Connect with us

Editorial

പഞ്ചാബിലെ ബി ജെ പി തകര്‍ച്ച സൂചന മാത്രം

Published

|

Last Updated

കര്‍ഷക സമരം ബി ജെ പിയുടെ അടിത്തറക്കു തന്നെ ഇളക്കം തട്ടിച്ചിരിക്കുന്നുവെന്നാണ് ഫെബ്രുവരി 14ന് നടന്ന പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ആളിക്കത്തുന്ന പശ്ചാത്തലത്തില്‍ എട്ട് കോര്‍പറേഷനുകളിലേക്കും 109 മുനിസിപ്പാലിറ്റികളിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി തകര്‍ന്നടിഞ്ഞു. നേരത്തേ ബി ജെ പിയുടെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദളിനും പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ ശക്തിക്ഷയം സംഭവിച്ചു. കോര്‍പറേഷനുകളില്‍ ഏഴും മുനിസിപ്പാലിറ്റികളില്‍ 101ഉം കോണ്‍ഗ്രസ് തൂത്തുവാരുകയായിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ നടക്കേണ്ടതായിരുന്നു പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പ്.

കൊവിഡ് 19 കാരണമാണ് നാല് മാസം താമസിച്ചത്. ശിരോമണി അകാലിദളും ബി ജെ പിയും സഖ്യത്തില്‍ മത്സരിച്ച 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 301 കോര്‍പറേഷന്‍ സീറ്റുകളില്‍ 167 ഇടത്തും സഖ്യമാണ് വിജയിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ വിജയം 68 സീറ്റുകളില്‍ മാത്രമായിരുന്നു. ഇത്തവണ 351 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 271 എണ്ണവും കോണ്‍ഗ്രസ് തൂത്തുവാരി. ശിരോമണി അകാലിദളിന് 33ഉം ആം ആദ്മിക്ക് ഒമ്പതും സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബി ജെ പിയുടെ വിജയം 20 സീറ്റിലൊതുങ്ങി. 2015ല്‍ മുനിസിപ്പല്‍ വാര്‍ഡുകളില്‍ 1,161 സീറ്റും നേടിയത് അകാലിദള്‍-ബി ജെ പി സഖ്യമായിരുന്നു. കോണ്‍ഗ്രസ് 253 എണ്ണത്തിലും. ഇത്തവണ കോണ്‍ഗ്രസ് 1,078 സീറ്റ് നേടി. ബി ജെ പി 12ല്‍ ഒതുങ്ങി. അകാലിദള്‍ 251, എ എ പി 50 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില. 375 ഇടങ്ങളില്‍ സ്വതന്ത്രരാണ് വിജയിച്ചത്. ബി ജെ പി ശക്തികേന്ദ്രങ്ങളായിരുന്ന പത്താന്‍കോട്ട്, ഹോഷിയാപ്പൂര്‍, ഫിറോസ്പൂര്‍, അമൃത്‌സര്‍, ഗുര്‍ദാസൂര്‍പുര്‍ എന്നിവിടങ്ങളില്‍ പോലും പാര്‍ട്ടിയുടെ നില ദയനീയമാണ്. നേരത്തേ പാര്‍ട്ടി ശക്തി തെളിയിച്ച റാഹോല്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ ഒരു വാര്‍ഡിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് അമ്പത് വോട്ട് പോലും തികക്കാനായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല ബി ജെ പി സ്ഥാനാര്‍ഥികളും സ്വതന്ത്ര ലേബലിലാണ് മത്സരിച്ചത്. എന്നിട്ടും രക്ഷപ്പെടാനായില്ല.

അകാലിദളിന്റെ നെടുംകോട്ടയായി അറിയപ്പെടുന്ന ഭട്ടിന്‍ഡ കോര്‍പറേഷനില്‍ 53 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുന്നത്. 50 സീറ്റുകളില്‍ 43 എണ്ണത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍, 2015ലെ തിരഞ്ഞെടുപ്പില്‍ അകാലിദളിന്റെ സഹായത്തോടെ എട്ട് സീറ്റ് നേടിയ ബി ജെ പിക്ക് ഇത്തവണ ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. മുന്‍ കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ എം പിയുമായ ഹര്‍സിമ്രത് ബാദല്‍ പ്രതിനിധാനം ചെയ്യുന്ന ഭട്ടിന്‍ഡ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് ഭട്ടിന്‍ഡ കോര്‍പറേഷന്‍. അകാലിദള്‍ അധ്യക്ഷന്‍ സുര്‍ബീര്‍ സിംഗിന്റെ ബന്ധുവായ കോണ്‍ഗ്രസിലെ മന്‍പ്രീത് സിംഗാണ് ഭട്ടിന്‍ഡ അര്‍ബന്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിക്കുകയും കര്‍ഷക സമരത്തെ തുടക്കം മുതലേ പിന്തുണക്കുകയും ചെയ്തതാണ് കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ വിജയത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.

കര്‍ഷക പ്രതിഷേധം മൂലം ബി ജെ പി നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു പഞ്ചാബില്‍. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പാര്‍ട്ടി പ്രയാസപ്പെട്ടു. ജനരോഷം ഭയന്ന് മത്സരിക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക് ഭയമായിരുന്നു. പ്രതിഷേധക്കാര്‍ തടയുമെന്ന ഭയത്താല്‍ നേതാക്കള്‍ക്ക് വാഹനങ്ങളില്‍ നിന്ന് പാര്‍ട്ടി പതാക നീക്കം ചെയ്യേണ്ടി വന്നു. പാര്‍ട്ടിയില്‍ നിന്ന് വന്‍തോതില്‍ കൊഴിഞ്ഞുപോക്കും നടന്നു. ബി ജെ പി കോര്‍കമ്മിറ്റിയിലെ മല്‍വീന്ദര്‍ അടക്കം നിരവധി പേര്‍ പാര്‍ട്ടി വിട്ടു. കര്‍ഷക രോഷം ഭയന്നാണ് ബി ജെ പിയുടെ സഖ്യകക്ഷിയായിരുന്ന അകാലിദള്‍ സഖ്യമുപേക്ഷിച്ചത്. കര്‍ഷക പ്രക്ഷോഭത്തിനിടെ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നുള്ള നിലപാടിലായിരുന്നു നേരത്തേ കര്‍ഷക നേതാക്കള്‍. രാഷ്ട്രീയമായും ജനാധിപത്യപരമായും ബി ജെ പിക്ക് തിരിച്ചടി നല്‍കാന്‍ കര്‍ഷകര്‍ക്കുള്ള അവസരമായി തിരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം ബുദ്ധിപരമായ നടപടിയല്ലെന്നും കോണ്‍ഗ്രസ് അടക്കം ചില ജനാധിപത്യ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ബഹിഷ്‌കരണ തീരുമാനം ഉപേക്ഷിച്ച് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ പിന്നീട് കര്‍ഷക സംഘടനകള്‍ സന്നദ്ധമായത്.

അടുത്ത വര്‍ഷം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിന്റെ ഫലപ്രാപ്തിയിലേക്കുള്ള സൂചനയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. പഞ്ചാബില്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലും കര്‍ഷക പ്രക്ഷോഭം ബി ജെ പിയുടെ ജനപിന്തുണയില്‍ സാരമായ ഇടിവ് സൃഷ്ടിക്കുന്നതിന്റെ സൂചനകള്‍ പ്രകടമാകുന്നുണ്ട്. ഇത് ബി ജെ പി നേതൃത്വത്തിനിടയില്‍ കനത്ത ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. കര്‍ഷകരില്‍ നിന്ന് ഒരു വിഭാഗം ഡല്‍ഹി വിട്ടെങ്കിലും കര്‍ഷക സമരത്തിന് ഇനിയും വീര്യം കുറഞ്ഞിട്ടില്ല. ഇന്നലെ നടന്ന തീവണ്ടി തടയലും കഴിഞ്ഞ വാരം നടന്ന വഴിതടയല്‍ സമരവും വന്‍ വിജയമായിരുന്നു. സമരത്തെ തെറ്റിദ്ധരിപ്പിക്കാനും അപകീര്‍ത്തിപ്പെടുത്താനും കേന്ദ്ര സര്‍ക്കാറും ബി ജെ പിയും സംഘ്പരിവാര്‍ മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങളെല്ലാം വിഫലമായി. മറ്റു ബഹുജന സംഘടനകളെ കൂടി സഹകരിപ്പിച്ച് പ്രക്ഷോഭം കൂടുതല്‍ തീവ്രമാക്കാനുള്ള തീരുമാനത്തിലാണ് കര്‍ഷക സംഘടനാ നേതാക്കള്‍.

പ്രക്ഷോഭത്തിന് ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചു വരികയാണിപ്പോള്‍ കര്‍ഷക സംഘടനകള്‍. എല്ലാറ്റിനും നല്ല ജനപങ്കാളിത്തം ലഭിച്ചു വരുന്നു. കൂടാതെ ഉത്തര്‍ പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പൊതുയോഗങ്ങളും നടന്നു വരുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക മേഖലയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ഗ്രാമങ്ങളിലെ കര്‍ഷകരെ കൂടുതലായി ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇതോടെ ബി ജെ പിയുടെ ജനപിന്തുണ കുത്തനെ ഇടിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Latest