Connect with us

Kerala

ലൈഫ് മിഷന്‍ പദ്ധതിക്കു കീഴില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

Published

|

Last Updated

തിരുവനന്തപുരം | ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് കമ്പനി രൂപവത്കരിക്കാനും സ്ത്രീകള്‍ക്കായി വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി. കൊവിഡ് സാഹചര്യം പരിഗണിച്ച് സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും (ബസ്) കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ലൈഫ് മിഷന്‍ പദ്ധതിക്കു കീഴില്‍ നിര്‍മിച്ച ഓരോ വീടിനും നാലു ലക്ഷം രൂപ വരെയാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുക. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് യുനൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുക. ആദ്യ മൂന്നു വര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. മൂന്നു വര്‍ഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷ്വറന്‍സ് പുതുക്കാം. ലൈഫ് മിഷനില്‍ മൂന്നാം ഘട്ടത്തിലേയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കുന്നതിന് ഹഡ്‌കോയില്‍ നിന്ന് 1500 കോടി രൂപ വായ്പ എടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

കിഫ്ബി വായ്പ ഉപയോഗിച്ച് പുതിയ ബസുകള്‍ നിരത്തിലിറക്കാനും ദീര്‍ഘദൂര സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനുമാണ് കെ എസ് ആര്‍ ടി സി-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപവത്കരിക്കാന്‍ തീരുമാനിച്ചത്. കെ എസ് ആര്‍ ടി സിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ചാകും ഇതിന്റെ പ്രവര്‍ത്തനം. ഹൈക്കോടതി വിധിപ്രകാരം പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാരെ പുനരധിവസിപ്പിക്കാന്‍ കൂടിയാണ് കമ്പനി രൂപവത്കരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

Latest