Connect with us

National

പഞ്ചാബില്‍ കോര്‍പറേഷനുകള്‍ തൂത്തുവാരി കോണ്‍ഗ്രസ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ തിരിച്ചടി

Published

|

Last Updated

ചണ്ഡിഗഡ് | പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏഴ് കോര്‍പറേഷനുകളും തൂത്തുവാരി കോണ്‍ഗ്രസ്. മോഗ, ഹോഷിയാര്‍പൂര്‍, കപൂര്‍തല, അബോഹര്‍, പത്താന്‍കോട്ട്, ബടാല, ഭട്ടിന്‍ഡ കോര്‍പറേഷനുകളാണ് കോണ്‍ഗ്രസ് തൂത്തുവാരിയത്. ഇതില്‍ ഭട്ടിന്‍ഡയില്‍ 53 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് മേയര്‍ ഭരിക്കുന്നത്.

മൊഹാലി കോര്‍പറേഷന്‍ ഫലം നാളെയാണ് വരിക. കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച് എന്‍ ഡി എ സഖ്യം വിട്ട ശിരോമണി അകാലി ദള്‍ (എസ് എ ഡി) നേതാവ് ഹര്‍സിമ്രത് ബാദല്‍ ആണ് ഭട്ടിന്‍ഡ ലോക്‌സഭാംഗം. നഗരങ്ങളാണ് തങ്ങളുടെ വോട്ട്‌ബേങ്കെന്ന് അവകാശപ്പെടുന്ന ബി ജെ പിക്ക് വന്‍ തിരിച്ചടിയാണ് കോര്‍പറേഷനുകളിലെ വന്‍ പരാജയം.

109 മുനിസിപ്പല്‍ കൗണ്‍സില്‍, നഗര്‍ പഞ്ചായത്ത്, ഏഴ് കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന ഫെബ്രുവരി 14നായിരുന്നു. 71.39 ശതമാനമായിരുന്നു പോളിംഗ്. കേന്ദ്രം നടപ്പാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും കനത്ത രോഷം നിലനില്‍ക്കുമ്പോഴായിരുന്നു പഞ്ചാബിലെ തിരഞ്ഞെടുപ്പ്.

ആദ്യഫല സൂചനകളില്‍ ശിരോമണി അകാലിദളായിരുന്നു മുന്നില്‍. അതേസമയം, ശക്തി കേന്ദ്രങ്ങളില്‍ പോലും ആദ്യഘട്ടത്തിൽ തന്നെ ബി ജെ പി ദയനീയമായി പിന്നിലേക്ക് പോയി.

Latest