Connect with us

Gulf

ഖത്തര്‍ അതിര്‍ത്തി തുറക്കാന്‍ സഊദിയെ പ്രേരിപ്പിച്ചത് നീണ്ട മധ്യസ്ഥ ശ്രമങ്ങള്‍

Published

|

Last Updated

റിയാദ് |  മൂന്ന് വര്‍ഷത്തിലധികമായി തുടരുന്ന ഉപരോധങ്ങള്‍ അവസാനിപ്പിച്ച് ഖത്തര്‍ അതിര്‍ത്തി തുറക്കാന്‍ സഊദി അറേബ്യയെ പ്രേരിപ്പിച്ചത് അമേരിക്കയുടേയും കുവൈത്തിന്റേയും നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍. തുറന്ന വ്യോമതിര്‍ത്തി വഴി ജി സി സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സഊദിയിലെത്തുന്നത് ഗള്‍ഫ് മേഖലയില്‍ സൗഹൃദത്തിന്റെ ഒരു പുതിയ നാഴികകല്ലാകും.
അമേരിക്കയില്‍ അധികാരത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഊദിഃ ഖത്തര്‍ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയിരുന്നു. കൂടാതെ ജി സി സി അംഗ രാജ്യമായ കുവൈത്തും ഈ വിഷയത്തില്‍ ട്രംപിനോട് കൈകോര്‍ത്തു. ഇതോടെ അതിര്‍ത്തികള്‍ തുറക്കാന്‍ സമ്മതിച്ച സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഖത്തര്‍ അമീറിനെ ഉച്ചകോടിക്ക് ക്ഷണിച്ചു. ജി സി സി സെക്രട്ടറി ജനറല്‍ ഡോ. നെയ്ഫ് ഫലാങ് അല്‍ ഹജ്‌റാഫാണ് സഊദി രാജാവിന്റെ ക്ഷണപത്രം ഖത്തര്‍ അമീറിന് നേരിട്ട് കൈമാറിയത്. പുതിയ തീരുമാനത്തോടെ ഉച്ചകോടിയില്‍ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര, നയതന്ത്ര ബന്ധങ്ങളെല്ലാം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

2017 ജൂണ്‍ അഞ്ചിനാണ് ഖത്തര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപിച്ച് സഊദി ഉപരോധം തുടങ്ങിയത്. തുടര്‍ന്ന് യു എ ഇ, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു.

 

Latest