Connect with us

National

ഗുലാം നബിയെ വേണ്ടാത്ത കോൺഗ്രസ്; ഗുലാം നബിക്ക് വേണ്ടാത്ത ബിജെപി

Published

|

Last Updated

കാലാവധി പൂർത്തിയാക്കിയ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് രാജ്യസഭയിൽ യാത്രയയപ്പ് നൽകിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതുമ്പിയതും കണ്ണീർ തുടയ്ക്കുന്നതുമെല്ലാം വലിയ വാർത്തയായിരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദിന്റെ മറുപടിയും ഏറെ ശ്രദ്ധ നേടി. പിന്നാലെ ഗുലാം നബി ബി ജെ പി യിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. ഈ പ്രചാരണത്തിന് ഗുലാം നബി ആസാദ് നൽകിയ മറുപടിയാണ് പുതിയ വാർത്ത. കാശ്‌മീരിൽ കറുത്ത മഞ്ഞ് പെയ്യുന്ന അന്ന് മാത്രമായിരിക്കും ഞാൻ ബി ജെ പിയിൽ ചേരുക എന്ന് അദ്ദേഹം അസന്ദിഗ്ധമായി പറഞ്ഞു വെച്ചു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം.

ഗുലാം നബി ആസാദിനെ പ്രധാനമന്ത്രി കണ്ണീരോടെ യാത്രയാക്കിയതും കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഇടക്കാലത്തുണ്ടായ അദ്ദേഹത്തിന്റെ അഭിപ്രായ വ്യത്യാസങ്ങളുമാണ് അഭ്യൂഹത്തിന് ശക്തി പകർന്നത്. കോൺഗ്രസ്സിന് വേണ്ടി മാത്രം ജീവിച്ച മരിക്കും വരെ കോൺഗ്രസുകാരനായിരിക്കുമെന്ന് സംശയമേതുമില്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്ന ഗുലാം നബി ആസാദിന്റെ ചില പ്രയോഗങ്ങളും പരിഭവങ്ങളും ഓർത്തുനോക്കുന്നത് ഇപ്പോൾ പ്രസ്തക്തമാകുമെന്നാണ് കരുതുന്നത്.

മോദിയുടെ കണ്ണീരണിഞ്ഞ പ്രസംഗത്തിന് ഗുലാം നബി ആസാദിന്റെ മറുപടി തന്നെയെടുക്കാം ആദ്യം.
ദേശസ്നേഹത്തിന്റെ അർഥമുൾക്കൊണ്ട വാചകങ്ങളായിരുന്നു അത്‌. ഹിന്ദുസ്ഥാനി മുസ്ലിമായതിൽ ഞാൻ അഭിമാനിക്കുന്നു. പാകിസ്താനിലെ സാഹചര്യങ്ങളെ കുറിച്ച് പലവട്ടം വായിച്ചിട്ടുണ്ട്. അവിടെ പോകാത്തത്‌ ഭാഗ്യമായാണ് കാണുന്നത്. വിതുമ്പിക്കൊണ്ടാണ് വിടവാങ്ങൽ പ്രസംഗം അദ്ദേഹത്തിന് അവസാനിപ്പിക്കാനായത്.

അടുത്തത് പരിഭവത്തിന്റെയും സങ്കടത്തിന്റെയും രംഗമാണ്. 2018 ഒക്ടോബർ 17 ഒരു ബുധനാഴ്‌ച്ച. അലിഗഢ് യൂനിവേഴ്സിറ്റിയിൽ നടന്ന പൂർവ്വവിദ്യാർഥികളുടെ സംഗമത്തിൽ ഗുലാം നബി ആസാദ് സംസാരിക്കുന്നു. മുസ്ലിം ആയതിന്റെ പേരിൽ കോൺഗ്രസിൽ നിന്നും അവഗണ അനുഭവിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ വെളിപ്പെടുത്തൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന കാലം മുതൽ രാജ്യത്തുടനീളം തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിരുന്നു ഞാൻ. പ്രചാരണത്തിനായി വിളിച്ചിരുന്നവരിൽ 95 ശതമാനവും ഹിന്ദു സഹോദരങ്ങളായിരുന്നു. കഴിഞ്ഞ നാല് വർഷമായി അത്‌ 20 ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഞാൻ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയാൽ ഹിന്ദുവോട്ടുകൾ നഷ്ടപ്പെടുമെന്നാണ് കോൺഗ്രസ് നേതാക്കൾ ഭയക്കുന്നത്. കോൺഗ്രസിനും പൊതുബോധത്തിനും നേരെ എറിഞ്ഞ ചാട്ടുളിയായിരുന്നു ഗുലാം നബി ആസാദിന്റെ ഈ വെളിപ്പെടുത്തൽ.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയപ്പോൾ ബി ജെ പി സർക്കാരിന്റെ വാദങ്ങൾക്ക് ശക്തമായ ഭാഷയിൽ പ്രതിരോധം തീർത്ത, വിവാദ പൗരത്വ നിയമം ഉൾപ്പടെ ജനാധിപത്യത്തിനെതിരെ യുള്ള ഫാസിസ്റ്റ് നടപടികളിൽ പ്രതിപക്ഷത്തിന്റെ മൂർച്ചയുള്ള നാവായിരുന്ന ഗുലാം നബി പുതിയ പ്രസ്താവനയിലൂടെ തന്റെ ജനാധിപത്യ ബോധത്തിന്റെ തിളക്കം കൂട്ടുകയാണ്. ഭരണകേന്ദ്രങ്ങളിൽ
എന്നാൽ അദ്ദേഹം അലിഗഢിൽ നടത്തിയ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടോ അദ്ദേഹത്തെ പരിഹസിച്ചെത്തിയ ബി ജെ പിയെ പ്രതിരോധിച്ചുകൊണ്ടോ ഒരാൾ പ്രത്യക്ഷപ്പെടാതിരുന്നത് നിരാശാജനകമായ ഭാവിയിലേക്കുള്ള സൂചനയാണ്. ആത്മവിചിന്തനം മാർഗം തെളിക്കട്ടെ എന്ന് മാത്രം ഇപ്പോൾ പറയാം.

adilpalode786@gmail.com