Connect with us

Ongoing News

സൂപ്പർ സൺഡേയിൽ ഗോളടി മേളം; ജാംഷഡ്പൂരിനെ തകർത്ത് ഗംഭീര തിരിച്ചുവരവുമായി ബ്ലാസ്റ്റേഴ്സ്

Published

|

Last Updated

മഡ്ഗാവ് | ഗോൾമഴ പെയ്ത ഐ എസ് എല്ലിലെ 54ാം മത്സരത്തില്‍ ജാംഷഡ്പൂര്‍ എഫ് സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മഞ്ഞപ്പടയുടെ ജയം. 67ാം മിനുട്ടിൽ പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ഗംഭീര ആക്രമണം നടത്തിയ മഞ്ഞപ്പട അതിന് ശേഷമാണ് രണ്ട് ഗോളുകൾ നേടിയത്. കോസ്റ്റ നമോയ്‌നിസു, ജോർദാൻ മുറെ എന്നിവരാണ് ഗോളുകൾ നേടിയത്. മുറെ രണ്ട് ഗോളുകൾ നേടി.

ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു. 22ാം മിനുട്ടില്‍ കോസ്റ്റ നമോയ്‌നിസുവിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ആണ് സ്‌കോര്‍ ബോര്‍ഡ് തുറന്നത്. അധികം വൈകാതെ 36ാം മിനുട്ടില്‍ നെരിയസ് വല്‍സ്‌കിസ് ജാംഷഡ്പൂരിന് വേണ്ടി സമനില ഗോള്‍ നേടി.

ഫൗളോടുകൂടിയായിരുന്നു കളി തുടങ്ങിയത്. ഒന്നാം മിനുട്ടില്‍ ഗാരി ഹൂപറിന്റെ ജഴ്‌സി അയ്‌തോര്‍ മോണ്‍റോയ് പിടിച്ചുവലിക്കുകയും ബ്ലാസ്റ്റേഴ്‌സിന് ഫ്രീകിക്ക് ലഭിക്കുകയും ചെയ്തു. 12ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച മികച്ച അവസരം ജോര്‍ദാന്‍ മുറെ പാഴാക്കി.

ഫകുന്ദോ പെരേരയുടെ അസിസ്റ്റിലാണ് 22ാം മിനുട്ടില്‍ കോസ്റ്റ ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. സീസണിലെ കോസ്റ്റയുടെ ഗോള്‍ കൂടിയാണിത്. 24ാം മിനുട്ടില്‍ നെരിയസ് വാല്‍സ്‌കിസിന്റെ ഗോളടി ശ്രമം ബ്ലാസ്‌റ്റേഴ്‌സിന്റെ ആല്‍ബിനോ ഗോമസ് പരാജയപ്പെടുത്തി. എന്നാല്‍ 36ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് വാല്‍സ്‌കിസ് ബ്ലാസ്റ്റേഴ്‌സിന്റെ വലയിലെത്തിച്ച് പകരം വീട്ടി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്‌റ്റേഴ്‌സിന്റെ മുറേയുടെ പോയിന്റ് ബ്ലാങ്ക് ഹെഡര്‍ ജാംഷഡ്പൂരിന്റെ ഗോളി ടി പി രഹനേഷ് തടഞ്ഞു.

67ാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ ലാറുവത്താറക്ക് പുറത്തുപോകേണ്ടി വന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് പത്ത് പേരിലേക്ക് ചുരുങ്ങി. 49ാം മിനുട്ടിലാണ് താരത്തിന് ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നത്. 73ാം മിനുട്ടില്‍ ഗാരി ഹൂപറിന് പകരം രോഹിത് കുമാറിനെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കി. 79, 82 മിനുട്ടുകളിലായിരുന്നു മുറെയുടെ എണ്ണം പറഞ്ഞ ഗോളുകൾ.

84ാം മിനുട്ടിൽ വാൽസ്കിസ് ജാംഷഡ്പൂരിന് വേണ്ടി രണ്ടാം ഗോൾ നേടി. മത്സരത്തിലെ താരം നേടുന്ന രണ്ടാം ഗോളായിരുന്നു ഇത്. അവസാന മിനുട്ടുകളിൽ രണ്ട് തവണ പകരക്കാരെ ഇറക്കിയെങ്കിലും സമനില ഗോൾ നേടാൻ ജാംഷഡ്പൂരിന് സാധിച്ചില്ല. നിശ്ചിത സമയം പൂർത്തിയായപ്പോൾ റഫറി എൽ അജിത്കുമാർ മീടെയ് ആറ് മിനുട്ട് ഇൻജുറി സമയം നൽകിയെങ്കിലും ഗോളുകൾ പിറന്നില്ല. അധിക സമയത്ത് മുറേ ഹാട്രിക് ശ്രമം നടത്തിയിരുന്നു. എന്നാൽ ജാംഷഡ്പൂർ ഗോളി രഹ്നേഷ് തടഞ്ഞു.

 

Latest