൈനയുടെ സഹായവും പിന്തുണയും തങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ പുതിയൊരു ബാന്ധവത്തിന് നാന്ദി കുറിക്കുകയാണ്. യു എസ് സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാൻ സേനക്കും സർക്കാറിനെ പിന്തുണക്കുന്ന ജനങ്ങൾക്കുമെതിരെ ആക്രമണം നടത്തി പഴയ ശക്തി കേന്ദ്രങ്ങൾ പിടിച്ചെടുത്തുകൊണ്ടിരിക്കുന്ന താലിബാന് ചൈനയുടെ പിന്തുണ അനിവാര്യമാണ്. അമേരിക്ക പിൻവാങ്ങിയാലും വ്യോമാക്രമണം തുടർന്നേക്കുമെന്ന് താലിബാൻ കണക്കു കൂട്ടുന്നുണ്ട്. ഈ ഘട്ടത്തിൽ നൽകുന്ന കൈത്താങ്ങിന് പകരമായി ചൈന ചോദിച്ചത് മുസ്‌ലിം ഭൂരിപക്ഷ ചൈനീസ് പ്രവിശ്യയായ സിൻജിയാംഗിൽ താലിബാൻ സഹായിക്കണമെന്നാണ്. സിൻജിയാംഗിൽ വിഘനവാദികൾ ശക്തി സംഭരിക്കുന്നുവെന്നാണല്ലോ ചൈനയുടെ ധാരണ. അതുമാത്രമല്ല, പാക്കിസ്ഥാനുമായി ഇതിനകം ബാന്ധവം ശക്തമാക്കിയ ചൈനക്ക് അഫ്ഗാൻ കൂടി വരുതിയിൽ വരുന്നതോടെ മേഖലയിലെ നിർണായക ശക്തിയാകാൻ സാധിക്കും. ആത്യന്തികമായി ഇന്ത്യയുടെ സ്വാധീനമാണ് ക്ഷയിക്കുക. അഫ്ഗാൻ വിഷയത്തിൽ റഷ്യ വിളിച്ചു ചേർത്ത യോഗത്തിലേക്ക് പാക്കിസ്ഥാൻ, ചൈന, എന്നിവക്കാണ് ക്ഷണമുള്ളത്. ഇന്ത്യയെ തഴയുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പുതിയ ശാക്തിക ചേരിയുടെ ഇംഗിതത്തിലേക്ക് എടുത്തെറിയപ്പെടുന്ന അഫ്ഗാൻ ജനത ആരെയാണ് വിശ്വസിക്കുക. താലിബാനിൽ നിന്ന് എന്ത് നീതിയാണ് പ്രതീക്ഷിക്കാനാകുക.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest