Connect with us

National

ബി ജെ പി സര്‍ക്കാറുകളുടെ ജനസംഖ്യാ നിയന്ത്രണ ബില്ലുകള്‍ക്കെതിരെ വി എച്ച് പി

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പി ഭരിക്കുന്ന വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ കൊണ്ടുവരാന്‍ പദ്ധതിയിടുന്ന ജനസംഖ്യാ നിയന്ത്രണ ബില്ലുകള്‍ക്കെതിരെ വിശ്വ ഹിന്ദു പരിഷത് (വി എച്ച് പി). അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍ പ്രദേശ് ആണ് പ്രധാനമായും ജനസംഖ്യാ നിയന്ത്രണ ബില്‍ തയ്യാറാക്കുന്നത്. അസം സര്‍ക്കാറും നിയമം കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നുണ്ട്.

വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാ അസന്തുലിതാവസ്ഥക്ക് ഇത് ഇടയാക്കുമെന്നാണ് വി എച്ച് പിയുടെ പക്ഷം. കേരളം, അസാം പോലുള്ളയിടങ്ങളില്‍ ഹിന്ദു, മുസ്ലിം സമുദായങ്ങള്‍ക്കിടയിലെ മൊത്ത പ്രത്യുത്പാദന നിരക്കിന്റെ (ടി എഫ് ആര്‍) അന്തരം പ്രകടമാണെന്നും വി എച്ച് പി വാദിക്കുന്നു. ഒറ്റക്കുട്ടി നയത്തില്‍ നിന്ന് ചൈനയുടെ പിന്മാറ്റം അടക്കമുള്ള വിവിധ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി വി എച്ച് പി ആക്ടിംഗ് പ്രസിഡന്റ് അലോക് കുമാര്‍ ആണ് രംഗത്തുവന്നത്.

ഉത്തര്‍ പ്രദേശ് ലോ കമ്മീഷന്‍ കരട് ബില്‍ സംബന്ധിച്ച് അഭിപ്രായം തേടിയ പശ്ചാത്തലത്തിലാണ് അലോക് കുമാര്‍ കത്തെഴുതിയത്. ജനസംഖ്യയിലെ തൊഴിലെടുക്കുന്നവരും ആശ്രിതരും തമ്മിലുള്ള അനുപാതത്തില്‍ അസന്തുലിതാവസ്ഥ വരും. ഒറ്റക്കുട്ടി നയം വരുന്നതോടെ രണ്ട് മാതാപിതാക്കളെയും നാല് പ്രപിതാക്കളെയും പരിപാലിക്കാന്‍ തൊഴിലെടുക്കുന്ന ഒറ്റ വിഭാഗം മാത്രമേയുണ്ടാകുകയുള്ളൂവെന്നും അലോക് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി, ക്ഷേമപദ്ധതികള്‍, ആനുകൂല്യങ്ങള്‍ തുടങ്ങിയവ നിഷേധിക്കുക, പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ അയോഗ്യത അടക്കമുള്ള ശിക്ഷാ നടപടികളാണ് യു പിയിലെ കരട് ജനസംഖ്യാ നിയന്ത്രണ ബില്‍ അനുശാസിക്കുന്നത്. രാജ്യത്ത് ഹിന്ദു കുടുംബങ്ങളിലെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കണമെന്ന് എല്ലാ വാര്‍ഷിക യോഗങ്ങളിലും പ്രമേയം പാസ്സാക്കുന്ന ആര്‍ എസ് എസിനും ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Latest