Connect with us

Kerala

കൊടകര കുഴല്‍പ്പണക്കേസ്: മോദിയിലേക്ക് വരെയെത്താം, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം | ബി ജെ പി പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണക്കേസ് വിശദമായും വ്യക്തമായും അന്വേഷിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്ക് വരെയെത്താമെന്നും അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ എം പി. സംസ്ഥാന ഭരണ നേതൃത്വം വരെ പ്രതിക്കൂട്ടിലാകാവുന്ന സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുമ്പോഴാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിലേക്ക് നീളാവുന്ന കുഴല്‍പ്പണക്കേസിന്റെ അന്വേഷണം സംസ്ഥാനത്ത് നടക്കുന്നത്. ഈയവസരത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാകാം.

ഇതില്ലാതാക്കാനാണ് സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച പ്രഗത്ഭനായ ജഡ്ജിയുടെ നേതൃത്വത്തില്‍ കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ സുരേന്ദ്രനെതിരെയുള്ള അന്വേഷണം പി എയില്‍ അവസാനിക്കുമോയെന്ന് കണ്ടറിയണം. തിരഞ്ഞെടുപ്പ് നടന്നയിടങ്ങളിലെല്ലാം കോടികളാണ് ബി ജെ പി കേന്ദ്ര നേതൃത്വം ഒഴുക്കിയത്. കേരളത്തില്‍ മാത്രമല്ല ബംഗാളിലും പണമൊഴുക്കി.

ബി ജെ പി സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ചെലവില്‍ ഹെലികോപ്ടര്‍ യാത്ര ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നത് പരിശോധിക്കണം. കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഹെലികോപ്ടര്‍ യാത്ര നടത്തിയിട്ടുണ്ട്. കോപ്ടര്‍ യാത്രയില്‍ ഹവാല പണം കടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

Latest