Connect with us

Gulf

റമസാന്‍ മുന്നൊരുക്കം: തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങി ഹറം

Published

|

Last Updated

മക്ക | പുണ്യ റമസാന്‍ വ്രതാരംഭത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പുണ്യ ഭൂമിയിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കാന്‍ മസ്ജിദുല്‍ ഹറം ഒരുങ്ങി. ആഗോളതലത്തില്‍ പടര്‍ന്ന് പിടിച്ച കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത ആരോഗ്യ സുരക്ഷയിലാണ് മസ്ജിദുല്‍ ഹറമും പരിസരവും. ഹറമിലെത്തുന്ന വിശ്വാസികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ഇരുഹറം കാര്യാലയത്തിന് കീഴില്‍ വിപുലമായ പദ്ധതികളാണ് ഈ വര്‍ഷം ഒരുക്കിയിട്ടുളത്.

പ്രതിദിനം 50,000 തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വ്വഹിക്കുന്നതിനും ഒരു ലക്ഷം പേര്‍ക്ക് ജമാഅത്ത് നിസ്‌കാരങ്ങളില്‍ പങ്കെടുക്കുവാനും കഴിയും. കൊറോണ വാക്‌സിനേഷന്‍ എടുത്തിട്ടുള്ള 65 വയസ് വരെയുള്ള തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റ് നല്‍കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, ഗൈഡന്‍സ്, ദഅവ മന്ത്രാലയം അറിയിച്ചു. ഹജ്ജ് മന്ത്രാലയത്തിന്റെ “തവക്കല്‍നാ” ആപ്ലികേഷന്‍ വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് പ്രവേശനാനുമതിയുള്ളത്.

ഉംറ തീര്‍ത്ഥാടകര്‍ മതാഫില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പ് വരുത്തും. കൂടാതെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി കഅ്ബയോട് ചേര്‍ന്ന ആദ്യത്തെ മൂന്ന് സ്വഫുകളില്‍ വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മാത്രമായിരിക്കും പ്രവേശനം. സാമൂഹിക അകലം പാലിച്ചായിരിക്കും ത്വവാഫും സഇയ്യും മറ്റുകര്‍മ്മങ്ങളും നടക്കുക.

രോഗ വ്യാപനം തയാന്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി റമസാന്‍ മാസങ്ങളില്‍ ഹറമില്‍ സാധാരണയായി നടന്ന് വരാറുള്ള ഇഫ്താര്‍ ഈ വര്ഷം ഉണ്ടായിരിക്കില്ല. വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹറമിലെത്തുന്നവര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനായി പരിശീലനം ലഭിച്ച 4500ഓളം ജീവനക്കാരെയാണ് ഹറം കാര്യാ മന്ത്രാലയം നിയമിച്ചിരിക്കുന്നത്.

റമസാന്‍ മാസത്തില്‍ ഉംറ നിര്‍വഹിക്കേണ്ടവര്‍ “തവക്കല്‍ന” ആപ്പ് വഴി അപേക്ഷ സമര്‍പ്പിക്കണമെന്നും വരും ദിവസങ്ങളില്‍ ആപ്ലികേഷനില്‍ കൂടുതല്‍ അപ്‌ഡേറ്റ് ഉണ്ടാകുമെന്നും ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് പറഞ്ഞു. ഈ വര്‍ഷം ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് പുറമെ ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളിലുള്ളവര്‍ക്കും ഉംറ നിര്‍വ്വഹിക്കാന്‍ സാധിക്കും. വിമാനത്താവളം വഴിയെത്തുന്നവരെ സ്വീകരിക്കുന്നതിനായി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ ടെര്‍മിനലിലും നോര്‍ത്ത് ടെര്‍മിനലിലും മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായി.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം റമസാനില്‍ ജുമുഅഃ ജമാഅത്ത്, തറാവീഹ് നിസ്‌കാരങ്ങള്‍ക്ക് നിയന്ത്രങ്ങള്‍ ഏപ്പെടുത്തത്തിയതിനാല്‍ പൊതുജനങ്ങള്‍ക്ക് നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനും ഉംറ നിര്‍വ്വഹിക്കുന്നതിനും താത്കാലികമായി വിലക്കുണ്ടായിരുന്നു. ഈ വര്‍ഷം വിദേശ തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രങ്ങളോടെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യ ഉള്‍പ്പെടയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഈ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ സാധിക്കില്ല.

സിറാജ് പ്രതിനിധി, ദമാം

Latest