Connect with us

National

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

Published

|

Last Updated

ഫയൽ ചിത്രം

ശ്രീനഗര്‍ | ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ജവാന്മാര്‍ക്ക് വീരമൃത്യു. ഒരു ബിഎസ്ഇഫ് ജവാന്‍ ഉള്‍പ്പെടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ആര്‍മി ഓഫീസറുമാണ് വീരമൃത്യുവരിച്ചത്. ജമ്മുകാശ്മീരിലെ കുപ് വാര ജില്ലയില്‍ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിടെയാണ് ആക്രമണമുണ്ടായത്. മൂന്ന് തീവ്രവാദികളെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിന് ശേഷം കാശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണ് ഞായറാഴ്ച നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നിയന്ത്രണ രേഖയില്‍ ആളനക്കം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സൈനികര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് ജീവന്‍ നഷ്ടമായി. മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തു. ഏറ്റുമുട്ടല്‍ പുലര്‍ച്ചെ നാല് മണിക്കാണ് അവസാനിച്ചത്.

പിന്നീട് രാവിലെ 10.20ഓടെ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പെട്ടതോടെ സൈന്യം വീണ്ടും തിരച്ചില്‍ നടത്തി. ഇതേ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്‍ക്കും ഒരു ആര്‍മി ഓഫീസര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണ രേഖക്ക് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

Latest