Connect with us

Ongoing News

വിസ്മയിപ്പിച്ച് അസ്ഹറുദ്ദീൻ; അഭിനന്ദനവുമായി മുഖ്യമന്ത്രിയും

Published

|

Last Updated

മുംബൈ | ഒറ്റ രാത്രിക്കൊണ്ട് സൂപ്പർ ഹീറോയായി മാറിയ കാസർകോട്ടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീന് അഭിനന്ദന പ്രവാഹം. സയ്യിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ടൂർണമെൻ്റിൽ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച് കേരളത്തിന്റെ അഭിമാനമായി മാറിയ മുഹമ്മദ് അസ്ഹറുദ്ദീന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം.

വളരെ കുറച്ചു പന്തുകൾ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു സാധിക്കട്ടെ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു-മുഖ്യമന്ത്രി പറഞ്ഞു.

54 പന്തില്‍ 137 റണ്‍സ് നേടിയ അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ബാറ്റിങാണ് കേരളത്തിന് മുംബൈയ്‌ക്കെതിരെ അനായാസ വിജയം സമ്മാനിച്ചത്. 37 പന്തിലായിരുന്നു അസ്ഹറുദ്ദീന്റെ സെഞ്ച്വുറി. മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വുറിയാണിത്. 31 പന്തില്‍ സെഞ്ച്വുറി നേടിയ ഋഷഭ് പന്ത് മാത്രമാണ് അസ്ഹറിന്റെ മുന്നിലെത്തിയത്. ഒമ്പത് ഫോറും 11 സിക്‌സറും അടങ്ങുന്നതായിരുന്നു അസ്ഹറുദ്ദീന്റെ ഇന്നിംഗ്സ്.

കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനോടാണ് കാസര്‍കോട്ടുകാരനായ അസ്ഹറുദ്ദീനെ താരതമ്യം ചെയ്തത്. അതിനിടെ അസ്ഹറുദ്ദീന് 1,37,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തി.

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനായി മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള അസ്ഹറിന്റെ ട്വന്റി 20 യിലെ സൂപ്പർ പെർഫോമൻസ് ഇതാദ്യമായാണ്. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ കളിയോടുള്ള ആരാധന കൊണ്ടായിരുന്നു എട്ട് മക്കളിൽ ഇളയവന് അതേ പേരിട്ടത്.

പത്താം വയസ്സിൽ തളങ്കര താസ് ക്ലബ്ബിലൂടെ ക്രിക്കറ്റിലേക്ക് പിച്ചവെച്ച അസ്ഹർ തൊട്ടടുത്ത വർഷം തന്നെ  അണ്ടർ 13 ജില്ലാ ടീമിലെത്തി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ അസ്ഹർ പിന്നീട് ജില്ലാ ടീമിന്റെ നായകനായി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ  കോട്ടയം ജില്ലയിലെ മുത്തോലിയിലെ കെ സി എ അക്കാദമിയിൽ പരിശീലനം ആരംഭിച്ചു.  മാന്നാനം സെന്റ് എഫ്രേംസ് അക്കാദമിയിൽ നിന്ന് ക്രിക്കറ്റ് പരിശീലനത്തിനൊപ്പം എസ് എസ് എൽ സി പൂർത്തിയാക്കി. തുടർന്ന് കൊച്ചി തേവര എസ്എച്ച് സ്കൂളിലെ പ്ലസ്ടു പഠനത്തിനും ബിരുധ പഠനത്തിനും സേഷം കെസിഎയുടെ കൊച്ചി അക്കാദമിയിൽ കോച്ച് ബിജു മോന് കീഴിൽ പരിശീലനം നടത്തി.

2013ൽ അണ്ടർ 19 കേരള ടീമിലെത്തി. തമിഴ്നാടിനെതിരെ അരങ്ങേറ്റ മത്സരത്തിൽ നേരിട്ട ആദ്യ പന്തുതന്നെ സികസ്ർ പറത്തി വരവറിയിച്ചു. തുടർന്ന് അണ്ടർ 23 ടീമിനായി കളിച്ച്  സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015 നവംബർ 14നു ഗോവയ്ക്കെതിരെയായിരുന്നു ആദ്യ രഞ്ജി മത്സരം.  ഇന്നിങ്സ് വിജയം നേടിയ ആ മത്സരത്തിനു ശേഷം കേരള ടീമിന്റെ അവിഭാജ്യ ഘടകമായി അസ്ഹർ മാറുകയായിരുന്നു.

Latest